Top

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ അണ്ണാ ഹസാരെ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു; പിന്നില്‍ ബിജെപി ഇടപെടലെന്ന് സൂചന

കേന്ദ്രമന്ത്രി കൈലാഷ് ചൗധരിയുമായും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായും ഹസാരെ ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

29 Jan 2021 10:20 AM GMT

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ അണ്ണാ ഹസാരെ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു; പിന്നില്‍ ബിജെപി ഇടപെടലെന്ന് സൂചന
X

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക പരിഷ്‌ക്കരണനിയമങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്താനിരുന്ന നിരാഹാരസമരം പിന്‍വലിച്ചു. സമരം പിന്‍വലിച്ചതായി അണ്ണാ ഹസാരെ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതിനുശേഷമായിരുന്നു ഹസാരെയുടെ തീരുമാനം. സമരം പിന്‍വലിച്ചതിന് പിന്നില്‍ ബിജെപിയുടെ ശക്തമായ ഇടപെടലുണ്ടെന്ന ആക്ഷേപങ്ങള്‍ വ്യാപകമാകുകയാണ്. എന്നാല്‍ തന്റെ ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നാണ് ഹസാരെയുടെ വിശദീകരണം.

കേന്ദ്രമന്ത്രി കൈലാഷ് ചൗധരിയുമായും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായും ഹസാരെ ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നിരാഹാരസമരം നടത്തരുതെന്നൊരു അപേക്ഷ തങ്ങള്‍ അണ്ണാ ഹസാരെയ്ക്കുമുന്നില്‍ വെച്ചിരുന്നെന്നും ഹസാരെ ആ അപേക്ഷ സ്വീകരിക്കാന്‍ തയ്യാറായെന്നും കൈലാഷ് ചൗധരി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയില്‍ റലേഗാന്‍ സിദ്ദി പ്രദേശത്ത് നിരാഹാരസമരം നടത്തുമെന്നായിരുന്നു അണ്ണാ ഹസാരെ പ്രഖ്യാപിച്ചിരുന്നത്. കര്‍ഷകര്‍ക്കായുള്ള തന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം ചെവിക്കൊണ്ടില്ലെന്ന് ആരോപിച്ചാണ് അണ്ണാ ഹസാരെ സമരപ്രഖ്യാപനം നടത്തിയിരുന്നത്. സ്വാമി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ഹസാരെ കേന്ദ്രത്തോട്് ആവശ്യപ്പെട്ടിരുന്നു.

കര്‍ഷകരുടെ അവസ്ഥ മനസിലാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നില്ലെന്ന് ഇന്ന് രാവിലെ അണ്ണാ ഹസാരെ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി നേതാക്കളുടെ അനുനയശ്രമങ്ങള്‍ക്കുശേഷം ഹസാരെ നിലപാട് മാറ്റിയെന്നാണ് ഇപ്പോള്‍ ആരോപണമുയരുന്നത്. കര്‍ഷകര്‍ ഇപ്പോഴും ആത്മഹത്യ ചെയ്യുന്നത് തങ്ങളുടെ വിളകള്‍ക്ക് നല്ല വില ലഭിക്കാത്തതുകൊണ്ടാണെന്നും താന്‍ അവരോടൊപ്പമാണെന്നും ഹസാരെ രാവിലെ മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞിരുന്നു.

Popular Stories

    Next Story