ആറന്മുളയിൽ തെളിയുന്ന ചിത്രം ആരുടേത് ?; ജനഹിതമറിയാൻ വീണ ജോർജ്ജും ശിവദാസന്‍ നായരും ബിജു മാത്യുവും
2016-ല്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചത് പുതുമുഖ സ്ഥാനാര്‍ഥിയായിരുന്ന മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത് തദ്ദേശതെരഞ്ഞെടുപ്പിലെ മുന്‍തൂക്കമാണ്.
3 April 2021 6:18 AM GMT
അനുപമ ശ്രീദേവി

പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ നിയോജകമണ്ഡലമായ ആറന്മുള എല്‍ഡിഎഫ്-യുഡിഎഫ്-എന്‍ഡിഎ മുന്നണികള്‍ക്ക് ഒരുപോലെ വേരോട്ടമുള്ള മണ്ഡലമാണ്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായി ആറന്മുള കണക്കാക്കപ്പെട്ടിരുന്നെങ്കിലും 1991-നുശേഷം ഇരുമുന്നണികള്‍ക്കൊപ്പം മാറി മാറി നില്ക്കുന്ന മനസ്സാണ് മണ്ഡലത്തിന്റേത്. നിലവില്‍ സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റായ മണ്ഡലം 2016-ല്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചത് പുതുമുഖ സ്ഥാനാര്‍ഥിയായിരുന്ന മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജായിരുന്നു. 2021 തെരഞ്ഞെടുപ്പെത്തുമ്പോള്‍ ആ തോല്‍വിയില്‍ നിന്ന് കരകയറാനുറച്ചിറങ്ങുന്ന കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത് തദ്ദേശതെരഞ്ഞെടുപ്പിലെ മുന്‍തൂക്കമാണ്. എന്നാലതിനെ മറികടക്കാന്‍ വീണാ ജോര്‍ജിനെ തന്നെ എല്‍ഡിഎഫ് മണ്ഡലത്തില്‍ രണ്ടാമങ്കത്തിന് ഒരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ജില്ലയിലെ എ പ്ലസ് മണ്ഡലത്തിലേക്ക് ബിജെപിക്കും വലിയ പ്രതീക്ഷയാണുള്ളത്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ സാമുദായിക പരിഗണനയ്ക്ക് വലിയ പങ്കുള്ള മണ്ഡലത്തില്‍ മാറിമറിഞ്ഞിരിക്കുന്ന സമവാക്യങ്ങളാണ് വിധി പറയാനിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിലെ പത്തനംതിട്ട മുനിസിപ്പാലിറ്റിയും ആറന്മുള, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂര്‍ പഞ്ചായത്തുകളും, തിരുവല്ല താലൂക്കിലെ ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളും ചേര്‍ന്ന നിയമസഭാ മണ്ഡലമാണ് ആറന്മുള. 1957-ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി എന്‍ സി വാസുദേവനെ പിന്തള്ളി കോണ്‍ഗ്രസിന്റെ മാലേത്ത് ഗോപിനാഥന് പിള്ള വിജയിച്ച ശ്രദ്ധേയമായ തെരഞ്ഞെടുപ്പിലൂടെയാണ് മണ്ഡലത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അന്ന് എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭന് കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥികളെ പിന്തുണക്കുകയും ജില്ലയിലെ സമീപ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനെ കൈവിടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചുകൊണ്ടുള്ള മണ്ഡലത്തിന്റെ തുടക്കം.
1960-ലും സിപിഐ സ്ഥാനാര്‍ഥി ആര് ഗോപാലകൃഷ്ണ പിള്ളയെ പരാജയപ്പെടുത്തി അദ്ദേഹം വിജയം ആവര്‍ത്തിച്ചു. തുടര്‍ന്ന് 1965-ല്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍ ഭാസ്കരന് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1967-ല്‍ ഇടതുപക്ഷത്തായിരുന്ന സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി പി എന്‍ ചന്ദ്രസേനന് കോണ്‍ഗ്രസിന്റെ കെ വി നായരെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചു. തുടര്‍ന്ന് 1970-ല്‍ ഇടത് സ്വതന്ത്രനായി മത്സരിച്ചപ്പോഴും പി എന്‍ ചന്ദ്രശേഖരന് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ടി എന്‍ ഉപേന്ദ്രനാഥ കുറുപ്പിനെ പിന്തള്ളി മണ്ഡലം ഇടതുപക്ഷത്ത് നിലനിര്‍ത്തി.
