Covaxin Row

വാക്‌സിനെ വിശ്വസിക്കണമെങ്കിൽ സർക്കാർ ആദ്യം വിശ്വാസ്യത തെളിയിക്കണം

ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചും (ഐസിഎംആര്‍) ഭാരത് ബയോടെക്കും ചേര്‍ന്ന് നിര്‍മ്മിച്ച ഇന്ത്യയുടെ സ്വദേശി വാക്‌സിന്‍ കോ വാക്‌സിന്റെ തിടുക്കപ്പെട്ടുള്ള അംഗീകാരത്തില്‍ സംശയമുയര്‍ത്തുന്നവര്‍ ലജ്ജിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ശാസ്ത്രവിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് മാത്രമല്ല സര്‍ക്കാരിനെ വിശ്വസിക്കൂ എന്ന് ആ സ്വരം വികാരനിര്‍ഭരമായി അപേക്ഷിക്കുന്നു- ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കാന്‍ വരെ സാധ്യതയുള്ള ഒന്നിനെ അത്ര നിസ്സാരമായി കണ്ടെന്നപോലെ.

നിലവിലെ ഭരണത്തോട് നമുക്ക് വിമുഖയുണ്ടെങ്കില്‍ തന്നെയും കുറഞ്ഞത് ഇന്ത്യയിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും ഡോക്ടര്‍മാരോടും ശാസ്ത്രജ്ഞരോടുമെങ്കിലും അല്‍പം ബഹുമാനം കാണിച്ചുകൂടെ എന്നാണ് അവരുടെ ചോദ്യം.

അസ്വഭാവികമാം വേഗത്തില്‍ വാക്‌സിന് അനുമതി കൊടുത്ത സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത അഖിലേഷ് യാദവിനും കോണ്‍ഗ്രസ് പാർട്ടിക്കും ഇത്തരത്തില്‍ വിമർശനങ്ങളുടെ കൂരമ്പുകളേറ്റു. ഇവിടെ അഖിലേഷ് യാദവ് മുന്നോട്ടുവെച്ച പ്രസ്താവനയുടെ ഉദ്ദേശം അവ്യക്തമായിരുന്നെന്ന് സമ്മതിക്കാമെങ്കിലും ഈ സര്‍ക്കാരിനാല്‍ പ്രചരിപ്പിക്കപ്പെടുന്ന വാക്‌സിനോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പിലെ കാര്യമാത്രപ്രസക്തമായ ഭാഗത്തോട് മനപൂര്‍വ്വമായ കണ്ണടക്കലാണുണ്ടാകുന്നത്.

അദ്ദേഹം ഒരു രാഷ്ട്രീയ നേതാവും അതിലുപരി ഇന്ത്യന്‍ ജനതയുടെ പ്രതിനിധിയുമാണ്. അതുകൊണ്ടുതന്നെ എല്ലാ അര്‍ഥത്തിലും സര്‍ക്കാരിന്റെ തീരുമാനങ്ങളെയും നയങ്ങളെയും നിരീക്ഷണ വിധേയമാക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിനെന്നല്ല, രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സര്‍ക്കാരിന്റെ അവകാശവാദങ്ങളെ പരിശോധിക്കാനവകാശമുണ്ട്.

എന്താണ് അഖിലേഷ് യാദവ് പറയുന്നത്?

ഇതുവരെയുള്ള ചരിത്രമനുസരിച്ച് യാതൊരുവിധ സജ്ജീകരണങ്ങളില്ലാതെയും തീരുമാനം നേരിട്ടുബാധിക്കുന്ന ജനങ്ങളുടെ പങ്കാളിത്തമില്ലാതെയുമാണ് സര്‍ക്കാര്‍ അവരുടെ തീരുമാനങ്ങള്‍ നടപ്പിലാക്കിയിട്ടുള്ളത്. രാഷ്ട്രീയപരവും സാമൂഹികവും സാമ്പത്തികവുമായ അത്തരം അനേകം തീരുമാനങ്ങള്‍ കോട്ടം വരുത്തിയത് പൗരന്മാരുടെ ജീവിതങ്ങളിലും വേദനയുണ്ടാക്കിയത് അവരുടെ താത്പര്യങ്ങളിലുമാണ്. ആ സര്‍ക്കാരിന്റെ വാക്കുകളെ അപ്പാടെ വിശ്വസിച്ച് മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടുണ്ട്- പ്രത്യേകിച്ച് വിഷയം ആരോഗ്യമാകുമ്പോഴെന്നാണ് അഖിലേഷ് യാദവ് പറയുന്നത്.

