‘മകളുടെ ഫോട്ടോ എടുക്കരുത്, സ്വകാര്യതയെ മാനിക്കണം’; പാപ്പരാസികളോട് അഭ്യര്‍ത്ഥനയുമായി അനുഷ്കയും കോഹ്ലിയും

തങ്ങളുടെ മകളുടെ ഫോട്ടോ എടുക്കരുതെന്ന് പാപ്പരാസികളോട് ആവശ്യപ്പെട്ട് അനുഷ്ക ശര്‍മ്മയും വിരാട് കോഹ്ലിയും. മകളുടെ സ്വകാര്യതയെ മാനിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് ഇരുവരും മുംബൈയിലെ പാപ്പരാസി കമ്പനിക്ക് കത്ത് നല്കി. അതോടൊപ്പം കുഞ്ഞ് ജനിച്ചതിന് പിന്നാലെ ആരാധകരില്‍ നിന്ന് ലഭിച്ച സ്നേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
മാതാപിതാക്കളായ ഞങ്ങള്‍ക്ക് നിങ്ങളോട് ഒരു ചെറിയ അപേക്ഷ മാത്രമെയുള്ളു. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യത ഞങ്ങള്‍ക്ക് സംരക്ഷിക്കണം. അതിന് നിങ്ങളുടെ സഹായവും ആവശ്യമാണ്. ശരിയായ സമയത്ത് ഞങ്ങള്‍ തന്നെ കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നതാണ്. അതേസമയം ഞങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കായി നിങ്ങള്‍ക്ക് ഫോട്ടോ എടുക്കാവുന്നതാണ്. ഞങ്ങളുടെ കുഞ്ഞ് വരുന്ന സാഹചര്യങ്ങളിലെ ചിത്രങ്ങള്‍ ഒഴിവാക്കാണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
അനുഷ്ക – വിരാട്
കഴിഞ്ഞ ദിവസമാണ് താരങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചത്. അച്ഛനമ്മമാരായ വിവരം കോഹ്ലി തന്റെ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ഈ സമയത്തെങ്കിലും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്ന് കരുതുന്നു എന്നാണ് കോഹ്ലി ഫേസ്ബുക്കില്‍ കുറിച്ചത്. കുഞ്ഞിന്റെ ജനത്തിന് പിന്നാലെ ചിത്രങ്ങള്‍ക്കായും ആരാധകര്‍ കാത്തിരിക്കുകയാണ്. കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തായെന്ന അഭ്യൂഹങ്ങളും ഇതിനിടെ വന്നിരുന്നു.
അടുത്തിടെ വിരാട് കോലിക്കൊപ്പം വീടിന്റെ ബാല്ക്കണിയിലിരിക്കുന്ന ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കും മാധ്യമത്തിനുമെതിരെ ഇന്‍സ്റ്റാഗ്രാമിലൂടെ അനുഷ്ക ശര്‍മ്മ പ്രതികരിച്ചിരുന്നു. എത്ര തന്നെ അഭ്യര്‍ത്ഥിച്ചിട്ടും ആ ഫോട്ടോഗ്രാഫറും മാധ്യമവും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറി. ഇത് ഇവിടെ നിര്‍ത്തിക്കൊള്ളണം, എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
അനുഷ്ക അവസാനമായി ചെയ്തത് ‘സീറോ’ എന്ന ഷാറൂഖ് ചിത്രമാണ്. അതിന് ശേഷം ബുള്‍ബുള്‍ എന്ന ബോളിവുഡ് ചിത്രം താരം നിര്‍മ്മിച്ചിരുന്നു. ചിത്രം നെറ്റ്ഫിലിക്സിലാണ് റിലീസ് ചെയ്തിരുന്നത്. പ്രസവത്തിന് ശേഷം നാല് മാസം കഴിഞ്ഞ് താരം പുതിയ ചിത്രത്തില്‍ ജോയ്ന് ചെയ്യുമെന്നാണ് സൂചന.