എന്നാല്‍ 1977-ല്‍ മൂന്നാമങ്കത്തിനെത്തിയ ചന്ദ്രസേനന് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് എം കെ ഹേമചന്ദ്രനനോട് പരാജയപ്പെടേണ്ടിവന്നു. 1980-ലും കോണ്‍ഗ്രസ് നിലനിര്‍ത്തിയ മണ്ഡലത്തില്‍ 1982ലും 1987ലും വിജയമാവര്‍ത്തിച്ച് കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ഥി കെ കെ ശ്രീനിവാസന് ഹാട്രിക് വിജയം നേടി. പിന്നീട് 1991 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികളെയും ആറന്മുള മാറി മാറി തെരഞ്ഞെടുത്തു.
1991-ല്‍ യുഡിഎഫ് മുന്നണിയിലെ എന്ഡിപിയോടൊപ്പം നിന്ന ആര് രാമചന്ദ്രനെ തെരഞ്ഞെടുത്ത മണ്ഡലം അതോടെ യുഡിഎഫ് ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടെങ്കിലും 1996-ല്‍ ഇടത് സ്വതന്ത്രനായ പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണനെ വിജയിപ്പിച്ച ആറന്മുള വീണ്ടും കോണ്‍ഗ്രസിനെ കൈവിട്ടു. പ്രമുഖ സിഎംപി നേതാവ് എം വി രാഘവനായിരുന്നു അന്ന് മണ്ഡലത്തിലെ പ്രധാന എതിരാളി. 2001-ല്‍ കോണ്‍ഗ്രസിന്റെ മാലേത്ത് സരളാദേവി സിപിഐഎം സ്ഥാനാര്‍ഥി എ പത്മകുമാറിനെ 4125 വോട്ടുകള്‍ക്ക് പിന്തള്ളി വിജയിച്ചു.
2006-ല്‍ സിപിഎമ്മിന്റെ കെ സി രാജഗോപാല്‍ 14620 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തില്‍ മണ്ഡലം ഇടതുപക്ഷത്തെത്തിച്ചപ്പോള് സ്വതന്ത്ര സ്ഥാനാര്‍ഥിയായി കെ ആര് രാജപ്പന്റെ ഒപ്പം ഡിഐസി സ്ഥാനാര്‍ത്ഥിയായി മാലേത്ത് സരളാദേവി മത്സരിച്ചത് യുഡിഎഫിന് തിരിച്ചടിയായി. അന്ന് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ കെ ആര് രാജപ്പന് 19387 വോട്ടുകള്‍ നേടിയപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന മാലേത്ത് സരളാദേവിക്ക് 8244 വോട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് 2011-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. കെ ശിവദാസന്‍ നായര്‍ സിറ്റിംഗ് എംഎല്‍എ കെ സി രാജഗോപാലിനെ 6511 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മണ്ഡലം വീണ്ടും വലതുപക്ഷത്തെത്തിച്ചു.
എന്നാല്‍ 2016-ലെ തെരഞ്ഞെടുപ്പില്‍ ആ വിജയമാവര്ത്തിക്കപ്പെട്ടില്ല. ഇടത് പുതുമുഖ സ്ഥാനാര്‍ഥിയായി ആറന്മുളയിലെത്തിയ മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജ്, ശിവദാസന്‍ നായരെ 7646 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി മണ്ഡലം പിടിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരായിരുന്നു അന്ന് പരാജയ കാരണമായി എടുത്തുകാട്ടപ്പെട്ടിരുന്നത്.
