അനുഗ്രഹീതൻ ആന്റണി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവർക്ക് പിടിവീഴും; നിയമനടപടികളുമായി അണിയറപ്രവർത്തകർ

സണ്ണി വെയ്ൻ നായകനായി എത്തിയ ചിത്രം അനുഗ്രഹീതൻ ആന്റണിയുടെ വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടികൾക്ക് ഒരുങ്ങുന്നതായി നിർമാതാവ് എം ഷിജിത്ത്. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിലാണ് നിർമാതാവ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ ഒന്നിനായിരുന്നു ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്.

ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ വ്യാജപ്പതിപ്പും വിവിധ സൈറ്റുകളിലൂടെ എത്തി. ചിത്രം പ്രചരിപ്പിച്ചവർക്ക് എതിരെ വയനാട് ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയതായും നിർമാതാവ് അറിയിച്ചു. കൊവിഡ്‌ പ്രതിസന്ധിയിൽ തകർന്നു നിൽക്കുന്ന സിനിമ വ്യവസായത്തിന് നേരെ ഇത്തരം പ്രവർത്തികൾ ക്രൂരമാണെന്ന് സണ്ണി വെയ്ൻ കൂട്ടിച്ചേർത്തു.

ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ മേഖലയിൽ നിന്നുൾപ്പെടെ നിരവധിപേർ ചിത്രത്തെ പ്രകീർത്തിച്ച് എത്തിയിരുന്നു. പ്രിയ സുഹൃത്തിന് ദുൽഖർ സൽമാനും അഭിനന്ദനം നേർന്നിട്ടുണ്ട്. അനുഗ്രഹീതന്‍ ആന്റണിയെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് കേള്‍ക്കുന്നത്. സണ്ണിച്ചനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

സണ്ണി വെയ്‌നിന്റെ മികച്ച ചിത്രങ്ങളിലൊന്നാണ് അനുഗ്രഹീതന്‍ ആന്റണിയെന്ന് സമൂഹമാധ്യമത്തില്‍ പ്രേക്ഷകര്‍ പറയുന്നു. ചിത്രത്തിലെ താരത്തിന്റെയും നടി ഗൗരിയുടെയും, സിദ്ദിഖിന്റെയും പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും, പശ്ചാത്തല സംഗീതവും മികച്ച് നില്‍ക്കുന്നു എന്ന അഭിപ്രായവുമുണ്ട്.

ചിത്രത്തില്‍ ബൈജു സന്തോഷ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി, മാല പാര്‍വതി, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെല്‍വകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുണ്‍ വെഞ്ഞാറമൂട് ആര്‍ട്ട് ഡയറക്ടറുമാണ്. ശങ്കരന്‍ എ എസും, സിദ്ധാര്‍ത്ഥന്‍ കെ സിയും സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു ബെര്‍ണാഡ് ആണ്.

Covid 19 updates

Latest News