Top

‘അന്ന് ആ വലിയ മുതലാളി പറഞ്ഞു, തുണി മാറ്റിയാല്‍ 50,000ത്തിന്റെ പോളിസി നല്‍കാമെന്ന്; ഇന്നലെകളെക്കുറിച്ച് മനസ് തുറന്ന് ആനി ശിവ

ആഗ്രഹിച്ച എസ്‌ഐ പദവിയിലേക്കുള്ള യാത്രയില്‍ കടന്നുവന്ന ഇന്നലകളെക്കുറിച്ച് ആനി ശിവ മനസുതുറക്കുന്നു. പെണ്ണായി ഈ സമൂഹത്തില്‍ ജീവിക്കാനാകില്ലെന്ന് തിരിച്ചറിവിലാണ് ആനി ആണ്‍വേഷം കെട്ടി ജീവിക്കാന്‍ തീരുമാനിച്ചത്. അപരിചിതരുടെ ചൂളം വിളികളില്‍ തുടങ്ങി പരിചയക്കാര്‍ തന്നെ ചൂഷണം ചെയ്യാന്‍ നടത്തിയ ശ്രമങ്ങള്‍, അവിടെ നിന്നെല്ലാം ഓടിപോയ അനുഭവങ്ങള്‍, മകന്‍ ഒറ്റപ്പെട്ടുപോകുമെന്ന ചിന്തയില്‍ ഉപേക്ഷിച്ച ആത്മഹത്യാശ്രമങ്ങള്‍. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരുടെ മുന്നില്‍ ആരുടെയും തുണയില്ലാതെ ഒറ്റയ്ക്ക് ജീവിക്കാന്‍ കരളുറപ്പുള്ളവരുണ്ടെന്ന് കാണിച്ചുകൊടുത്തതാണ് തന്റെ ജീവിതമെന്ന് ആനി ശിവ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. […]

2 July 2021 6:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അന്ന് ആ വലിയ മുതലാളി പറഞ്ഞു, തുണി മാറ്റിയാല്‍ 50,000ത്തിന്റെ പോളിസി നല്‍കാമെന്ന്; ഇന്നലെകളെക്കുറിച്ച് മനസ് തുറന്ന് ആനി ശിവ
X

ആഗ്രഹിച്ച എസ്‌ഐ പദവിയിലേക്കുള്ള യാത്രയില്‍ കടന്നുവന്ന ഇന്നലകളെക്കുറിച്ച് ആനി ശിവ മനസുതുറക്കുന്നു. പെണ്ണായി ഈ സമൂഹത്തില്‍ ജീവിക്കാനാകില്ലെന്ന് തിരിച്ചറിവിലാണ് ആനി ആണ്‍വേഷം കെട്ടി ജീവിക്കാന്‍ തീരുമാനിച്ചത്. അപരിചിതരുടെ ചൂളം വിളികളില്‍ തുടങ്ങി പരിചയക്കാര്‍ തന്നെ ചൂഷണം ചെയ്യാന്‍ നടത്തിയ ശ്രമങ്ങള്‍, അവിടെ നിന്നെല്ലാം ഓടിപോയ അനുഭവങ്ങള്‍, മകന്‍ ഒറ്റപ്പെട്ടുപോകുമെന്ന ചിന്തയില്‍ ഉപേക്ഷിച്ച ആത്മഹത്യാശ്രമങ്ങള്‍. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരുടെ മുന്നില്‍ ആരുടെയും തുണയില്ലാതെ ഒറ്റയ്ക്ക് ജീവിക്കാന്‍ കരളുറപ്പുള്ളവരുണ്ടെന്ന് കാണിച്ചുകൊടുത്തതാണ് തന്റെ ജീവിതമെന്ന് ആനി ശിവ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