തങ്ങളെ വിശ്വസിക്കണമെന്നും തീരുമാനങ്ങള്‍ക്ക് ഒരവസരം നല്‍കണമെന്നുമുള്ള പതിവ് പല്ലവിയാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. കാർഷിക നിയമങ്ങളില്‍ എന്തായിരുന്നോ സര്‍ക്കാര്‍ വാദം അതുതന്നെ ഇവിടെയും – രണ്ട് വര്‍ഷം നല്‍കൂ എന്നിട്ട് വരുന്നത് കാണാമെന്ന്! ഇത്തരമൊരു യുക്തി ഈ വിഷയത്തില്‍ പാലിക്കാനാകില്ലെന്ന് പറയാന്‍ അഖിലേഷ് യാദവിന് അവകാശമില്ലെന്നാണോ!

Won't get vaccinated since I don't trust BJP's vaccine: Akhilesh Yadav

കൊവിഡ് 19: സര്‍ക്കാര്‍ നല്‍കുന്ന സന്ദേശമെന്ത്

വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരെ വിശ്വസിക്കണമെന്നാണ് ആവശ്യം. എങ്കിൽ പ്രശസ്‌ത വാക്‌സിന്‍ ഗവേഷക ഡോ ഗഗന്‍ദീപ് കാങിന്റെ വാക്കുകള്‍ക്ക് ശ്രദ്ധകൊടുക്കാം. അവര്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയോ സര്‍ക്കാരിനെ വിമര്‍ശിക്കണമെന്ന നിര്‍ബന്ധമുള്ള ഒരാളോ അല്ല. പകരം ലോകം ആദരിക്കുന്ന ഒരു വിദഗ്ദയാണ്. ആ വൈദഗ്ദ്യത്തോടെ, തികച്ചും ആധികാരികതയോടെയാണ് വാക്‌സിന്‍ വിഷയത്തിലെ സര്‍ക്കാരിന്റെ വാദങ്ങളിലും തീരുമാനങ്ങളിലും അവര്‍ തന്റെ ആശയക്കുഴപ്പം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ആ വാക്കുകളെ നാം ഗൗരവമായി സ്വീകരിക്കേണ്ടതും സര്‍ക്കാരിനോട് ആവശ്യമായ ചോദ്യങ്ങളുന്നയിക്കുകയും വേണം.

കൊവിഡ് വാക്‌സിന്‍ ആത്യന്തികമായി സുരക്ഷിതമായി പുറത്തുവന്നേക്കാം എന്നതുകൊണ്ട് ഇന്നുയരുന്ന വിമര്‍ശനങ്ങളെല്ലാം അനാവശ്യമാണെന്ന് പറയാനാകില്ല. ജീവന്‍- മരണ വിഷയങ്ങളില്‍ സർക്കാരിരില്‍ നിന്നുണ്ടാകുന്ന മുന്‍വിചാരമില്ലാത്ത സമീപനങ്ങളാണ്‌ വിഷയം. ഇവിടെ സര്‍ക്കാര്‍ എന്നത് ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ഉള്‍പ്പെടുന്നതാണ്‌.

അസാധാരണ സാഹചര്യങ്ങള്‍ അസാധാരണ തീരുമാനങ്ങള്‍ ആവശ്യപ്പെടുന്നു എന്ന പ്രയോഗം ഇപ്പോഴൊരു ശീലമായി മാറിയിരിക്കുന്നു. സർക്കാരിന് എന്തും ചെയ്യാനുള്ള സർവ്വാധികാരം കൽപിച്ചുനൽകുന്ന ഇത് ഒന്നിലും ഉത്തരവാദിമേല്‍ക്കേണ്ടതില്ലാത്ത യജമാനനാക്കി അവരെ മാറ്റുന്നു.

