അനിലിന്റെ വിയോഗം; മലങ്കര ഡാമിലെ ജലാശയത്തിലെ ഫോട്ടോകള്‍
മലങ്കര ഡാമിലെ ജലാശയത്തില്‍ നടന് അനില്‍ പി നെടുമങ്ങാട് മുങ്ങിമരിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. സിനിമാ ലൊക്കേഷനില്‍ നിന്ന് ക്രിസ്തുമസ് ആഘോഷത്തിനായാണ് അനിലും സുഹൃത്തുക്കളും മലങ്കര ഡാമിലെത്തിയത്. ജലാശയത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍ അനില്‍ മുങ്ങുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഉടന്‍ തന്നെ അദ്ദേഹത്തെ പുറത്തെടുത്തതെന്നും എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് അദ്ദേഹം മരിക്കുകയായിരുന്നെന്നും അനിലിന്റെ സുഹൃത്തും പാലാ സ്വദേശിയുമായ അരുണ്‍ രാജ് പറഞ്ഞു. ”ജലാശയത്തിലെ കയത്തില്‍ മുങ്ങിപ്പോയ അനിലിനെ ജീവനോടെയാണ് പുറത്തെടുത്തത്. വെള്ളത്തില്‍ മുങ്ങി എട്ട് മിനിറ്റുള്ളില്‍ തന്നെ അനിലിനെ […]

മലങ്കര ഡാമിലെ ജലാശയത്തില്‍ നടന് അനില്‍ പി നെടുമങ്ങാട് മുങ്ങിമരിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. സിനിമാ ലൊക്കേഷനില്‍ നിന്ന് ക്രിസ്തുമസ് ആഘോഷത്തിനായാണ് അനിലും സുഹൃത്തുക്കളും മലങ്കര ഡാമിലെത്തിയത്. ജലാശയത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍ അനില്‍ മുങ്ങുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഉടന്‍ തന്നെ അദ്ദേഹത്തെ പുറത്തെടുത്തതെന്നും എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് അദ്ദേഹം മരിക്കുകയായിരുന്നെന്നും അനിലിന്റെ സുഹൃത്തും പാലാ സ്വദേശിയുമായ അരുണ്‍ രാജ് പറഞ്ഞു.

”ജലാശയത്തിലെ കയത്തില്‍ മുങ്ങിപ്പോയ അനിലിനെ ജീവനോടെയാണ് പുറത്തെടുത്തത്. വെള്ളത്തില്‍ മുങ്ങി എട്ട് മിനിറ്റുള്ളില്‍ തന്നെ അനിലിനെ പുറത്തെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.”

വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ പ്രദേശവാസികളെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പ്രദേശവാസിയായ യുവാവ് അനിലിനെ കരയ്ക്കെത്തിക്കുകയും ചെയ്തു. ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ അനിലിന് ജീവനുണ്ടായിരുന്നു. എന്നാല്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണപ്പെട്ട നിലയിലാണ് അനിലിനെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് ഡോക്ടര്‍മാരും പറഞ്ഞത്. ജോജു ജോര്‍ജിന്റെ പീസ് എന്ന ചിത്രത്തില്‍ അഭിനയിക്കാനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്.

1972 മെയ് 30ന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് അദ്ധ്യാപകനായിരുന്ന പീതാംബരന് നായരുടെയും ഇലക്ട്രിസിറ്റി ബോഡ് ഉദ്യോഗസ്ഥയായിരുന്ന ഓമനക്കുട്ടിയമ്മയുടെയും മകനായാണ് അനിലിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എംജി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടിയ അനില്‍ തൃശൂര്‍ സ്ക്കൂള് ഓഫ് ഡ്രാമയില്‍ നിന്നും അഭിനയത്തില്‍ ഡിപ്ലോമ നേടി.

അനില്‍ പി നെടുമങ്ങാടിന്റെ കരിയര്‍ ആരംഭിക്കുന്നത് ടെലിവിഷന്‍ ചാനലുകളില്‍ അവതാരകനായിക്കൊണ്ടാണ്. കൈരളി, ഏഷ്യാനെറ്റ്, ജെയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളില്‍ വിവിധ പരിപാടികളുടെ അവതാരകനായിരുന്നിട്ടുണ്ട്. കൈരളിയില്‍ അനില്‍ അവതാരകനായിരുന്ന, സിനിമാ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള സ്റ്റാര്‍വാര്‍ എന്ന പ്രോഗ്രാം വളരെ ജനപ്രീതി നേടിയിരുന്നു. നാടക വേദികളിലും അനില്‍ സജീവമായിരുന്നു. മാക്ബത്ത് ഉള്‍പ്പെടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അനില്‍ പി നെടുമങ്ങാടിന്റെ സിനിമയിലേയ്ക്കുള്ള ചുവടുവെപ്പ് 2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയായിരുന്നു. 2016 ല്‍ ഇറങ്ങിയ കമ്മട്ടിപ്പാടം എന്ന സിനിമയിലെ വില്ലന്‍ വേഷം അനിലിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അനില്‍ നെടുമങ്ങാട് അവതരിപ്പിച്ച പോലീസ് ഓഫീസറുടെ വേഷം പ്രേക്ഷക പ്രീതി നേടി. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പൊറിഞ്ചു മറിയം ജോസ്, ആഭാസം, പരോള്‍, കിസ്മത്ത്, പാവാട, തുടങ്ങിയ 20 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.