Top

‘ജയിലില്‍ പോയവരെ മറക്കരുത്’; അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയത് ആലോചിക്കാതെയെന്ന് പിപി മുകുന്ദന്‍

അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയതില്‍ സംസ്ഥാനത്തെ പല നേതാക്കള്‍ക്കും അതൃപ്തികളുണ്ട്.

2 Oct 2020 12:30 AM GMT

‘ജയിലില്‍ പോയവരെ മറക്കരുത്’; അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയത് ആലോചിക്കാതെയെന്ന് പിപി മുകുന്ദന്‍
X

ബിജെപി ദേശീയ പുനഃസംഘടനയ്‌ക്കെതിരെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് പിപി മുകുന്ദന്‍. അബ്ദുള്ളക്കുട്ടിയെ ചുമതലയേല്‍പിച്ചത് കൂടിയാലോനകള്‍ ഇല്ലാതെയാണ്. ദീര്‍ഘകാലം പ്രവര്‍ത്തിച്ച നേതാക്കളെ അവഗണിച്ച് ഇന്നലെ വന്നൊരാള്‍ക്ക് സ്ഥാനം നല്‍കുകയാണ് പാര്‍ട്ടി ചെയ്തതെന്നും മുകുന്ദന്‍ ആരോപിച്ചു.

‘പാര്‍ട്ടിക്കായി ജയിലില്‍ പോയവരെയും കഷ്ടപ്പെട്ടവരെയും വിസ്മരിക്കരുത്. സ്ഥാനങ്ങള്‍ക്ക് വേണ്ടിയിട്ടല്ല ആദ്യകാല നേതാക്കള്‍ പ്രസ്ഥാനത്തില്‍ എത്തിയത്. സംഘടന തെരഞ്ഞെടുപ്പിന് പകരമുള്ള നോമിനേഷന്‍ രീതി പാര്‍ട്ടിയെ തകര്‍ക്കും. വ്യക്തി അധിഷ്ഠിതമാകുന്ന പ്രസ്ഥാനങ്ങള്‍ക്ക് അധികകാലം നിലനില്‍പ്പില്ല’, പിപി മുകുന്ദന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുകുന്ദന്റെ പ്രതികരണം.

അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയതില്‍ സംസ്ഥാനത്തെ പല നേതാക്കള്‍ക്കും അതൃപ്തികളുണ്ട്. കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിച്ചെന്നാണ് വിവരം.

12 ഉപാദ്ധ്യക്ഷന്‍മാരെ തെരഞ്ഞെടുത്തതിലാണ് അബ്ദുള്ളക്കുട്ടി ഇടം കണ്ടെത്തിയത്. മുന്‍ മുഖ്യമന്ത്രിമാരായ വസുന്ധര രാജെ, രമണ്‍ സിംങ്, മുന്‍ കേന്ദ്രമന്ത്രി രാധാ മോഹന്‍ സിംങ് എന്നിവരോടൊപ്പമാണ് അബ്ദുള്ളക്കുട്ടിയെയും തെരഞ്ഞെടുത്തിരിക്കുന്നത്. ബിജെപിയില്‍ എത്തി രണ്ട് വര്‍ഷത്തിനകമാണ് അബ്ദുള്ളക്കുട്ടിയെ തേടി ഈ സ്ഥാനമെത്തിയത്.

അതേ സമയം സജീവമായി രാഷ്ട്രീയത്തില്‍ ഇടപെടുന്ന കേരളത്തില്‍ നിന്നുള്ള മറ്റൊരു നേതാവിനും പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ടോം വടക്കനെയും രാജീവ് ചന്ദ്രശേഖര്‍ എംപിയെയും ദേശീയ വക്താവായി തെരഞ്ഞെടുത്തു. കര്‍ണാടകത്തില്‍ നിന്നാണ് രാജീവിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

Next Story