‘സമുദായത്തെ വിമർശിച്ചില്ല, വ്യാജ വാർത്തകൾ എന്നെ കൊന്നു’; അൻസിബ ഹസ്സൻ

ഒരു സമുദായത്തെയും വിമർശിച്ചിട്ടില്ലെന്നും വ്യാജ വാർത്തകൾ തന്നെ മാനസികമായി കൊന്നുവെന്നും നടി അൻസിബ ഹസ്സൻ. ദൃശ്യത്തിന് ശേഷം മികച്ച കഥാപാത്രങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. അപ്പോഴാണ് തന്നെ മാനസികമായി തകർക്കുന്ന രീതിയിലുള്ള സൈബർ ആക്രമണം ഉണ്ടായത്. മോർഫ് ചെയ്ത ഫോട്ടോകൾ കണ്ടു എനിയ്ക്ക് തന്നെ അറപ്പ് തോന്നി. പലതും അവഗണിയ്ക്കുവാൻ ശ്രമിച്ചു. സൈബർ സെല്ലുമായി പരാതിപ്പെട്ടപ്പോൾ അവർക്കും ചില സാങ്കേതികമായ പരിമിതികൾ ഉണ്ടെന്ന് പറഞ്ഞു. പുരുഷന്മാരും സ്ത്രീകളെപ്പോലെ സൈബർ ആക്രമണത്തിന്റെ ഇരയാകുന്നുണ്ട് .എന്നാൽ തങ്ങൾ മനക്കട്ടിയില്ലാത്തവരാണ് എന്ന് പുറം ലോകമറിഞ്ഞാലുള്ള നാണക്കേട് ഭയന്നാണ് അവർ തുറന്ന് പറയാത്തതെന്നും നടി അൻസിബ ഹസ്സൻ റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു.

സ്ത്രീകൾക്ക് അഭിനയിക്കുവാൻ മാത്രമേ സാധിയ്ക്കുകയുള്ളുവെന്നും സാങ്കേതിക മേഖലയിൽ അവർക്കു കഴിവില്ലെന്നുമാണ് പലരുടെയും ധാരണ. സംവിധാനത്തിലേക്ക് പ്രവേശിച്ചപ്പോൾ പലരും എന്നെ പിന്നോട്ട് വലിയ്ക്കുവാൻ ശ്രമിച്ചു. ബുദ്ധിയില്ലാത്തവർക്കുള്ള പണിയാണ് അഭിനയമെന്നാണ് പലരുടെയും ധാരണ. എന്നാൽ സോഷ്യൽ മീഡിയയിൽ മികച്ച കണ്ടന്റുകൾ സ്ത്രീകൾ പങ്കുവെയ്ക്കാറുണ്ടെന്നും അൻസിബ പറഞ്ഞു.

സിനിമയിൽ നല്ലതും മോശമായതുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ പ്രശ്നങ്ങൾ ഞാൻ സ്വയം പരിഹരിയ്ക്കുകയാണ് ചെയ്യുന്നത്. പരിഹാരം തേടി ആരുടേയും അരികിൽ പോകാറില്ല. താര സംഘടനയായ അമ്മയിൽ അംഗത്വമെടുത്തിട്ടുണ്ട്. എന്നാൽ എന്റെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ‘അമ്മയെ’ സമീപിച്ചിട്ടില്ല. അവർ എന്റെ പ്രശ്നങ്ങൾ തിരക്കി എന്റെ അടുത്തും വന്നിട്ടില്ല.

മലയാളത്തിലെ മികച്ച ത്രില്ലർ സിനിമകളിൽ ഒന്നായ ദൃശ്യത്തിലെ അഞ്ജു എന്ന കഥാപാത്രത്തിലൂടെയാണ് അൻസിബ ശ്രദ്ധിക്കപ്പെട്ടത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. സിനിമയുടെ ലൊക്കേഷനിൽ എത്തിയപ്പോൾ സ്വന്തം തറവാട്ടിൽ എത്തിയതിന്റെ പ്രതീതിയായിരുന്നു. മോഹൻലാൽ എന്ന അഭിനയ പ്രതിഭയിൽ നിന്നും അനായാസമായ അഭിനയ ശൈലിയെക്കുറിച്ചു പഠിക്കുവാൻ സാധിച്ചെന്നും അൻസിബ പറഞ്ഞു.

Latest News