‘എ ആർ റഹ്‌മാന്റെ ആത്മീയ ഗുരുവാണ് അമ്മ’; സംവിധായകൻ രാജീവ് മേനോൻ പറയുന്നു

എആര്‍ റഹ്മാന്‍ എന്ന സംഗീത പ്രതിഭയെ ലോകത്തിന് ലഭിക്കാന്‍ കാരണം അദ്ദേഹത്തിന്റെ മാതാവായ കരീമാ ബീഗമാണ്. അച്ഛന്റെ മരണ ശേഷം റഹ്മാനും കുടുംബവും അനുഭവിച്ച ബുദ്ധിമുട്ടുകളില്‍ തളരാതെ പിടിച്ച് നില്‍ക്കാന്‍ കാരണമായത് ആ അമ്മ തന്നെയായിരുന്നു. മതം മാറ്റത്തില്‍ പോലും മകനോടൊപ്പം നിന്ന അമ്മയാണ് ഇപ്പോള്‍ വിടവാങ്ങിയിരിക്കുന്നത്. സംഗീതത്തില്‍ അമ്മക്കുണ്ടായിരുന്ന താല്‍പര്യം തന്നെയാണ് കഷ്ടതകള്‍ക്കിടയിലും സംഗീത പഠനം തുടരാന്‍ റഹ്മാന് പ്രേരണയായത്.

എ ആർ റഹ്‌മാന്റെ അമ്മയായ കരീമാ ബീഗവുമായുള്ള അനുഭവത്തെക്കുറിച്ച് സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ കേരളകൗമുദിയ്ക്കു വേണ്ടി നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സാധാരണ അമ്മ മകൻ ബന്ധമായിരുന്നില്ല ഇരുവരും തമ്മിൽ ഉണ്ടായിരുന്നതെന്നും എ ആർ റഹ്‌മാന്റെ ആത്മീയ പ്രചോദനമായിരുന്നു കരീമാ ബീഗമെന്നും രാജീവ് മേനോൻ പറഞ്ഞു.

രാജീവ് മേനോന്റെ വാക്കുകൾ:

‘എ.ആർ റഹ്‌മാന്റെ അമ്മയുമായിട്ട് വളരെ നല്ല അടുപ്പമായിരുന്നു. ഉയിരെ പാട്ട് ഷൂട്ട് ചെയ്യാൻ പോയപ്പോൾ ബേക്കൽ കോട്ടയിൽ വീണ് എനിക്ക് പരിക്ക് പറ്റിയിരുന്നു. മൂക്കിൽ മൂന്ന് സ്‌റ്റിച്ചൊക്കെ ഇടേണ്ടി വന്നു. അന്ന് ആന്റി വന്ന് എന്തോ പ്രാർത്ഥിച്ച് ചുവന്ന ചരട് എനിക്ക് കെട്ടിത്തന്നു. മകനെ പോല തന്നെയാണ് എന്നെയും ആന്റി കണ്ടത്. എനിക്കും എആറിനും ഒരുപാട് കാര്യങ്ങളിൽ സാമ്യതകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിന്നിലുള്ള സ്‌പിരിച്വൽ ഫോഴ്‌സ്, ഇൻഡസ്‌ട്രിയിൽ റഹ്മാനെ കൊണ്ട് വർക്ക് ചെയ്യിക്കണം എന്നൊക്കെയുള്ള മോട്ടിവേഷണൽ ഫോഴ്‌സ് അമ്മയായിരുന്നു. നോർമൽ അമ്മ-മകൻ ബന്ധമായിരുന്നില്ല ഇരുവരും തമ്മിൽ. ബിസിനസ് മാനേജർ പ്ളസ് സ്‌പിരിച്വൽ ഗുരു കൂടിയായിരുന്നു റഹ്മാന് അമ്മ’.

ചെന്നൈയില്‍ വെച്ച് വാര്‍ദ്ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കരീമാ ബീഗം അന്തരിച്ചത്. റഹ്മാന്‍ തന്റെ ട്വിറ്ററില്‍ കരീമയുടെ ചിത്രം പങ്കുവെച്ചാണ് മരണ വാര്‍ത്ത അറിയിച്ചത്. അച്ഛന്റെ മരണ ശേഷം അദ്ദേഹത്തിന്റെ സംഗീത ഉപകരണങ്ങള്‍ വാടകയ്ക്ക് കൊടുത്ത് ജീവിതം പുലര്‍ത്തിയിരുന്ന കരീമ ആരൊക്കെ നിര്‍ബന്ധിച്ചിട്ടും അവ വില്‍ക്കാന്‍ തയ്യാറായിരുന്നില്ല. തന്റെ മകന് വേണ്ടി അവ മാറ്റിവെക്കാന്‍ ബുദ്ധിമുട്ടുകള്‍ക്കിടയിവും കരീമ ശ്രദ്ധിച്ചു. സംഗീത ഉപകരണങ്ങള്‍ വില്‍ക്കാന്‍ ഉപദേശിച്ചവരോട് അത് നോക്കാന്‍ എന്റെ മകനുണ്ടെന്ന മറുപടിയായിരുന്നു കരീമാ ബീഗം നല്‍കിയിരുന്നത്.

Latest News