Top

ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സ്റ്റേ റദ്ദാക്കണം; സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സർക്കാരിനും, മുഖ്യമന്ത്രിയ്ക്കും, മന്ത്രിമാർക്കും എതിരായി മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം നിയമവിരുദ്ധമെന്ന ഇഡി വാദം കണക്കിലെടുത്തായിരുന്നു കോടതി ഉത്തരവ്.

7 July 2021 2:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സ്റ്റേ റദ്ദാക്കണം; സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
X

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ക്രൈംബ്രാഞ്ച് അന്വേഷണം നിയമപരമെന്നും, അന്വേഷണത്തിന് എതിരായ സ്റ്റേ ഉത്തരവ് നീക്കണമെന്നുമാണ്‌ സർക്കാർ ആവശ്യം.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സർക്കാരിനും, മുഖ്യമന്ത്രിയ്ക്കും, മന്ത്രിമാർക്കും എതിരായി മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം നിയമവിരുദ്ധമെന്ന ഇഡി വാദം കണക്കിലെടുത്തായിരുന്നു കോടതി ഉത്തരവ്. എന്നാൽ ക്രൈം ബ്രാഞ്ച് എഫ്ഐആർ റദ്ദാക്കിയത് നിയമ വിരുദ്ധമെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

ഇഡിക്കെതിരായ ആരോപണത്തിൽ പോലീസ് പരിശോധന അനിവാര്യമെന്നാണ് സർക്കാർ വാദം. സർക്കാരിനെ അട്ടിമറിക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിച്ചതെന്നും ഇത് ഗുരുതര സാഹചര്യമാണെന്നും അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഐപിസി സെക്ഷൻ 195 എ പ്രകാരം അന്വേഷണം വഴിതിരിച്ചുവിടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്ന് പരാതി ഉണ്ടായാൽ അവർക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നും അതാണ് ക്രൈംബ്രാഞ്ച് ചെയ്തെന്നും സർക്കാർ പറയുന്നു. കേസിലെ പ്രധാന പ്രതി സ്വപ്നയുടെ ശബ്ദരേഖ ഇഡി ഉദ്യോഗസ്ഥർക്ക് എതിരെ ഉണ്ടെന്നും സർക്കാർ കോടതിയെ അറിച്ചു. ഇതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് എതിരെയുള്ള സിംഗിൾ ബഞ്ചിൻ്റെ സ്റ്റേ ഉത്തരവ് നീക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

Next Story