പ്രവാസികളുടെ മക്കള്‍ക്കായുള്ള നോര്‍ക്ക സ്കോളര്‍ഷിപ്പ്; അപേക്ഷ മാര്‍ച്ച് ആറിനകം നല്‍കണം, കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രവാസി മലയാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്ക്കുന്ന നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പിനായി ഇപ്പോള്‍ അപേക്ഷിക്കാം. ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയവര്‍ക്കും ഇപ്പോള്‍ വിദേശത്തുള്ളവര്ക്കുമാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്.
ബിരുദാനന്തര ബിരുദ കോഴ്സുകള്‍ (എം എ, എം എസ് സി, എം കോം), പ്രൊഫഷണല്‍ കോഴ്സുകളായ എംബിബിഎസ്സ്, ബിഡിഎസ്സ്, ബിഎച്ച്എംഎസ്സ്, ബിഎഎംഎസ്സ്, ബിഫാം, ബിഎസ്സി നഴ്സിംഗ്, ബിഎസ്സി എംഎല്‍റ്റി, എംബിഎ, എംസിഎ, എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചര്‍, വെറ്ററിനറി എന്നീ കോഴ്സുകള്‍ 2020-21 അധ്യായന വര്‍ഷം ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്.
ഇ സി ആര് വിഭാഗത്തില്‍പ്പെട്ട അവിദഗ്ദ്ധ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവരുടെ മക്കള്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. തിരികെ നാട്ടിലെത്തിയവരുടെ വാര്‍ഷിക വരുമാനം ഒന്നര ലക്ഷത്തിലധികമാകാന്‍ പാടില്ല. വിദേശത്തുള്ള പ്രവാസികള്‍ക്ക് നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണം എന്ന നിബന്ധനയുമുണ്ട്.
ഏത് കോഴ്സാണോ പഠിക്കുന്നത് അതുമായി ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. പിജി കോഴ്സുകള്‍ക്ക് പഠിക്കുന്നവരില്‍ ബിരുദത്തിന് സയന്‍സ് വിഷയങ്ങള്‍ക്ക് 75 ശതമാനത്തിന് മുകളിലും, ആര്‍ട്ട്സ് വിഷയങ്ങള്‍ക്ക് 60 ശതമാനത്തിന് മുകളിലും മാര്‍ക്ക് ലഭിച്ചിരിക്കണം. ഇവര്‍ക്കാവും സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടാവുകയുള്ളു. പ്രൊഫഷണല്‍ ബിരുദ കോഴ്സിന് പഠിക്കുന്നവര്‍ പ്ലസ്ടുവിനു 75 ശതമാനം മാര്‍ക്കിന് മുകളിലും നേടിയിരിക്കണം. റെഗുലര്‍ കോഴ്സിന് പഠിക്കുന്നവരായിരിക്കണം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടതെന്നുംനിര്ദ്ദേശത്തില് പറയുന്നു.
കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കുമാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. അപേക്ഷാ ഫോറം നോര്‍ക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.org ല്‍ ലഭ്യമാകും.
അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ മാര്‍ച്ച് ആറിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ് , മൂന്നാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം -695014 വിലാസത്തിലേക്കാണ് അയക്കേണ്ടത്. വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ്കോള് സേവനം) ലഭിക്കും.