Top

‘ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് പിന്നീട് എന്റെ സോഷ്യല്‍മീഡിയില്‍ സംഭവിച്ചത്’; തനിഷ്‌ക് പരസ്യ സംവിധായക ജോയീത

അതിന്റെ പേരില്‍ മുഖമോ യഥാര്‍ഥ പേരോ ഇല്ലാത്ത ചിലര്‍ എനിക്ക് നേരെ സൈബര്‍ അതിക്രമം നടത്തുകയാണ് ചെയ്യുന്നത്’. ജോയീത പറയുന്നു.

15 Oct 2020 6:05 AM GMT

‘ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് പിന്നീട് എന്റെ സോഷ്യല്‍മീഡിയില്‍ സംഭവിച്ചത്’; തനിഷ്‌ക് പരസ്യ സംവിധായക ജോയീത
X

മുസ്ലീം വീട്ടിലേക്ക് കല്യാണം കഴിച്ച് ചെല്ലുന്ന ഹിന്ദുപെണ്‍കുട്ടിയെ ഭാവന ചെയ്യുന്ന തനിഷ്‌ക് ജ്വലറി പരസ്യത്തിനുപേരില്‍ തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങള്‍ തുറന്നുപറഞ്ഞ് പരസ്യസംവിധായക ജോയീത പാട്പാട്യ. പരസ്യം ലൗ ജിഹാദിനെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തീവ്രഹിന്ദുവലതുപക്ഷം തന്റെ സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ക്ക് താഴെ അത്യന്തം ഭയാനകമായ അതിക്രമമാണ് നടത്തിയതെന്ന് ജോയീത പറയുന്നു. പൗരത്വഭേദദതി നിയമത്തെ പിന്തുണച്ചിരുന്നുവെന്ന പേരിലും ഇപ്പോള്‍ തനിക്കെതിരെ ഒരുസംഘം മുറവിളി കൂട്ടുന്നുവെന്ന് ജോയീത പറയുന്നു. നമ്മുടെ രാജ്യം മതേതരമാണെന്നും അത് എക്കാലവും അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യുമെന്നേ അക്രമികളോട് പറയാനുള്ളൂവെന്ന് ജോയീത പറയുന്നു. ദി ക്വിന്റിലൂടെയായിരുന്നു ജോയീതയുടെ പ്രതികരണം.

‘എന്റെ സോഷ്യല്‍ മീഡിയയിലേക്ക് അത്യന്തം ഭയാനകവും അപകടകരവുമായ മെസേജുകള്‍ എത്തിയപ്പോഴും അതിനിടെ ഒരുപാട് സ്‌നേഹവും പലയിടത്തുനിന്നായി എനിക്ക് ലഭിച്ചിരുന്നു. സമത്വം, ഒരുമ എന്നീ ആശയങ്ങളിലൂന്നിക്കൊണ്ടാണ് ഈ പരസ്യ ക്യാംപെയ്ന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. അതാണല്ലോ ഏകത്വം എന്ന് അതിന് പേരുവന്നത്. ഞങ്ങള്‍ അതില്‍ യാതൊരു വിവാദങ്ങള്‍ക്കുള്ള സാധ്യതയും കണ്ടില്ല. നെഗറ്റീവ് റോളില്‍ വരുന്ന സീരിയലുകളിലെ അമ്മായിയമ്മയ്ക്കും മരുമകള്‍ക്കും പകരമായി പരസ്പരം സ്‌നേഹിക്കുന്ന രണ്ട് സ്ത്രീകളാണ് പരസ്യത്തിലുള്ളത്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കുള്ള ചടങ്ങുകളെക്കുറിച്ച് റിസേര്‍ച്ച് ചെയ്തുകൊണ്ടാണ് പരസ്യമുണ്ടാക്കിയത്. വ്യത്യസ്ത മതത്തില്‍പ്പെട്ട സ്ത്രീകള്‍ ഒരേ ഫ്രെയ്മില്‍ വരുന്നതാണ് ഇവിടുത്തെ പ്രശ്‌നം. അത് സഹിക്കാവുന്നതല്ല. അതിന്റെ പേരില്‍ മുഖമോ യഥാര്‍ഥ പേരോ ഇല്ലാത്ത ചിലര്‍ എനിക്ക് നേരെ സൈബര്‍ അതിക്രമം നടത്തുകയാണ് ചെയ്യുന്നത്’. ജോയീത പറയുന്നു.

ഹിന്ദു-മുസ്ലിം വിവാഹത്തെ പിന്തുണയ്ക്കുന്ന പരസ്യം ലവ് ജിഹാദിന് മൗനാനുവാദം നല്‍കുന്നുവെന്ന ആരോപണമുന്നയിച്ചുകൊണ്ടാണ് തീവ്ര ഹിന്ദുവലതുപക്ഷ ചിന്താഗതിക്കാരായ ഒരു കൂട്ടമാളുകള്‍ ട്വിറ്ററില്‍ ജ്വലറിയുടെ ഏകത്വമെന്ന പരസ്യ ക്യാംപെയ്‌നെതിരെ വ്യാപക പ്രതിഷേധമുയര്‍ത്തുന്നത്. ലൗവ് ജിഹാദ് അനുകൂല പരസ്യം പ്രചരിപ്പിക്കുന്ന തനിഷ്‌ക് ബഹിഷ്‌കരിക്കണമെന്നാണ് ഈ കൂട്ടം ട്വിറ്ററിലൂടെ ആഹ്വാനം ചെയ്യുന്നത്.

ഗര്‍ഭിണിയായ ഹിന്ദുപെണ്‍കുട്ടിയുടെ ഗര്‍ഭകാലത്തെ ചില ചടങ്ങുകള്‍ ഹിന്ദുമതം അനുശാസിക്കുന്ന രീതിയില്‍ത്തന്നെ നടത്തുന്ന ഒരു മുസ്ലീം കുടുംബത്തെയാണ് പരസ്യം ചിത്രീകരിക്കുന്നത്. ഹിന്ദുരീതിയിലുള്ള ചടങ്ങുകള്‍ കണ്ട് ഇത് ഇവിടെ പതിവുള്ളതല്ലല്ലോ എന്ന് ചോദിക്കുന്ന പെണ്‍കുട്ടിയോട് പെണ്‍കുട്ടികളെ സന്തോഷിപ്പിക്കാനുള്ള ചടങ്ങുകള്‍ എല്ലായിടത്തും ഒരുപോലെയാണെന്നാണ് ആ വീട്ടിലെ മുസ്ലീം സ്ത്രീ പറയുന്നത്. ആ മുസ്ലീം കുടുംബം ഹിന്ദുപെണ്‍കുട്ടിയെ സ്വന്തം മകളെപ്പോലെയാണ് നോക്കുന്നതെന്ന് പറഞ്ഞുവെച്ചുകൊണ്ട് തനിഷ്‌ക് ഏകത്വ പരസ്യ ക്യാംപ്യെന്‍ അവസാനിക്കുന്നു. ഈ പരസ്യവും ആശയവും ലൗവ് ജിഹാദിനെ പിന്തുണയ്ക്കുന്നതായാണ് ഒരു കൂട്ടരുടെ വാദം. വിവാദത്തെത്തുടര്‍ന്ന് ജ്വലറി പരസ്യം പിന്‍വലിച്ചിരുന്നു.

Next Story

Popular Stories