വിരമിച്ച ഉദ്യോഗസ്ഥരേ, സൂക്ഷിക്കുക, നിങ്ങളും ‘പെഗാസിസൈസ്’ ചെയ്യപ്പെടുന്നു, സംശയമുണ്ടെങ്കില്‍ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറോട് ചോദിക്കൂ: അനില്‍ സ്വരൂപ്
മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായ അശോക് ലവാസയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു.
23 July 2021 5:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനുനേരെ പരിഹാസവുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് അനില്‍ സ്വരൂപ്. പെഗാസിസ് ഫോണ്‍ ചോര്‍ത്തലിനെതിരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണമെന്ന് അനില്‍ സ്വരൂപ് ഒരു ട്വീറ്റിലൂടെ സൂചിപ്പിച്ചു. നിങ്ങളുടെ ഫോണുകളും പെഗാസിസൈസിന് വിധേയമായിട്ടുണ്ടാകാമെന്നതിനാല് വിരമിച്ച ഉദ്യോഗസ്ഥരും സൂക്ഷിക്കണമെന്നും സംശയമുണ്ടെങ്കില്‍ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറോട് അന്വേഷിച്ചാല്‍ മതിയെന്നുമായിരുന്നു ട്വീറ്റിലൂടെ അനില്‍ സ്വരൂപിന്റെ പരിഹാസം.
‘സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരേ, നിങ്ങളും സൂക്ഷിക്കുക. അവരെ സംബന്ധിച്ച് നിങ്ങള്‍ പ്രധാനപ്പെട്ടവരാണെന്ന് തോന്നുകയാണെങ്കില്‍ നിങ്ങളും പെഗാസസൈസ് ചെയ്യപ്പെട്ടിട്ടുണ്ടാകാം. നിങ്ങളുടെ ഭൂതകാലത്തിലെ അനുഭവങ്ങളാല്‍ വര്‍ത്തമാനകാലത്തെ വേട്ടയാടുന്നുണ്ടെങ്കില്‍, നിങ്ങളുടെ ഭൂതകാലം നിങ്ങളെ വേട്ടയാടും. ഞാന്‍ പറയുന്നത് വിശ്വസിക്കാനാകുന്നില്ലെങ്കില്‍ നിങ്ങള്‍ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചുനോക്കൂ. അദ്ദേഹവും പെഗാസസൈസ് ചെയ്യപ്പെട്ടിട്ടുണ്ട്’. എന്നായിരുന്നു അനില്‍ സ്വരൂപിന്റെ ട്വീറ്റ്.
മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായ അശോക് ലവാസയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. അശോക് ലവാസയുടെ പേര് പരാമര്‍ശിക്കാതെയാണ് അനില്‍ സ്വരൂപിന്റെ ട്വീറ്റ്. വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒന്നും തുറന്ന് പറയാനാകില്ല, പറഞ്ഞാല്‍ പെന്ഷന് നഷ്ടമാകുമെന്ന വാര്‍ത്തയോടൊപ്പമാണ് അനില്‍ സ്വരൂപ് ട്വീറ്റ് ചെയ്തത്. ഉത്തര്‍ പ്രദേശ് കേഡറില്‍ നിന്നുള്ള റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനില്‍ സ്വരൂപ്.
- TAGS:
- Central Government