അതെ, തീര്‍ച്ചയായും നമ്മുടെ സര്‍ക്കാരിലും പൊലീസിലും ഡോക്ടര്‍മാരിലും ശാസ്ത്രജ്ഞരിലും വിശ്വാസമുണ്ടായിക്കേണ്ടവരാണ് നമ്മള്‍. ആദര്‍ശപരമായി ഭരണഘടനയോടും സമാന വ്യവസ്ഥകളോടും ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ് സർക്കാർ സംവിധാനങ്ങളെന്ന് നമ്മള്‍ വിശ്വസിക്കുന്നു. സര്‍ക്കാരുമായി ഒരു കൈയ്യകലം പാലിക്കേണ്ടവരാണ്‌ അവര്‍. എന്നാൽ ജനങ്ങളുടെ വിശ്വാസവും ആദരവും പിടിച്ചുപറ്റാന്‍ ഡോ ഫോസിയെപ്പോലെയാകാന്‍ അവർക്ക് സാധിക്കേണ്ടതുണ്ട്‌. ഡൊണാൾഡ് ട്രംപിനെ ഇരുത്തിക്കൊണ്ട് തന്നെ കൊവിഡ് 19 സംബന്ധിച്ച് അദ്ദേഹമുയര്‍ത്തിയ അവകാശവാദങ്ങളെല്ലാം തെറ്റായിരുന്നെന്ന് അമേരിക്കന്‍ ജനതയോട് വിളിച്ചുപറയാന്‍ ഡോ ഫോസി കാണിച്ച ധൈര്യമാണ് അദ്ദേഹത്തെ ആ ആദരത്തിനര്‍ഹനാക്കുന്നത്.

എന്നാല്‍ ഇവിടെയോ, കൊവിഡ് 19 മഹാമാരി 2020 സെപ്റ്റംബര്‍ പകുതിയോടെ ഇന്ത്യവിടുമെന്ന് ഒരു ഗവേഷണപ്രബന്ധത്തിലൂടെ പ്രഖ്യാപിച്ചത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഹെല്‍ത്ത് സര്‍വ്വീസസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സ്ഥാനാം വഹിക്കുന്ന ഡോ അനില്‍കുമാര്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ നമ്മള്‍ വിശ്വസിക്കേണ്ടതല്ലായിരുന്നോ? അതോ ഇന്ത്യ എത്രയും വേഗം കൊവിഡ് മുക്തമാകണമെന്ന തന്റെ ആഗ്രഹമാണ് അദ്ദേഹം പ്രകടിപ്പിച്ചത് എന്ന് കരുതണമോ?

അദ്ദേഹത്തിന് മുന്‍പ് ആദരണീയനായ ആരോഗ്യപ്രവര്‍ത്തകനും നീതി ആയോഗ് അംഗവുമായ ഡോ വി കെ പോള്‍ കഴിഞ്ഞ വര്‍ഷം ഏപ്രലില്‍ ഇന്ത്യയില്‍ കൊവിഡ് 19 നിയന്ത്രണവിധേയമായെന്ന അമ്പരപ്പിക്കുന്ന ഒരു അവകാശവാദമുയര്‍ത്തി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ഒരു അഭിമുഖത്തിലൂടെ രാജ്യവ്യാപക ലോക്ഡൗണിന്റെ മുന്ന് ആഴ്ച ഫലം കണ്ടുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൊവിഡ് 19 നിയന്ത്രണവിധേയമാക്കുന്നതില്‍ ഇന്ത്യ വിജയിച്ചിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. എന്നാൽ അദ്ദേഹം പറഞ്ഞതായിരുന്നില്ല സത്യമെന്ന് നമുക്കേവർക്കുമിന്നറിയാം. രൂക്ഷമായ ലോക്ഡൗണിനെ ന്യായീകരിക്കാന്‍ മാത്രമായിരുന്നു അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നത്.

അപ്പോഴാണ് ചിത്രത്തിലേക്ക് ഐസിഎംആര്‍ കടന്നുവരുന്നത്. ഓഗസ്റ്റ് 15-ന് വാക്‌സിനെന്ന പ്രഖ്യാപനവുമായി രാജ്യത്തെ ഞെട്ടിച്ചായിരുന്നു ആ വരവ്. ഇന്ത്യയിലെ ശാസ്ത്ര സമൂഹത്തിനിടയിലും എന്തിന് ലോകമൊട്ടാകെയും അത് ചെറിയ കോലാഹലമല്ല ഉണ്ടാക്കിയത്. പിന്നീട് ഓഗസ്റ്റ് 15നകം വാക്‌സിന്‍ വികസിപ്പിക്കുമെന്നാണ് തങ്ങള്‍ അവകാശപ്പെട്ടതെന്നും അല്ലാതെ അതിനകം പ്രയോഗത്തില്‍ വരുമെന്നല്ലെന്നും പറഞ്ഞാണ് ഐസിഎംആര്‍ മുഖം രക്ഷിച്ചത്.

