Top

കാത്തിരുപ്പിന് അവസാനം; രണ്ടര പതിറ്റാണ്ടിനു ശേഷം ആ കിരീടം അര്‍ജന്റീനയിലേക്ക്, മാറക്കാനയില്‍ ഒടുവില്‍ മെസിയുടെ വിജയസ്മിതം

റൊസാരിയോയിലെ മുത്തശിമാര്‍ക്ക് ഇനി പഴങ്കഥ പാടേണ്ടതില്ല, മാറക്കാനയില്‍ നിന്ന് ഒരിക്കല്‍ക്കൂടി കണ്ണീരുമായി ഫുട്‌ബോളിന്റെ മിശിഹയ്ക്കു മടങ്ങേണ്ടി വന്നില്ല, മനുഷ്യനില്‍ ദൈവത്തിന്റെ കരങ്ങള്‍ തുന്നിപ്പിടിപ്പിച്ചവന്‍ ആകാശത്തു നിന്നു അനുഗ്രഹങ്ങള്‍ ചൊരിച്ചപ്പോള്‍ ലയണല്‍ ആന്ദ്രെ മെസി ലാറ്റിനമേരിക്കയുടെ കിരീടമുയര്‍ത്തി. 1993 മുതലുള്ള നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ലയണല്‍ സ്‌കലോണിയുടെ പരിശീലനത്തില്‍, ലയണല്‍ മെസിയുടെ നായകത്വത്തില്‍ അര്‍ജന്റീന കോപ്പാ അമേരിക്ക ഫുട്‌ബോള്‍ കിരീടം ചൂടി. അഞ്ചു തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ അവരുടെ മണ്ണില്‍, അവരുടെ വിഖ്യാതമായ കളിമുറ്റത്ത് ഏകപക്ഷീയമായ ഒരു […]

10 July 2021 9:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാത്തിരുപ്പിന് അവസാനം; രണ്ടര പതിറ്റാണ്ടിനു ശേഷം ആ കിരീടം അര്‍ജന്റീനയിലേക്ക്, മാറക്കാനയില്‍ ഒടുവില്‍ മെസിയുടെ വിജയസ്മിതം
X

റൊസാരിയോയിലെ മുത്തശിമാര്‍ക്ക് ഇനി പഴങ്കഥ പാടേണ്ടതില്ല, മാറക്കാനയില്‍ നിന്ന് ഒരിക്കല്‍ക്കൂടി കണ്ണീരുമായി ഫുട്‌ബോളിന്റെ മിശിഹയ്ക്കു മടങ്ങേണ്ടി വന്നില്ല, മനുഷ്യനില്‍ ദൈവത്തിന്റെ കരങ്ങള്‍ തുന്നിപ്പിടിപ്പിച്ചവന്‍ ആകാശത്തു നിന്നു അനുഗ്രഹങ്ങള്‍ ചൊരിച്ചപ്പോള്‍ ലയണല്‍ ആന്ദ്രെ മെസി ലാറ്റിനമേരിക്കയുടെ കിരീടമുയര്‍ത്തി.

1993 മുതലുള്ള നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ലയണല്‍ സ്‌കലോണിയുടെ പരിശീലനത്തില്‍, ലയണല്‍ മെസിയുടെ നായകത്വത്തില്‍ അര്‍ജന്റീന കോപ്പാ അമേരിക്ക ഫുട്‌ബോള്‍ കിരീടം ചൂടി. അഞ്ചു തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ അവരുടെ മണ്ണില്‍, അവരുടെ വിഖ്യാതമായ കളിമുറ്റത്ത് ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ചായിരുന്നു അര്‍ജന്റീനയുടെ വിജയസ്മിതം.

മത്സരത്തിന്റെ 22-ാം മിനിറ്റില്‍ ഒരു മിന്നുന്ന കൗണ്ടര്‍ അറ്റാക്കിലൂടെ എയ്ഞ്ചല്‍ ഡി മരിയയാണ് അവരുടെ വിജയഗോള്‍ നേടി കാവല്‍ മാലാഖയായത്. ബ്രസീലിയന്‍ സമ്മര്‍ദ്ദങ്ങളെ സമര്‍ത്ഥമായി തടുത്തിട്ട ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസും പ്രതിരോധനിരയും അര്‍ജന്റീന്‍ വിജയം ഉറപ്പാക്കി കാവല്‍ നിന്നു.

