Top

‘പൃഥ്വിരാജിനെ ഇഷ്ടം, ബഹുമാനം”; പക്ഷെ അദ്ദേഹം പറയുന്നത് പോഴത്തരമെന്ന് അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ പൃഥ്വിരാജ് പറയുന്നത് പോഴത്തരമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. സമീപകാലത്ത് നിരവധി വിഷയങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. അന്നൊന്നും പൃഥ്വിരാജിനെ പ്രതികരിച്ച് കണ്ടിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അബ്ദുള്ളക്കുട്ടി പറഞ്ഞത്: ”പൃഥ്വിരാജിനെ പോലെയുള്ള ആളുകള്‍ ലക്ഷദ്വീപ് വിഷയത്തിലെ പ്രചരണത്തിന്റെ പടയാളിയും പോരാളിയും ആയിരിക്കുകയാണ്. അടുത്തകാലത്ത് പല വിഷയങ്ങളും ഉണ്ടായിട്ടുണ്ട്. അന്നൊന്നും പൃഥ്വിരാജിനെ പ്രതികരിച്ച് കണ്ടിട്ടില്ല. അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്, ബഹുമാനമാണ്. പക്ഷെ പറഞ്ഞത് വലിയ പോഴത്തരമായി പോയി. തീവ്രഗ്രൂപ്പുകളുടെ പ്രചരണത്തില്‍ പൃഥ്വിരാജിനെ പോലെയുള്ള പാവപ്പെട്ടവരും […]

25 May 2021 9:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പൃഥ്വിരാജിനെ ഇഷ്ടം, ബഹുമാനം”; പക്ഷെ അദ്ദേഹം പറയുന്നത് പോഴത്തരമെന്ന് അബ്ദുള്ളക്കുട്ടി
X

ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ പൃഥ്വിരാജ് പറയുന്നത് പോഴത്തരമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. സമീപകാലത്ത് നിരവധി വിഷയങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. അന്നൊന്നും പൃഥ്വിരാജിനെ പ്രതികരിച്ച് കണ്ടിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അബ്ദുള്ളക്കുട്ടി പറഞ്ഞത്: ”പൃഥ്വിരാജിനെ പോലെയുള്ള ആളുകള്‍ ലക്ഷദ്വീപ് വിഷയത്തിലെ പ്രചരണത്തിന്റെ പടയാളിയും പോരാളിയും ആയിരിക്കുകയാണ്. അടുത്തകാലത്ത് പല വിഷയങ്ങളും ഉണ്ടായിട്ടുണ്ട്. അന്നൊന്നും പൃഥ്വിരാജിനെ പ്രതികരിച്ച് കണ്ടിട്ടില്ല. അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്, ബഹുമാനമാണ്. പക്ഷെ പറഞ്ഞത് വലിയ പോഴത്തരമായി പോയി. തീവ്രഗ്രൂപ്പുകളുടെ പ്രചരണത്തില്‍ പൃഥ്വിരാജിനെ പോലെയുള്ള പാവപ്പെട്ടവരും കുടുങ്ങി പോവുകയായിരുന്നു. ലക്ഷദ്വീപില്‍ എന്താണ് സംഭവിക്കുന്നതെന്ന് പഠിക്കാതെ പറയരുത്. അവിടുത്തെ ജനങ്ങളുടെ എന്റര്‍ടെയിന്‍മെന്റ് രാഷ്ട്രീയമാണ്.”
ലക്ഷദ്വീപിന്റെ പേരില്‍ നടക്കുന്നത് മുഴുവനും വ്യാജ പ്രചരണമാണെന്നും ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അതേസമയം, പ്രഫുല്‍ കെ.പട്ടേലിനെതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ലക്ഷദ്വീപിന്റെ സംസ്‌കാരം തകര്‍ക്കാനും ജനങ്ങളെ ഉപദ്രവിക്കാനും ബിജെപി സര്‍ക്കാരിന് ഒരു അവകാശവുമില്ലെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ”ലക്ഷദ്വീപിലെ ജനങ്ങള്‍ തങ്ങള്‍ താമസിക്കുന്ന ദ്വീപുകളുടെ സമ്പന്നമായ പ്രകൃതി-സാംസ്‌കാരിക പൈതൃകത്തെ ആഴമായി മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ്. അവരെല്ലായ്‌പ്പോഴും അതിനെ സംരക്ഷിച്ചിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാറിനും അവരുടെ ഭരണകൂടത്തിനും ഈ പൈതൃകം തകര്‍ക്കാനും ജനങ്ങളെ ഉപദ്രവിക്കാനും ഒരു അവകാശവുമില്ല. ദ്വീപിലെ ജനങ്ങള്‍ക്ക് എന്റെ പൂര്‍ണ പിന്തുണയുണ്ട്. പൈതൃകം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഞാന്‍ എല്ലായ്‌പ്പോഴുമുണ്ടാകും. നാമെല്ലാവരും വിലമതിക്കുന്ന ദേശീയ നിധിയാണ് ലക്ഷദ്വീപ്” -പ്രിയങ്ക പറഞ്ഞു.