ശാസ്ത്രജ്ഞരുടെ ഒരു സംഘടനയാണ് ഐസിഎംആര്‍. എന്നാല്‍ നിലവിലെ മഹാമാരിക്കാലത്ത് മാതൃകാപരമായ ഒരു കര്‍ത്തവ്യനിര്‍വ്വഹണമല്ല അവരില്‍ നിന്നുണ്ടായത്. മറ്റേത് രാജ്യത്തായിരുന്നെങ്കിലും നേരിടേണ്ടിവരുമായിരുന്ന വിമര്‍ശനങ്ങളും ചോദ്യങ്ങളും ഇന്ത്യയിലുണ്ടാകില്ല എന്ന ഉറപ്പുണ്ടവര്‍ക്കിവിടെ. പറയാതെ വയ്യ, ഐസിഎംആറിന് ജനങ്ങളേക്കാള്‍ കരുതല്‍ നേതാക്കളോടാണ്.

സര്‍ക്കാരെങ്കിലും സ്വന്തം ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കില്ല- ന്താണ് ആ വാഗ്ദാനം അര്‍ഥമാക്കുന്നത്? ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന് കാരണം തബ്‌ലീഗി ജമാഅത്ത് ആണെന്ന് ഉറപ്പിച്ചുപറഞ്ഞത് ആരോഗ്യ സെക്രട്ടറിയാണെന്നോര്‍ക്കണം. ആരോഗ്യമന്ത്രാലയത്തിന്റെ ജോയിന്റെ സെക്രട്ടറി ലാവ് അഗര്‍വാളാണ് രാജ്യത്തെ കൊവിഡ് കേസുകളുടെ വര്‍ദ്ധനവിന് കാരണം തബ്‌ലീഗി ജമാഅത്ത് അംഗങ്ങള്‍ രാജ്യവ്യാപകമായി നടത്തിയ യാത്രയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

hospital Videos: Watch hospital News Video

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഡല്‍ഹി സര്‍ക്കാരും തബ്‌ലീഗി അംഗങ്ങളായ കൊവിഡ് ബാധിതരുടെ കണക്കുകള്‍ മറ്റുള്ളകേസുകളില്‍ നിന്ന് വേര്‍തിരിച്ചാണ് സൂക്ഷിച്ചത്, അവരാണ് ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന് കാരണമെന്ന് അര്‍ഥമാക്കുന്നവിധം. അതുണ്ടാക്കിയ ഫലമോ ഇന്ത്യയുടനീളമുള്ള മുസ്‌ലിങ്ങളെ അപകടത്തിലാക്കുന്നതും. അവര്‍ ശാരീരികമായി ആക്രമിക്കപ്പെട്ടു. കുറഞ്ഞത് രണ്ട് പേരെങ്കിലും മരിച്ചു, അതിലൊരാളുടേത് ആത്മഹത്യയുമായിരുന്നു. മുസ്ലിംങ്ങള്‍ക്ക് സാമൂഹിക ബഹിഷ്‌കരണവും ഒറ്റപ്പടലും നേരിടേണ്ടി വന്നു. അതവരുടെ ഉപജീവനമാര്‍ഗ്ഗങ്ങളെ ഇല്ലാതാക്കുകയും ചെയ്തു. അതിനെല്ലാം ആരായിരുന്നു ഉത്തരവാദി? മുസ്ലിംങ്ങള്‍ എന്താണ് ഈ സര്‍ക്കാരിന്റെ ജനങ്ങളല്ലായിരുന്നോ?

ഏകാധിപത്യത്തിന്റെ ലാഞ്ചനകൾ

വെറും നാല് മണിക്കൂര്‍ നോട്ടീസില്‍ സര്‍ക്കാര്‍ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോള്‍ പി ചിദംബരം അടക്കമുള്ളവരില്‍ നിന്ന് നമുക്ക് ലഭിച്ച നിര്‍ദ്ദേശം സേനാധിപനായ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പിന്തുടരുന്ന സൈനികരാവുക എന്നായിരുന്നു. അദ്ദേഹം തന്റെ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് അത് ചെയ്യുന്നതെന്ന് പറയപ്പെട്ടു. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ താറുമാറാക്കിയതായിരുന്നു ആ തീരുമാനമെന്ന് ഇന്ന് നമ്മുക്കറിയാം. അതില്‍ ആയിരങ്ങളോളം മരിച്ചുവീണു. എന്നിട്ടോ ആ തീരുമാനം കൊവിഡ് 19 നെ പിടിച്ചുനിര്‍ത്തിയുമില്ല.