2014-ല്‍ ലോകകിരീടത്തിനായുള്ള ഫൈനലിനൊടുവില്‍ മാറക്കാനയില്‍ നിന്നു കണ്ണീരോടെ മടങ്ങിയ അര്‍ജന്റീനയായിരുന്നില്ല ഇന്നലെ. മെല്ലെത്തുടങ്ങിയ കളിയില്‍ ബ്രസീലിയന്‍ തന്ത്രങ്ങളെ കൃത്യമായ ഗെയിം പ്ലാനോടെ നേരിടുകയായിരുന്നു അവര്‍. ബ്രസീലിന്റെ ആക്രമണങ്ങളെ സമര്‍ഥമായി ചെറുക്കുകയും മിന്നുന്ന കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തുകയും ചെയ്ത അവര്‍ 22-ാം മിനിറ്റില്‍ തന്നെ നിര്‍ണായകമായ ലീഡ് നേടി.

മെല്ലെത്തുടങ്ങിയ കളിയില്‍ ബ്രസീലാണ് പന്ത് കൈവശം വച്ചതും കൈയ്യാങ്കളി തുടങ്ങിയതും. എട്ടാം മിനിറ്റില്‍ തന്നെ മഞ്ഞക്കാര്‍ഡ് വാങ്ങി പരുക്കനടവ് പുറത്തെടുത്ത ബ്രസീലിനെതിരേ പതിഞ്ഞ അടവാണ് അര്‍ജന്റീന പുറത്തെടുത്തത്. പന്തടക്കമെന്ന പതിവ് തന്ത്രം കൈവിട്ട ആല്‍ബിസെലസ്‌റ്റെകള്‍ കിട്ടുന്ന അവസരങ്ങളില്‍ എതിര്‍ബോക്‌സിലേക്ക് പന്തെത്തിക്കാനാണ് ശ്രമിച്ചത്.

22-ാം മിനിറ്റില്‍ തന്നെ അതിന് ഫലവും ലഭിച്ചു. ഒരു ബ്രസീലിയന്‍ ആക്രമണം ചെറുത്ത പ്രതിരോധനിരയാണ് ഗോളിന് വഴിയൊരുക്കിയത്. പന്ത് റിക്കവര്‍ ഴചെയ്ത് ഞൊടിയിടയില്‍ സ്വന്തം ഹാഫില്‍ നിന്ന് മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ തൊടുത്ത ഒരു ഡയഗണല്‍ ലോങ് ബോള്‍ ബ്രസീല്‍ ബോക്‌സിനു പുറത്ത് വലതുവശത്ത് താഴ്ന്നിറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ ഒരു മാലഖയെപ്പോലെ ഡി മരിയയുണ്ടായിരുന്നു.

ബ്രസീല്‍ ഒരുക്കിയ ഓഫ്‌സൈഡ് കെണി മറികടന്നു പന്ത് നിയന്ത്രിച്ചെടുത്ത ഡി മരിയ മുന്നോട്ടിറങ്ങി വന്ന ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണിനു മുകളിലൂടെ മനോഹരമായി പന്ത് ചിപ്പ് ചെയ്തിട്ടു. സ്‌കോര്‍ 1-0. 2018 ലോകകപ്പിനു ശേഷം ഡി മരിയ നീലയും വെള്ളയും ജഴ്‌സിയില്‍ നേടിയ ആദ്യ ഗോള്‍! ഈ കോപ്പയില്‍ മറ്റെല്ലാ മത്സരങ്ങളിലും ഡി മരിയയെ പകരക്കാരനായി ഇറക്കിയ കോച്ച് സ്‌കലോണി ഫൈനലില്‍ നടത്തിയ ചൂതാട്ടം അങ്ങനെ ഫലംകണ്ടു.

ലീഡ് നേടിയതോടെ പ്രതിരോധം ശക്തമാക്കിയ അര്‍ജന്റീന പിന്നീട് ബ്രസീലിന് അവസരങ്ങള്‍ നല്‍കിയതേയില്ല. ശക്തമായി സമ്മര്‍ദ്ദം ചെലുത്തിയ ബ്രസീലിയന്‍ മുന്നേറ്റ നിരയുടെ ആക്രമണങ്ങയെല്ലാം ബോക്‌സിനു പുറത്തുവച്ചു തന്നെ ക്ലിയര്‍ ചെയ്യാന്‍ അവര്‍ക്കായി.

