ഭീം ആര്‍മി ദേശീയ ഉപാധ്യക്ഷയായി മലയാളി യുവതിയും; അനുരാജി ഇനി ചന്ദ്രശേഖര്‍ ആസാദിനൊപ്പം പാര്‍ട്ടിയെ നയിക്കും
അംബേദ്കറിന്റെ ആശയങ്ങളില്‍ ആകൃഷ്ടയായി വിദ്യാര്‍ഥി സംഘടനയിലൂടെ ദളിത് വിദ്യാര്ഥിരകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവന്ന അനുരാജി പാര്‍ട്ടിയുടെ കേരളഘടകത്തിന്റെ കരുത്തയായ അംഗവുമാണ്.

ഭീം ആര്‍മിയുടെ ദേശീയ ഉപാധ്യക്ഷയായി മലയാളി യുവതി തെരഞ്ഞെടുക്കപ്പെട്ടു. കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ ഹിന്ദി ഗവേഷകയായ പിആര്‍ അനുരാജിയാണ് ഭീം ആര്‍മിയുടെ പുതിയ ഉപാധ്യക്ഷ. അംബേദ്കറിന്റെ ആശയങ്ങളില്‍ ആകൃഷ്ടയായി വിദ്യാര്‍ഥി സംഘടനയിലൂടെ ദളിത് വിദ്യാര്ഥിരകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവന്ന അനുരാജി പാര്‍ട്ടിയുടെ കേരളഘടകത്തിന്റെ കരുത്തയായ അംഗവുമാണ്.
ദളിത് ബഹുജന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങളിലൂടെ ഉത്തര്‍പ്രദേശില്‍ നിന്നും ഉയര്‍ന്നുവന്ന ഭീം ആര്‍മിയും നേതാവ് ചന്ദ്രശേഖര്‍ ആസാദും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. മലങ്കര എസ്റ്റേറ്റിലെ ജാതിമതില്‍ തകര്‍ത്തുള്ള പ്രതിഷേധത്തിലൂടെയാണ് അടുത്തിടെ കേരളത്തില്‍ ഭീം ആര്‍മി ശ്രദ്ധ നേടുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസമാണ് 26 വര്‍ഷം മുമ്പ് മലങ്കര എസ്റ്റേറ്റ് നിര്‍മ്മിച്ച ഗേറ്റ് ദളിത് കോളനിയിലേക്കുള്ള പ്രവേശനം വിലക്കുന്നതാണ് എന്നാരോപിച്ചുകൊണ്ട് ഭീം ആര്‍മി പ്രവര്‍ത്തകര്‍ ഗേറ്റ് തകര്‍ത്തത്.തൊടുപുഴയ്ക്കടുത്ത് മുട്ടം പാമ്പാനി ദളിത് കോളനി റോഡിന് നടുവിലൂടെ സ്ഥാപിച്ച ഗേറ്റാണ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് ഭീം ആര്‍മി സംസ്ഥാന പ്രസിഡന്റ് റോബിന് ആലപ്പുഴ, ജനറല്‍ സെക്രട്ടറി പ്രൈസ് കണ്ണൂര്‍, വൈസ് പ്രസിഡന്റ് മന്‍സൂര്‍ കൊച്ചുകടവ്, സിപിഎം തോണിക്കുഴി ബ്രാഞ്ച് സെക്രട്ടറി രാജു തങ്കപ്പന് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
2015ലാണ് ചന്ദ്രശേഖര്‍ ആസാദ് ഭീം ആര്‍മി രൂപീകരിക്കുന്നത്. ഡോ ബിആര്‍ അംബേദ്കറിന്റേയും ബിഎസ്പി സ്ഥാപകന്‍ കാന്‍ഷിറാമിന്റേയും ആശയങ്ങളില്‍ അടിയുറച്ചാണ് ദളിത് വിഭാഗങ്ങള്‍ക്കുവേണ്ടി ഭീം ആര്‍മി പ്രവര്‍ത്തിക്കുന്നത്. പൗരത്വനിയമം, ഹാത്രസ് ബലാത്സംഗം മുതലായ വിഷയങ്ങളില്‍ ഭീം ആര്‍മിയും ചന്ദ്രശേഖര്‍ ആസാദും നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ഉയര്‍ന്നുവരുന്ന ലോകനേതാക്കളിുടെ പട്ടികയില്‍ ടൈംമാസിക ചന്ദ്രശേഖര്‍ ആസാദിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു.