‘വനിതാ പ്രാതിനിധ്യത്തില്‍ സിപിഐയും തിരുത്തേണ്ടതുണ്ട്’; വിശ്വാസത്തിന്റെ പേരില്‍ എന്‍ഡിഎയ്ക്കും യുഡിഎഫിനും വോട്ടുചെയ്യാന്‍ സ്ത്രീകള്‍ വിഡ്ഢികളല്ലെന്ന് ആനി രാജ
ജാതി അടിസ്ഥാനത്തിലുള്ള സംവരണം വേണ്ട എന്ന സുപ്രീം കോടതി പരാമര്‍ശത്തെ മഹിളാ ഫെഡറേഷന് അപലപിക്കുന്നതായി ആനി രാജ അറിയിച്ചു.
26 March 2021 8:41 AM GMT
സുജു ബാബു

സ്ത്രീകള്‍ക്ക് മൂന്ന് മുന്നണികളും സ്ഥാനാര്‍ഥി പട്ടികയില്‍ ന്യായമായ പങ്കാളിത്തം നല്‍കുന്നില്ലെന്ന ആരോപണം ആവര്‍ത്തിച്ച് ദേശീയ മഹിളാ ഫെഡറേഷന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആനി രാജ. സ്ത്രീ പുരുഷനേക്കാള്‍ എത്രയധികം പ്രവര്‍ത്തനങ്ങള്‍ ചെയ്താലും അംഗീകരിക്കപ്പെടുന്നില്ലെന്നും ആനി രാജ പറഞ്ഞു. വനിതാ മുഖ്യമന്ത്രിയ്ക്ക് സാധ്യതയില്ലാഞ്ഞിട്ടല്ല. വനിതാ പ്രാതിനിധ്യത്തില്‍ സിപിഐയും തിരുത്തേണ്ടതുണ്ടെന്നും ആനി രാജ സൂചിപ്പിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ആനി രാജയുടെ പ്രതികരണം.
ജാതി അടിസ്ഥാനത്തിലുള്ള സംവരണം വേണ്ട എന്ന സുപ്രീം കോടതി പരാമര്‍ശത്തെ മഹിളാ ഫെഡറേഷന് അപലപിക്കുന്നതായി ആനി രാജ അറിയിച്ചു. ജാതി ഉച്ചനീചത്വങ്ങള്‍ നില്ക്കുന്ന രാജ്യത്ത് ജാതി അടിസ്ഥാനത്തിലുള്ള സംവരണം വേണ്ടെന്ന സുപ്രീം കോടതി പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയം മഹിളാ ഫെഡറേഷനെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ പ്രശ്നമല്ല ലിംഗ സമത്വത്തിന്റെ പ്രശ്നമാണെന്ന് ആനി രാജ നിലപാടറിയിച്ചു. വിശ്വാസത്തിന്റെ പേരില്‍ യു ഡി എഫിനും എന്‍ഡിഎയ്ക്കും വോട്ട് ചെയ്യാന്‍ കേരളത്തിലെ സ്ത്രീകള്‍ വിഡ്ഢികളല്ലെന്നും ആനി രാജ ആഞ്ഞടിച്ചു.
ആനി രാജ പറഞ്ഞത്:
തുടര്‍ ഭരണത്തിനാണ് ഇടതു സര്‍ക്കാര്‍ ഈ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നത്. ജനാധിപത്യത്തിന്റെ നാല് നെടുംതൂണുകളും നിലംപൊത്താറായ അവസ്ഥയിലാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത.് ഇടതുമുന്നണി രാജ്യത്ത് ഇന്ന് അധികാരത്തിലുള്ളത് കേരളത്തില്‍ മാത്രമാണ്. സ്ത്രീ പുരുഷനേക്കാള്‍ എത്രയധികം പ്രവര്‍ത്തനം നടത്തിയാലും ഒരുപാര്‍ട്ടിയിലും അംഗീകരിക്കപ്പെടുന്നില്ല. സ്ത്രീകള്‍ക്ക് മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഫെയര്‍ ഷെയര്‍ നല്‍കിയില്ല. വനിതാ മുഖ്യമന്ത്രിക്ക് സാധ്യതയില്ലാഞ്ഞിട്ടല്ല. വനിതാ പ്രാതിനിധ്യത്തില്‍ സിപിഐയും തിരുത്തേണ്ടതുണ്ട്.
