ആന്തൂരില്‍ ഇത്തവണ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് യുഡിഎഫ്; ‘കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തില്‍ ഭയന്ന് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ പോലും വിമുഖത’
കണ്ണൂര്‍: കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പ്രതിപക്ഷമില്ലാത്ത നഗരസഭ എന്ന നിലക്കാണ് ആന്തൂര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചതെങ്കില്‍ പിന്നീട് വാര്‍ത്തകളില്‍ ഇടം നേടിയത് പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെ തുടര്‍ന്നാണ്. ഇക്കുറി എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുകയും പ്രതിപക്ഷമുണ്ടാവുകയും ചെയ്യുമെന്നാണ് യുഡിഎഫ് പ്രതികരണം. 28 വാര്‍ഡുള്ള നഗരസഭയില്‍ 14 വാര്‍ഡുകളിലാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മത്സരം നടന്ന ബാക്കി 14 വാര്‍ഡുകളിലും എല്‍ഡിഎഫ് തന്നെ വിജയിച്ചു. എന്നാല്‍ ഇത്തവണ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് യുഡിഎഫ് […]

കണ്ണൂര്‍: കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പ്രതിപക്ഷമില്ലാത്ത നഗരസഭ എന്ന നിലക്കാണ് ആന്തൂര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചതെങ്കില്‍ പിന്നീട് വാര്‍ത്തകളില്‍ ഇടം നേടിയത് പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെ തുടര്‍ന്നാണ്. ഇക്കുറി എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുകയും പ്രതിപക്ഷമുണ്ടാവുകയും ചെയ്യുമെന്നാണ് യുഡിഎഫ് പ്രതികരണം.
28 വാര്‍ഡുള്ള നഗരസഭയില്‍ 14 വാര്‍ഡുകളിലാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മത്സരം നടന്ന ബാക്കി 14 വാര്‍ഡുകളിലും എല്‍ഡിഎഫ് തന്നെ വിജയിച്ചു. എന്നാല്‍ ഇത്തവണ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് യുഡിഎഫ് മണ്ഡലം കമ്മറ്റി ചെയര്മാന് സമദ് കടമ്പേരി ന്യൂസ് 18നോട് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവായിരുന്ന വി ദാസന്റെ കൊലപാതകത്തെ തുടര്‍ന്നാണ് നഗരസഭയില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനം താളം തെറ്റിയത്. ഭയം മൂലം സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാന്‍ പലരും വിമുഖത പ്രകടിപ്പിച്ചു. അങ്ങനെയാണ് 14 ഇടത്ത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതെന്നും സമദ് കടമ്പേരി പറഞ്ഞു.
തളിപ്പറമ്പ് സിപിഐഎം ഏരിയാ കമ്മറ്റി മുന്‍ സെക്രട്ടറി പി മുകുന്ദനെ മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നഗരസഭ ചെയര്‍പേഴ്സണായിരുന്ന പികെ ശ്യാമള മത്സര രംഗത്തില്ല. ബിജെപിയും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചേക്കും.