പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍; പ്രതീകാത്മകമായി പാര്‍ലമെന്റ് ഒരുക്കി; മറുപടിയില്ലാത്ത കൃഷിമന്ത്രിയുടെ റോളില്‍ രവനീത് ബ്രാര്‍
കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ രാജിവെച്ചൊഴിഞ്ഞുമാറുന്ന ‘കൃഷിമന്ത്രി’യുടെ റോളിലാണ് എംബിഎക്കാരനായ കര്ഷകന് ബ്രാര്‍ പരിപാടിയില്‍ തിളങ്ങിയത്.
24 July 2021 1:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കര്‍ഷകവിരുദ്ധവും കോര്‍പ്പറേറ്റ് അടിമത്വവും മുദ്രയാക്കിയ സര്‍ക്കാര്‍’ എന്ന മുദ്രാവാക്യവുമായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ജന്ദര്‍മന്ദറിലെ കിസാന്‍ സന്‍സദ്. പ്രതീകാത്മകമായി കിസാന്‍ പാര്ലമെന്റുണ്ടാക്കി പ്രതിഷേധത്തിന്റെ വേറിട്ട വഴി തെരെഞ്ഞെടുത്തതായിരുന്നു കര്‍ഷകര്‍. പ്രതീകാത്മക പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ കൃഷിമന്ത്രിയായി അഭിനയിക്കുകയായിരുന്നു രവനീത് സിങ് ബ്രാര്‍.
കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ രാജിവെച്ചൊഴിഞ്ഞുമാറുന്ന ‘കൃഷിമന്ത്രി’യുടെ റോളിലാണ് എംബിഎക്കാരനായ കര്ഷകന് ബ്രാര്‍ പരിപാടിയില്‍ തിളങ്ങിയത്. ജന്ദര്‍ മന്ദറില്‍ രണ്ടു ദിവസമായി തുടരുന്ന കര്‍ഷക പ്രതിഷേധത്തില്‍ ദിവസവും ‘കിസാന്‍ പാര്‍ലമെന്റ്’ എന്ന വ്യത്യസ്ഥമായ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
കര്‍ഷക പ്രതിഷേധത്തില്‍ ആദ്യ ദിവസം മുതല്‍ പങ്കെടുക്കുന്ന 37 കാരനായ ബ്രാര്‍ ഭാരതീയ കിസാന്‍ യൂണിയന്റെ വക്താവുകൂടിയാണ്. കര്ഷകപാര്ലമെന്റില് കൃഷിമന്ത്രിയായ ബ്രാര്‍ കര്‍ഷകര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ക്ക് മറുപടിയില്ലാതെ നില്‍ക്കുന്നതാണ് കിസാന്‍ സന്‍സദില്‍ കാണുന്നത്. കര്‍ഷക വിരുദ്ധവും കോര്‍പ്പറേറ്റ് അടിമത്വവും മുഖമുദ്രായാക്കിയ സര്‍ക്കാരെന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്ക്യം മുഴുക്കുമ്പോള്‍ ബ്രാര്‍ ഇതിനെ പ്രതിരോധിക്കുന്നു. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടില്ലെന്നും അതുകൊണ്ട് ചോദ്യങ്ങളെ അവഗണിച്ച് പ്രശ്നം വഴി തിരിച്ചുവിടുകയാണ് തന്ത്രമെന്നുമാണ് കൃഷിമന്ത്രിയായ ബ്രാര്‍ വ്യക്തമാക്കുന്നത്.
അതുപോലെ തന്നെ കര്‍ഷകരുടെ നേര്‍ക്കുനേര്‍ നിന്ന് സംസാരിക്കാന്‍ പോലും തനിക്കാവില്ലെന്നും അവരുടെ കണ്ണുകളിലെ ദുഃഖം കാണുന്നുണ്ടെന്നും എന്നാല്‍ അക്കാര്യത്തില്‍ പ്രതികരിക്കാന്‍ ആകുന്നില്ലെന്നതുകൊണ്ട് രാജിവെക്കുകയാണെന്നും കൃഷിമന്ത്രിയായ ബ്രാര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ ആഞ്ഞടിക്കുന്ന രംഗങ്ങളാണ് കിസാന്‍ സന്സദിലുണ്ടായത്. ബ്രാറിന്റെ കൃഷിമന്ത്രി കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ കര്‍ഷകപ്രതിഷേധം എത്തരത്തിലാണ് വഴി തിരിച്ചുവിടുന്നതെന്നും സര്‍ക്കാറിന് പ്രതിരോധിക്കാന്‍ ഉത്തരമില്ലെന്നുമാണ് അഭിനയിച്ചു ഫലിപ്പിച്ചത്. അതേ സമയം കര്‍ഷക പ്രതിഷേധം ആഗസ്ത് ഒമ്പത് വരെ ജന്ദര്‍ മന്ദറില്‍ തുടരും.
- TAGS:
- Farmer Protest