ബോക്‌സിലേക്ക് കടന്ന പന്തുകളെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റിയന്‍ റൊമേറോ നയിച്ച പ്രതിരോധ നിര സമര്‍ഥമായി തടുത്തു. ഗോണ്‍സാലോ മൊണ്‍ഡിയേല്‍-റൊമേറോ-നിക്കോളാസ് ഒട്ടാമെന്‍ഡി-മാര്‍ക്കോസ് അക്യുന എന്നിവരടങ്ങിയ പ്രതിരോധനിര പരാജയപ്പെട്ടപ്പോഴെല്ലാം ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് അവരുടെ രക്ഷകനായി.

ഗോളെന്നുറച്ച രണ്ടു ഷോട്ടുകളാണ് സെമിഫൈനലില്‍ ഹീറോയായ മാര്‍ട്ടിനസ് ഫൈനലില്‍ തടുത്തിട്ടത്. ഇതിനിടെ ഒരു തവണ മാര്‍ട്ടിനസിനെയും കീഴടക്കി ബ്രസീല്‍ അര്‍ജന്റീന വലയില്‍ പന്തെത്തിച്ചെങ്കിലും റിച്ചാര്‍ലിസണിനെ സമര്‍ഥമായി ഓഫ്‌സൈഡ് കെണിയില്‍ കുരുക്കിയ അര്‍ജന്റീന കോട്ടകാത്തു.

ഗോള്‍ വഴങ്ങിയ ശേഷം ആദ്യ പകുതിയില്‍ നല്ലൊരവസരവും സൃഷ്ടിക്കാന്‍ കഴിയാതെ പോയ ബ്രസീല്‍ പക്ഷേ രണ്ടാം പകുതിയില്‍ ശക്തമായ ആക്രമണമാണ് നടത്തിയത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ഫ്രെഡിനെ മാറ്റി റോബര്‍ട്ടോ ഫിര്‍മിനോയെ ഇറക്കിയ ബ്രസീല്‍ നിരന്തരം അര്‍ജന്റീന്‍ പ്രതിരോധത്തെ പരീക്ഷിച്ചു.

എന്നാല്‍ കീഴടങ്ങാന്‍ അര്‍ജന്റീന്‍ പ്രതിരോധം ഒരുക്കമായിരുന്നില്ല. എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ച അര്‍ജന്റീന പ്രതിരോധനിരയ്ക്കിടയില്‍പ്പെട്ട് സാംബാ താളം പിഴച്ചു. 89-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി മത്സരം ഉറപ്പിക്കാന്‍ അര്‍ജന്റീനയ്ക്ക് സുവര്‍ണാവസരം ലഭിച്ചതാണ്. എന്നാല്‍ ഡി പോള്‍ നല്‍കിയ പാസില്‍ ആറു വാരയകലെ നിന്ന് ഗോള്‍കീപ്പര്‍ എഡേഴ്‌സണിനെ മാത്രം മറികടന്നാല്‍ മതിയെന്നിരിക്കെ സാക്ഷാല്‍ മെസിക്ക് പിഴച്ചു. ദുര്‍ബലമായ ഫസ്റ്റ്് ടച്ചിനൊടുവില്‍ മെസിയുടെ കാലില്‍ നിന്ന് എഡേഴ്‌സണ്‍ പന്ത് റാഞ്ചി ബ്രസീലിന് ആയുസ് നീട്ടി.

പക്ഷേ ആ പിഴവിന് വലിയ വിലകൊടുക്കേണ്ടി വന്നില്ല. ശേഷിച്ച മിനിറ്റുകളിലും ഇളകാതെ നിലകൊണ്ട പ്രതിരോധനിരയുടെ വാഴ്ത്തുപാട്ടുകള്‍ ഇനി റൊസാരിയോ തെരുവുകളില്‍ ഉയര്‍ന്നു കേള്‍ക്കാം… 2021 കോപ്പാ അമേരിക്ക കിരീടം അര്‍ജന്റീനയ്ക്ക്.

Next Story

Popular Stories