ചുട്ടുപൊള്ളുന്ന ചൂടിലൂടെ ലക്ഷങ്ങളെ നടത്തിച്ച ആ നടപടിയെ പിന്നീട് ജനങ്ങള്‍ ക്രൂരമെന്നും നിര്‍വ്വികാരമെന്നും വിളിച്ചു. അതേസമയം എല്ലാം നന്നായി നടക്കുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. യഥാര്‍ഥത്തില്‍ തങ്ങളുടെ കല്‍പ്പനകള്‍ അനുസരിക്കാന്‍ വിധിക്കപ്പെട്ട ജനങ്ങള്‍ ഈയാമ്പാറ്റകളെപ്പോലെ മരിച്ചുവീഴുന്നത് ഒരു തരി സഹതാപമില്ലാതെ മാറിനിന്ന് കാണുകയായിരുന്നു സര്‍ക്കാര്‍.

അത്തരമൊരു തീരുമാനമുണ്ടാക്കിയ കോലാഹലങ്ങൾ നേരിടാന്‍ വിധിക്കപ്പെട്ടത് സംസ്ഥാന സര്‍ക്കാരുകളായിരുന്നെങ്കിലും നിര്‍ണ്ണായകമായ ആ തീരുമാനത്തിന് മുൻപ് അവരുമായി കൂടിയാലോചിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

Indian Migrant Workers Trudge Hundreds of Kilometers for COVID-19 Lockdowns  | Voice of America - English

മഹാമാരിക്ക് മുമ്പ് രണ്ട് ‘ചരിത്രപരമായ’ തീരുമാനങ്ങളെടുത്തിരുന്നു ഈ സര്‍ക്കാര്‍- നോട്ടുനിരോധനവും ജിഎസ്‌ടിയും. സാധാരണക്കാര്‍ക്കും, ചെറിയ വ്യവസായികള്‍ക്കും, സ്വതന്ത്ര സംരംഭകര്‍ക്കും ഒരുപോലെ ശാപമായി മാറി ഈ തീരുമാനങ്ങള്‍. സര്‍ക്കാരാണെങ്കില്‍ അവരുടെ ഗതികേടിനെ ആവുന്നവിധം ആസ്വദിച്ചു. ആ തകര്‍ച്ചയില്‍ നിന്ന് ഇതുവരെ കരകയറാനായിട്ടില്ല പാവം ജനങ്ങള്‍ക്ക്.

സമാനമായി പൗരത്വനിയമഭേദഗതി നിയമനിര്‍മ്മാണവും പൗരത്വ രജിസ്റ്ററിന്റെ പ്രഖ്യാപനവും സര്‍ക്കാര്‍ ആവശ്യപ്പെടുന്ന രേഖകളില്ലാത്ത കോടിക്കണക്കിന് ജനങ്ങളുടെ ജീവതത്തെ അനിശ്ചിതത്വത്തിലാക്കുകയും മുസ്ലിംങ്ങളെ അവരുടെ സ്വന്തം രാജ്യത്ത് നിയമപരമായി അന്യരാക്കുകയും ചെയ്‌തു. അത് ജീവിതങ്ങളെ അപകടത്തിലാക്കിയോ ഇല്ലയോ?

ജമ്മുകാശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞും രണ്ടായി വിഭജിച്ചും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയും കശ്മീരികളുടെ, പ്രത്യേകിച്ച് മുസ്ലിംങ്ങളുടെ, ജീവന് തങ്ങള്‍ കല്‍പ്പിച്ചുകൊടുത്തിരിക്കുന്ന വിലയെന്താണെന്ന് ഈ സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു.

രാജഭരണത്തിന് സമാനമാണ് നിലവിലെ ഭരണമെന്നത് മനസിലാക്കാൻ സര്‍ക്കാര്‍ ഈയിടെ അംഗീകാരം നൽകിയ മൂന്ന് കാര്‍ഷിക നിയമങ്ങളിലേക്ക് നോക്കിയാല്‍ മതിയാകും. കര്‍ഷകര്‍ അവരുടെ സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന ഒന്നായി ആ നിയമങ്ങളെ കാണുമ്പോള്‍ മികച്ചതെന്താണെന്ന് തങ്ങള്‍ക്കാണറിയുന്നതാണ് സര്‍ക്കാര്‍ വാദം.