കിറ്റുകള്‍ കേന്ദ്രം നല്കിയതെന്നൊക്കെയാണ് ഇപ്പോള്‍ പ്രചരണം നടക്കുന്നത്.രണ്ട് മാസം അരിയും കടലയും മാത്രമാണ് കേന്ദ്രം നല്‍കിയത്. എന്നാല്‍ കേരളത്തില്‍ വിതരണം ചെയ്ത കിറ്റില്‍ ഇത് മാത്രമാണോ ഉണ്ടായിരുന്നത് ?കോവിഡ് കാലത്ത് കുടുംബങ്ങള്‍ക്ക് ആശങ്കയില്ലാതെ കഴിയാനായി. ജനങ്ങള്‍ക്ക് അന്തസ്സായി ജീവിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കി.
വിശ്വാസമല്ല ലിംഗ സമത്വമാണ് അടിസ്ഥാന വിഷയം. വിശ്വാസത്തിന്റെ പേരില്‍ യു ഡി എഫിനും എന്‍ ഡി എയ്ക്കും വോട്ട് ചെയ്യാന്‍ കേരളത്തിലെ സ്ത്രീകള്‍ വിഡ്ഢികളല്ല. ഹിന്ദുത്വ വിഷയത്തില്‍ കോണ്‍ഗ്രസ് ബി ജെ പിയുടെ ബി ടീമല്ല. ബിജെപിക്കൊപ്പം തന്നെയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസും.
ജാതി അടിസ്ഥാനത്തിലുള്ള സംവരണം വേണ്ട എന്ന സുപ്രീം കോടതി പരാമര്‍ശത്തെ മഹിളാ ഫെഡറേഷന് അപലപിക്കുന്നു. ജ്യൂഡീഷറിയെ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് കേന്ദ ഗവണ്മെന്റ് ദുരുപയോഗം ചെയ്യുന്നുവെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല. ജാതി ഉച്ചനീചത്വങ്ങള്‍ നില്ക്കുന്ന രാജ്യത്ത് ജാതി അടിസ്ഥാനത്തിലുള്ള സംവരണം വേണ്ടെന്ന സുപ്രീം കോടതി പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. ബലാത്സംഗത്തിലെ ഇരയോട് പ്രതിയെ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്ന ജഡ്ജിയുടെ ചോദ്യം ജൂഡീഷ്യറിയിലും മനുവാദത്തിന്റെ കടന്നുകയറ്റമായേ കാണാനാകൂ. മണി ബില്ലുകളായി നിയമങ്ങള്‍ കൊണ്ടു വരികയാണ്. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ഭൂരിപക്ഷ താത്പര്യങ്ങള്‍ നടപ്പാക്കുന്നു. സിഎഎ പോലുള്ള നിയമങ്ങള്‍ കൊണ്ടുവന്ന് രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ക്കുകയാണ്. 44 തൊഴില്‍ നിയമങ്ങള്‍ എല്ലാം വെട്ടിച്ചുരുക്കി നാല് ലേബര്‍ കോഡുകളാക്കി. സംഘടിതരായ തൊഴിലാളികളെ അസംഘടിതരാക്കി മാറുകയാണ്
കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും നിയമാനുസൃതമാക്കി മാറ്റുകയാണ് പുതിയ കാര്‍ഷിക നിയമത്തിലൂടെ. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം കഴിഞ്ഞ 4 വര്‍ഷമായി സ്ത്രീകളിലും കുട്ടികളിലും വിളര്‍ച്ചയും പോഷകാഹാരക്കുറവും വര്‍ധിക്കുകയാണ്. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് ഗുജറാത്താണ്. ഇത് സര്‍ക്കാരിന്റെ തന്നെ കണക്കാണ്. പുതിയ കാര്‍ഷിക നിയമം ഇതിന്റെ ആക്കം കൂട്ടുകയും സ്ത്രീകളുടെയും കുട്ടികളുടെയും നിശബ്ദ കൂട്ട ഹത്യയ്ക്ക് കാരണമാകും. കരയും കടലും വിഭവങ്ങളും കോര്‍പ്പറ്റുകള്‍ക്ക് വിറ്റ കേന്ദ്ര സര്‍ക്കാര്‍ ലോക് ഡൗണ്‍ കാലത്ത് ആകാശവും വില്‍പ്പനയ്ക്ക് വച്ചു. ബജറ്റില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ട വിഹിതം വെടിക്കുറച്ചു. കഴിഞ്ഞ ബഡ്ജറ്റിനെ അപേക്ഷിച്ച് സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ ശാക്തീകരണത്തിനുമുള്ള തുക 88% വെട്ടിക്കുറച്ചു.