എനിക്ക് ഒരു പെണ്ണിന്റെ രൂപത്തില്‍ ഈ സമൂഹത്തില്‍ ജീവിക്കാന്‍ പറ്റില്ലായിരുന്നു ഒറ്റയ്ക്ക് താമസിക്കാന്‍ തുടങ്ങിയ ആദ്യമാസങ്ങളില്‍ ഒത്തിരി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് താമസിച്ചിരുന്നു വീട്ടിലേക്കെത്താന്‍ ഒരു ഇടവഴിയില്‍ കയറിപോകണമായിരുന്നു. സന്ധ്യയ്ക്ക് ജോലിയും കഴിഞ്ഞ് മോനുമായി വരുമ്പോള്‍ സ്ഥിരമായി വഴിയിരികില്‍നിന്ന് നോക്കുന്നവര്‍ പിന്തുടരും, ദേഹത്ത് മുട്ടി നടന്നുപോകും, ചൂളം വിളിക്കും അതില്‍ നിന്നെല്ലാം അവരുടെ ഉദ്ദേശമെന്താണെന്ന് നമുക്ക് മനസിലാകും. ബസില്‍ കയറി ഒരു സീറ്റിലിരിക്കുമ്പോള്‍ അടുത്തിരിക്കുന്നവര്‍ തോണ്ടുമായിരുന്നു. അതിന്റെ എല്ലാം പരിധി കടന്ന് ഇങ്ങനെ ജീവിക്കാന്‍ പറ്റില്ലെന്നും ജീവിതം കൈവിട്ടുപോകുമെന്നും മനസിലാക്കിയപ്പോഴാണ് ഈ രൂപത്തിലേക്ക് മാറിയത്. പിന്നെ ഇത് എനിക്ക് ഒരു ആശ്വാസമായി. അതിനുശേഷം അപരിചിതരില്‍ നിന്ന് എനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. പക്ഷേ ഇങ്ങനെ വേഷം മാറിയതിന് ശേഷം സ്ത്രീകളുടെ സീറ്റില്‍ ഇരിക്കാനോ അവര്‍ നില്‍ക്കുന്നിടത്ത് നില്‍ക്കാനോ കഴിയാതെ ആയി. അങ്ങനെ നില്‍ക്കുമ്പോള്‍ പിന്നിലേക്ക് മാറി നില്‍ക്കാന്‍ കണ്ടക്ടര്‍ തന്നെ പറയും, സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുമ്പോള്‍ ആണുങ്ങളുടെ സീറ്റില്‍ പോയി ഇരിക്കാന്‍ ആവശ്യപ്പെടും. പിന്നെ മോനെ സീറ്റില്‍ ഇരുത്തി അടുത്ത് ചാരി നില്‍ക്കും. പിന്നെ ഒരുഘട്ടത്തില്‍ ബസ് യാത്രതന്നെ അവസാനിപ്പിച്ചു. ഇപ്പോഴും ഏകദേശം അങ്ങനെ തന്നെയാണ് ജീവിതം. അതില്‍ നിന്നിപ്പോഴും ഞാന്‍ പുറത്തിറങ്ങിയിട്ടില്ല. മറ്റുള്ളവരുടെ കണ്ണിലും അങ്ങനെതന്നെ. എന്നെ കണ്ടിട്ട് മനുഷ്യനായിട്ട് തോന്നുന്നുണ്ടെങ്കില്‍ അതുമതിയെന്നാണ് കരുതുന്നത്.