ഒരു തരത്തില്‍ നമ്മളില്‍ നിന്ന് അധികാരികൾ ഇനിയും വിശ്വാസമാവശ്യപ്പെടുന്നുവെന്നത് പരിഹാസ്യമാണ്. രാജ്യത്തെ ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ സേവകരാകുന്നതിന് പകരം സര്‍ക്കാരിന്റെ സേവകരായാണ് സ്വയം കാണുന്നതെന്ന് അവരിതിനകം തന്നെ തെളിയിച്ചുകഴിഞ്ഞു. യജമാനന്മാര്‍ക്കുവേണ്ടി ഏതറ്റംവരെയും അവര്‍ പോകുമെന്ന് ആദ്യം ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദ്ദേഹം ദഹിപ്പിച്ചും പിന്നീട് അവളുടെ മാതാപിതാക്കളെ പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയും ഹാത്രസ് ജില്ലാമജിസ്‌ട്രേറ്റ് തെളിയിച്ചു.

ചരിത്രത്തിലെ നിര്‍ണ്ണായക നിമിഷങ്ങളിലെല്ലാം സാധാരണക്കാരോടും പാവപ്പെട്ടവരോടും ദുര്‍ബ്ബലരോടും ദളിതരോടും മുസ്ലിംങ്ങളോടും ഉദ്യോഗസ്ഥവൃന്ദം ഉദാസീനമായ സമീപനമാണെടുത്തിട്ടുള്ളത്, ശത്രുതയോടെയും ഒരുവേള മനുഷ്യരായിപ്പോലും അവരെ പരിഗണിക്കാതെയും.

ഹാത്രസിലെ ജില്ലാ മജിസ്‌ട്രേറ്റ് ഉന്നതനായ ഒരു ഉദ്യോഗസ്ഥനല്ലായിരുന്നെന്ന് കരുതാം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനും വിവരാവകാശ കമ്മീഷനുമോ? മനുഷ്യാവകാശ കമ്മീഷനിലെ കസേരയലങ്കരിക്കുന്നവരുടെ മനസാക്ഷി ആര്‍ക്കാണ് പണയം വെച്ചിരിക്കുന്നത്? രാജ്യത്തെ ഏറ്റവും ശക്തമായ ഉദ്യോഗസ്ഥരായിരുന്നിട്ടുകൂടിയും ഇഡിയുടെയുടെയും എന്‍സിബിയുടെയും ഉന്നത ഉദ്യോഗസ്ഥരെന്തിനാണ് ഈ സര്‍ക്കാരിനുവേണ്ടി കോടാലിപ്പണിയെടുക്കുന്നത്.

പിന്നെയുള്ളത് ശാസ്ത്രജ്ഞരാണ്, കൃത്രിമ വിവരങ്ങള്‍ പടച്ചുവിടുന്നതിനും സര്‍ക്കാരിന്റെ കള്ളങ്ങള്‍ക്ക് നേരെയും നിശബ്ദരായിരിക്കുന്നവർ നിഷ്പക്ഷരായി വാഴ്ത്തപ്പെടും. ശബ്ദമുയര്‍ത്താന്‍ ധൈര്യം കാണിക്കുന്നവര്‍ ശാസ്ത്രത്തെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന പഴി കേൾക്കും.

ഈ സര്‍ക്കാര്‍ തങ്ങളുടെ രാഷ്ട്രീയത്തിലും നയങ്ങളിലും എന്നും ഒരുതരം ഗര്‍വ്വാണ് കാണിച്ചിട്ടുള്ളത്. അത് ജനങ്ങള്‍ക്ക് ആപത്കരവുമാണ്. ഇവിടെ ജനങ്ങള്‍ക്ക് സുരക്ഷിതരായും ജീവനോടെയുമിരിക്കണമെങ്കില്‍- മറ്റെന്തെങ്കിലുമായല്ല മനുഷ്യരായിതന്നെ ജീവിക്കണമെങ്കില്‍ , ഈ സര്‍ക്കാരിന്റെ ഓരോ നീക്കത്തെയും വിമര്‍ശനവിധേയമാക്കിയും സംശയ ദൃഷ്ടിയോടെ നോക്കിയും തന്നെ മുന്നോട്ടുപോകേണ്ടതുണ്ട്.

ദി വയറില്‍ അപൂര്‍വ്വാനന്ദ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

മൊഴിമാറ്റം: അനുപമ ശ്രീദേവി

Latest News