ഇതിനിടെ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നു ആവശ്യപ്പെട്ടു രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് കത്ത് അയച്ചു. ലക്ഷദ്വീപില്‍ ഒരു പ്രത്യേക സംസ്‌കാരമുണ്ടെന്നു രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അത് കേരളത്തിലെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അഡ്മിനിസ്ട്രേറ്റര്‍ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. അവിടെ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ സാമൂഹ്യസാഹചര്യത്തെ തകര്‍ക്കുന്നതാണെന്നും അവ ലക്ഷദ്വീപിന്റെ പ്രത്യേകതകളെ ഇല്ലാതാക്കുന്നവയാണെന്നും ചെന്നിത്തല പറഞ്ഞു. എത്രയോ ആളുകള്‍ അഡ്മിനിസ്ട്രേറ്ററായി ഇരുന്നിട്ടുണ്ട്. അവരാരും ചെയ്യാത്ത ഒരു നടപടിയാണ് ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റര്‍ കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം. കേന്ദ്ര ഗവണ്‍മെന്റും രാഷ്ട്രപതിയും ഇടപെടണം. അവിടുത്തെ സാധാരണക്കാരും പാവപ്പെട്ട ജനങ്ങളാണ് അവിടെ ഉള്ളത്. അവരുടെ ഈ ആവശ്യത്തെ അംഗീകരിക്കാതെ പോകുന്നത് ശരിയല്ല. ദ്വീപു സമൂഹത്തിലെ ജനങ്ങളുടെ വികാരങ്ങള്‍ പൂര്‍ണ്ണമായും മാനിക്കാന്‍ രാഷ്ട്രപതിയും കേന്ദ്ര ഗവണ്‍മെന്റും തയ്യാറാകണമെന്നാണ് തന്റെ അഭിപ്രായമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ലക്ഷദ്വീപില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാദത്തെ തള്ളി ദ്വീപിലെ ബിജെപി ജനറല്‍ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിം രംഗത്തെത്തി. ലക്ഷദ്വീപിലെ ജനങ്ങളാരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും അതെല്ലാം തെറ്റായ പ്രചരണങ്ങളാണെന്നും മുഹമ്മദ് കാസിം പറഞ്ഞു.
മുഹമ്മദ് കാസിം പറഞ്ഞത്: ”ലക്ഷദ്വീപിലെ ജനങ്ങളാരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല. അതൊക്കെ തെറ്റാണ്. അങ്ങനെയൊരു ചിന്ത പോലും അവിടുത്തെ ജനങ്ങള്‍ക്ക് ഉണ്ടായിട്ടില്ല. ഏറ്റവും സമാധാനപരമായ ഒരു സ്ഥലമാണ് ലക്ഷദ്വീപ്. ലക്ഷദ്വീപില്‍ സീറോ ക്രൈമാണ്. ലക്ഷദ്വീപിലെ ജനങ്ങള്‍ വളരെ നല്ല ആളുകളാണ്.”

ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുണ്ടെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നും മാധ്യമങ്ങളില്‍ തന്നെ വാര്‍ത്തകള്‍ വന്നതായി കെ സുരേന്ദ്രന്‍ ഇന്നും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ലക്ഷദ്വീപിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് ടൂള്‍കിറ്റ് പ്രചാരണമാണ്. ആസൂത്രിതമായ പ്രചാരണമാണ് കോണ്‍ഗ്രസും സിപിഐഎമ്മും മുസ്ലീംലീഗും ഏറ്റെടുത്തിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Next Story