Top

ഇക്വഡോറിനെ തകര്‍ത്ത് അര്‍ജന്റീന, ഷൂട്ടൗട്ടില്‍ കൊളംബിയ; കോപ്പയിലും ഇനി സെമിപോരാട്ടം

കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലും ഇനി സെമി ഫൈനല്‍ പോരാട്ടം. ഇക്വഡോറിനെ തകര്‍ത്ത് അര്‍ജന്റീനയും ഷൂട്ടൗട്ടില്‍ യുറുഗ്വായെ വീഴ്ത്തി കൊളംബിയയും സെമിയിലേക്കു മാര്‍ച്ച് ചെയ്തു. ഇന്നു രാവിലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി കളം നിറഞ്ഞ നായകന്‍ ലയണല്‍ മെസിയായിരുന്നു അര്‍ജന്റീനയുടെ കരുത്തായത്. മെസിക്കു പുറമേ റോഡ്രിഗോ ഡി പോള്‍, ലൗതാരോ മാര്‍ട്ടിനസ് എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ തന്നെ അവര്‍ ഒരു ഗോളിന് […]

3 July 2021 9:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇക്വഡോറിനെ തകര്‍ത്ത് അര്‍ജന്റീന, ഷൂട്ടൗട്ടില്‍ കൊളംബിയ; കോപ്പയിലും ഇനി സെമിപോരാട്ടം
X

കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലും ഇനി സെമി ഫൈനല്‍ പോരാട്ടം. ഇക്വഡോറിനെ തകര്‍ത്ത് അര്‍ജന്റീനയും ഷൂട്ടൗട്ടില്‍ യുറുഗ്വായെ വീഴ്ത്തി കൊളംബിയയും സെമിയിലേക്കു മാര്‍ച്ച് ചെയ്തു. ഇന്നു രാവിലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി കളം നിറഞ്ഞ നായകന്‍ ലയണല്‍ മെസിയായിരുന്നു അര്‍ജന്റീനയുടെ കരുത്തായത്. മെസിക്കു പുറമേ റോഡ്രിഗോ ഡി പോള്‍, ലൗതാരോ മാര്‍ട്ടിനസ് എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്.

ആദ്യ പകുതിയില്‍ തന്നെ അവര്‍ ഒരു ഗോളിന് മുന്നിലെത്തിയിരുന്നു. മെസിയുടെ പാസില്‍ നിന്ന് 40-ാം മിനിറ്റില്‍ ഡി പോളാണ് ലക്ഷ്യം കണ്ടത്. ഈ ലീഡില്‍ ആദ്യപകുതി അവസാനിപ്പിച്ച അര്‍ജന്റീന രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി നേടി. 84-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയുമായി ചേര്‍ന്ന് മെസി നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് കിട്ടിയത് മാര്‍ട്ടിനസിന്. പിഴവില്ലാതെ താരം അതു വലയിലാക്കുകയും ചെയ്തു. മത്സരത്തിന്റെ അവസാന മിനിറ്റില്‍ ഡി മരിയയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കിയാണ് മെസി പട്ടിക തികച്ചത്.

നേരത്തെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവിലാണ് യുറുഗ്വായെ വീഴ്ത്തി കൊളംബിയ മുന്നേറിയത്. 90 മിനിറ്റും ഗോള്‍രഹിതമായതിനേത്തുടര്‍ന്നു നടന്ന ഷൂട്ടൗട്ടില്‍ രണ്ടു മികച്ച സേവുകളുമായി ഗോള്‍കീപ്പര്‍ ഡേവിഡ് ഓസ്പിനയാണ് കൊളംബിയയുടെ രക്ഷകനായത്.

ഷൂട്ടൗട്ടില്‍ കൊളംബിയക്കായി സപാറ്റ, ഡേവിസന്‍ സാഞ്ചസ്, യൂരി മിന, എയ്ഞ്ചല്‍ ബോര്‍ഹ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഉറുഗ്വായ്ക്കു വേണ്ടി ലൂയിസ് സുവാരസദിനും എഡിന്‍സണ്‍ കവാനിക്കും മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. ഹിമനെസ്, നിക്കോളാസ് വിന എന്നിവരുടെ കിക്കുകള്‍ ഓസ്പിന തടുത്തിട്ട് കൊളംബിയക്ക് സെമിയിലേക്ക് ടിക്കറ്റ് വാങ്ങിക്കൊടുത്തു.

Next Story

Popular Stories