ആണ്‍വേഷത്തിലേക്ക് മാറിയതിനുശേഷം പിന്നീട് ബുദ്ധിമുട്ടിച്ചവരെല്ലാം എന്നെ അറിയാവുന്നവരായിരുന്നു. ഞാന്‍ സ്ത്രീയാണെന്ന് അറിയാവുന്നവര്‍. മോശമായി ആരെങ്കിലും സമീപിച്ചാല്‍ ഫോണിന്റെ സിമ്മും മാറ്റി, താമസസ്ഥലവും ജോലിയും മാറ്റി മറ്റെങ്ങോട്ടെങ്കിലും പോകുന്നതായിരുന്നു അന്നത്തെ രീതി. ഒരിക്കല്‍ ഇന്‍ഷുറന്‍സ് ഏജന്റായിരുന്ന കാലത്ത് 50000 രൂപയുടെ ഇന്‍ഷുറന്‍സ് തരാമെന്ന് പറഞ്ഞ് ഒരുവലിയ മുതലാളി വിളിച്ചു. വലിയ സന്തോഷത്തോടെ പാന്റും ഷര്‍ട്ടുമെല്ലാം ഇട്ടുപോയപ്പോള്‍ അയാളുടെ മറുപടി ഇതല്ലല്ലോ വിളിച്ച ആള്‍, ഒരു സ്ത്രീയുടെ ശബ്ദമായിരുന്നല്ലോ എന്നെല്ലാമായിരുന്നു. ഞാന്‍ തന്നെയാണെന്ന് വിളിച്ചതെന്ന് പറഞ്ഞപ്പോള്‍ തുണിയെല്ലാം ഊരി അവിടെ നിന്നാല്‍ 50000-ത്തിന്റെ പോളിസി ഇപ്പോള്‍ തന്നെ തരാമെന്നായിരുന്നു മറുപടി. എഴുന്നേറ്റ് പോകാനൊരുങ്ങിയപ്പോള്‍ അയാളുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ വാതില്‍ മറച്ച് നില്‍ക്കുന്നുണ്ടായിരുന്നു. ആ സാഹചര്യത്തില്‍ നിന്നെല്ലാം രക്ഷപ്പെട്ട് പോയത് ഭാഗ്യം കൊണ്ട് മാത്രമാണ്. ഒറ്റയ്ക്ക് ജീവിക്കുന്ന പെണ്ണാണ്, ഒരുതുണയും ഇല്ലാതെ ജീവിക്കാന്‍ പറ്റുമോ, എന്നെല്ലാമുള്ള ചിന്തയില്‍ നിന്നാണ് അത്തരക്കാര്‍ സമീപിച്ചിരുന്നത്. എന്നാല്‍ അങ്ങനെയും ജീവിക്കാന്‍ പറ്റുന്ന കരളുറപ്പുള്ളവരുണ്ടെന്ന് അവര്‍ അറിയുന്നില്ല.

പണ്ടൊക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഒറ്റപ്പെടുന്നതിന് മുന്‍പ് വീട്ടിനുള്ളില്‍ നിന്നുള്ള ബുദ്ധിമുട്ടുകളെ തുടര്‍ന്നായിരുന്നു ആ ശ്രമമെല്ലാം. അവിടെ നിന്നാണ് മകനെയും കൊണ്ട് ജീവിക്കാന്‍ ഇറങ്ങിയത്. അതിനുശേഷവും ഒരുപാട് തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. അപ്പോഴെല്ലാം മോനെ ഓര്‍ത്താണ് അത് വേണ്ടെന്ന് വെച്ചത്. അവന് ആരുമില്ലാതെ ആകും. ഒറ്റപ്പെടുന്ന ആ കുട്ടിയുടെ അവസ്ഥ എന്താകും. അതെല്ലാം ചിന്തിക്കുമ്പോള്‍ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരും. കുളിക്കുമ്പോഴായിരുന്നു എപ്പോഴും കരഞ്ഞിരുന്നത്. കുളിക്കുമ്പോള്‍ കണ്ണീരൊഴുകും. കുളികഴിയുമ്പോഴേക്കും ഒരു ആശ്വാസം കിട്ടും. അല്ലാതെ കരയേണ്ട കാര്യമില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടു. കരഞ്ഞാല്‍ എവിടെയും എത്തില്ല. ജീവിക്കണം. എന്തെങ്കിലും പ്രതീക്ഷയുള്ളവരല്ലേ ഒരിക്കലും പ്രതീക്ഷികാത്ത ഇടങ്ങളിലെത്തൂ- ആനി ശിവ പറയുന്നു.

Also Read: ‘മലയാള വാര്‍ത്താ ചാനലുകളില്‍ തട്ടമിട്ട സ്ത്രീകള്‍ക്ക് അലിഖിത വിലക്ക്’; ജനാധിപത്യ വിരുദ്ധമെന്ന് ഫാത്തിമ തഹ്ലിയ

Next Story