അഞ്ജു ഉയരങ്ങളിലേക്ക് കുതിച്ചത് ഒരു വൃക്കയുമായി; ‘വേദനസംഹാരി കഴിക്കാതെ, പരിക്കേറ്റ കാലുമായി അവിടെയെത്തിയതിനെ പരിശീലകന്റെ മായാജാലമെന്ന് വിളിക്കാമോ’

ഒരു വൃക്കയുമായി ലോകത്തിന്റെ ഉയരങ്ങളിലെത്താന്‍ അപൂര്‍വ്വ ഭാഗ്യം ലഭിച്ച ഒരാളാണ് താനെന്ന് കായികതാരം അഞ്ജു ബോബി ജോര്‍ജ്. ഇന്ത്യയ്ക്കുവേണ്ടി മത്സരിക്കുമ്പോളും മെഡലുകളും റെക്കോര്‍ഡുകളും സ്വന്തമാക്കുമ്പോഴും തനിക്ക് ഒരു വൃക്ക മാത്രമാണുണ്ടായിരുന്നതെന്നും ആ പരിമിതികളില്‍ നിന്നാണ് ഇത്രയും നേടിയതെന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. തന്റെ ട്വിറ്റര്‍ ഹാന്റിലിലൂടെ പുറത്തുവിട്ട ട്വീറ്റിലൂടെയാണ് അഞ്ജു ഈ വിവരം പുറത്തുവിട്ടത്.

‘വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു വൃക്കയുമായി ലോകത്തിന്റെ ഉയരങ്ങളിലെത്താനുള്ള ഭാഗ്യം ലഭിച്ച അപൂര്‍വ്വം ചിലരിലൊരാളാണ് ഞാന്‍. വേദനസംഹാരികള്‍ അലര്‍ജിയായും ഉയര്ത്തേണ്ടകാലിന് പരിക്കേറ്റും ഒത്തിരി പരിമിതികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും അവിടെ നിന്നാണ് അത് സാധിച്ചെടുത്തത്. അതിനെ നമുക്ക് പരിശീലകന്റെയോ അദ്ദേഹത്തിന്റെ കഴിവിന്റെയോ മായാജാലമെന്ന് വിളിക്കാനാകുമോ’, ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ, സ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്താണ് അഞ്ജുവിന്റെ ട്വീറ്റ്.
തുടര്‍ന്ന് അഞ്ജുവിന്റെ ട്വീറ്റിന് മറുപടിയായി കായികമന്ത്രി കിരണ്‍ റിജിജു അഭിനന്ദനമറിയിച്ചു. ഇന്ത്യയ്ക്കായി ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരമായ അഞ്ജുവില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആ നേട്ടമെല്ലാം അഞ്ജു കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും മനക്കരുത്തിലൂടെയും സ്വന്തമാക്കിയതാണെന്നും അതിന് പരിശീലകരും സാങ്കേതികവിദഗ്ദരും പിന്തുണ നല്‍കിയിരുന്നെന്നും മന്ത്രി ട്വീറ്റില്‍ പറഞ്ഞു.

ജന്മനാ ഒരു വൃക്കയുമായി ജനിച്ച അഞ്ജു രാജ്യാന്തരമത്സരങ്ങള്‍ക്ക് മുന്നോടിയായി നടത്തിയ പരിശോധകളിലൂടെയാണ് വിവരം അറിയുന്നത്. 2003ല്‍ ലോംഗ് ജംപി ഇന്ത്യയ്ക്കായി മത്സരിച്ച താരം വെങ്കലനേട്ടമാണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയ്ക്കായി ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യത്തെ താരം എന്ന റെക്കോര്‍ഡും അഞ്ജുവിന്റേതായി. എന്നാല്‍ ഇന്നുവരെ ഇന്ത്യ മറ്റൊരു മെഡല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടാത്തതിനാല്‍ മെഡല്‍ നേടിയ ഏകതാരം എന്ന റെക്കോര്‍ഡും അഞ്ജു ബോബി ജോര്‍ജിന്റേതാണ്. ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയ്ക്കായി മെഡല്നേടിയിട്ടുള്ള താരത്തിന് അര്‍ജുന അവാര്‍ഡ്, രാജീവ് ഗാന്ധി ഖേല്‍ രത്ന എന്നീ പുരസ്കാരങ്ങള്‍ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.