ഏതായാലും 2021 തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കങ്ങളില്ലാതെ തന്നെ വീണാ ജോര്‍ജിനെ എല്‍ഡിഎഫ് ഉറപ്പിച്ചിരിക്കുകയാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് വലിയ പ്രാധാന്യമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലേതുപോലെ ഇടതു വോട്ടുകള്‍ക്കൊപ്പം ഓര്‍ത്തഡോക്സ് വോട്ടുകളും ഏകീകരിക്കപ്പെടുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. ഓര്‍ത്തഡോക്സ് വിഭാഗക്കാരിയായ വീണ സഭാവോട്ടുകള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം എംഎല്‍എയുടെ നേതൃത്വത്തിലെ പ്രളയകാല പ്രവര്‍ത്തനങ്ങളും വികസനവും വിജയമാവര്‍ത്തിക്കാന്‍ സഹായിക്കുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ കൂടി പിന്‍ബലത്തില്‍ പത്തനംതിട്ടയിലെ നാല് മണ്ഡലങ്ങളും നേടാന്‍ കഴിഞ്ഞപ്പോള്‍ സിറ്റിംഗ് മണ്ഡലം 865 വോട്ടുകള്‍ക്ക് എല്‍ഡിഎഫിന് നഷ്ടമായിരുന്നു.
അതുകൊണ്ടു തന്നെ മണ്ഡലത്തില്‍ അട്ടിമറി വിജയത്തിന് സാധ്യതകള്‍ തുറന്നിരിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ നിരീക്ഷണം.സഭാതര്ക്കമടക്കം മാറ്റിമറിച്ച രാഷ്ട്രീയ കാലാവസ്ഥയില്‍ സാമുദായിക സമവാക്യങ്ങള്‍ ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം. അതുകൊണ്ടു തന്നെ എ ഗ്രൂപ്പ്- നായര്‍ സമവാക്യങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ മുന്‍ എംഎല്‍എ ശിവദാസന്‍ നായര്‍ തന്നെയാണ് കോണ്‍ഗ്രസ്സിന് വേണ്ടി മത്സരിക്കുന്നത്.
ഓര്‍ത്തഡോക്സ് വിഭാഗക്കാരിയാണെങ്കിലും കഴിഞ്ഞ തവണ എല്ലാ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുമുള്ള പിന്തുണ വീണാ ജോര്‍ജിന് കിട്ടിയിട്ടിരുന്നെങ്കില് ഇത്തവണ യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം നിലനിര്‍ക്കുന്നതിനാല്‍ യാക്കോബായ വിശ്വാസികളുടെ പിന്തുണ മണ്ഡലത്തില്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു. ഇതെല്ലാം തങ്ങൾക്ക് അനുകൂല ഘടകമാകുമെന്ന് യുഡിഎഫ് കണക്കാക്കുന്നു.
തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തിലും മണ്ഡലത്തില്‍ കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പവും ഗ്രാമപഞ്ചായത്തില്‍ മുന്‍തൂക്കവും യുഡിഎഫിനുണ്ട്. എന്നാല്‍ ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. 865 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫിന് മണ്ഡലത്തിലുള്ളത്. നാലു പഞ്ചായത്തുകള്‍ എല്‍ഡിഎഫിനും ആറന്മുള, ഇലന്തൂര്‍, ഓമല്ലൂര്‍ എന്നീ മുന്ന് പഞ്ചായത്തുകള്‍ യുഡിഎഫിന് ലഭിച്ചു. 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ മണ്ഡലം പിന്തുണച്ചപ്പോള്‍ 6593 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്. ഒരുകാലത്ത് ശക്തമായിരുന്ന പത്തനംതിട്ട ജില്ലയില്‍ നിലവില്‍ ഒരുമണ്ഡലം പോലും യുഡിഎഫിനില്ല.
പത്തനംതിട്ട ജില്ലയില്‍ ബിജെപി ഏറ്റവും ശക്തമായ മണ്ഡലമാണ് ആറന്മുള. എന്‍ഡിഎ മുന്നണിയുടെ എ പ്ലസ് മണ്ഡലമായ ആറന്മുളയില് ഇത്തവണ സ്ഥാനാർത്ഥിയാകുന്നത് ബിജു മാത്യു ആണ്. എല്ലാവരിലേക്കും വികസനം എത്തിക്കുക എന്ന ആശയമാണ് തങ്ങൾ മുന്നോട്ടു വെക്കുന്നത് എന്നും അതിനായി സ്വയം പര്യാപ്തത കൈവരിക്കാൻ വ്യക്തികളെ ഒരുക്കുക എന്നതാണ് ലക്ഷ്യം എന്നും ബിജു മാത്യു പറയുന്നു.