വിഎസിനെ ഒതുക്കിയാല്‍ അങ്ങനെ ഒതുങ്ങുന്ന വ്യക്തിയല്ല: അപ്പാനി ശരത്
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ല. പക്ഷെ സിനിമയില്‍ ഒരു രാഷ്ട്രീയക്കാരന്റെ വേഷം ചെയ്യാന്‍ താത്പര്യമുണ്ട്. രാഷ്ട്രീയ സിനിമയില്‍ ലാല്‍സലാമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. കോളേജ് പഠന കാലം മുതലെ വ്യക്തമായൊരു രാഷ്ട്രീയമുണ്ട്. എസ്എഫ്ഐക്ക് വേണ്ടി നിരവധി തെരുവ് നാടകങ്ങളും രാഷ്ട്രീയ നാടകങ്ങളുമെല്ലാം കളിച്ചിട്ടുണ്ടെന്ന് നടന് അപ്പാനി ശരത്ത്.
റിപ്പോര്‍ട്ടര്‍ ടിവിയുടെ വോട്ട് പടം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. പ്രചരണത്തിനായി ഒരു നാടകക്കാരനെന്ന നിലയില്‍ ഇതൊക്കെയാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ എലക്ക്ഷനെന്ന് പറയുമ്പോള്‍ ഓര്‍മ്മ വരുന്നത് ഇതെല്ലാമാണെന്നും താരം പറഞ്ഞു.
പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. പ്രളയം, നിപ്പ ഇപ്പോള്‍ കൊവിഡും. ഇതില്‍ ഏത് പ്രതിസന്ധിയിലും ജനങ്ങള്‍ക്കൊപ്പം ചെറുത്ത് നില്ക്കുന്ന ഒരു സര്‍ക്കാരാണ് നിലവില്‍ കേരളത്തിലുള്ളതെന്ന് അപ്പാനി ശരത്ത് അഭിപ്രായപ്പെട്ടു. തന്റെ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ നേതാവിനെ പറ്റിയും താരം സംസാരിച്ചു.
വി എസ് സഖാവാണ് എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട മുഖ്യമന്ത്രി. ഞാന്‍ അദ്ദേഹത്തോടൊപ്പം ഒരു വേദി പങ്കിട്ടുണ്ട്. അത് വലിയൊരു ഭാഗ്യമായി ഞാന്‍ കാണുന്നു. രാഷ്ട്രീയത്തിന് അപ്പുറത്ത് വി എസ്സ് എന്നൊരു വ്യക്തിയുണ്ട്. അദ്ദേഹം നടന്നു വന്ന വഴികളും അതില്‍ പ്രധാനമാണ്. അതിനാല്‍ തന്നെ ഒതുക്കിയാല്‍ ഒതുങ്ങുന്ന വ്യക്തിയുമല്ല വിഎസ്.
അപ്പാനി ശരത്ത്
ഒരു കലാകാരനെന്ന നിലയില്‍ കൊവിഡ് കാലം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. സിനിമയില്‍ വന്നിട്ട് വെറും മൂന്ന് വര്‍ഷമായ താന്‍ ഇപ്പോഴും തുടക്കകാരന് തന്നെയാണ്. പഠിച്ചതും അഭിനയം തന്നെ. അഭിനയമല്ലാതെ മറ്റൊരു തൊഴിലും വശമില്ല. അതുകൊണ്ട് ഒരു വര്‍ഷം പണിയൊന്നുമില്ലാതെ ഇരിക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. പിന്നെ ലോക്ക്ഡൗണിന് ശേഷം സിനിമകള്‍ വരാന്‍ തുടങ്ങിയെന്ന് താരം പറഞ്ഞു.
സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് തോന്നിയിട്ടില്ല. നമുക്ക് കഴിവുണ്ടെങ്കില്‍ കുറച്ച് വൈകിയാണെങ്കിലും അവസരങ്ങള്‍ നമ്മെ തേടിയെത്തും. കഴിവും പ്രേക്ഷകരുടെ സപ്പോര്‍ട്ടുമാണ് സിനിമയില്‍ വേണ്ടതെന്നും അപ്പാനി ശരത്ത് അഭിപ്രായപ്പെട്ടു.