Top

മകന്‍ മത്സരിക്കുന്നില്ലെന്ന് അച്ഛന്‍, ഇത്തവണയില്ലെന്ന് മകനും; ചേര്‍ത്തലയിലെ അഭ്യൂഹങ്ങളില്‍ അടിവരയിട്ട് എകെ ആന്റണിയും അനില്‍ ആന്റണിയും

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മകന്‍ അനില്‍ ആന്റണി എത്തുമെന്ന വാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അനില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും എകെ ആന്റണി വ്യക്തമാക്കി. അനില്‍ ആന്റണിയും ഇക്കാര്യം തന്നെയാണ് ആവര്‍ത്തിക്കുന്നത്. ‘അനില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രശ്‌നമില്ല. അവര്‍ തുടക്കക്കാരാണ്. പാര്‍ട്ടിക്കുവേണ്ടി വര്‍ഷങ്ങളായി കഷ്ടപ്പെടുന്ന നിരവധിപ്പേരുണ്ട്. അവര്‍ക്കാണ് അവസരം നല്‍കേണ്ടത്. അക്കാര്യം ഞാനും അനിലും തീരുമാനിച്ചിട്ടുണ്ട്’, എകെ ആന്റണി പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആന്റണിയുടെ […]

17 Feb 2021 2:46 AM GMT

മകന്‍ മത്സരിക്കുന്നില്ലെന്ന് അച്ഛന്‍, ഇത്തവണയില്ലെന്ന് മകനും; ചേര്‍ത്തലയിലെ അഭ്യൂഹങ്ങളില്‍ അടിവരയിട്ട് എകെ ആന്റണിയും അനില്‍ ആന്റണിയും
X

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മകന്‍ അനില്‍ ആന്റണി എത്തുമെന്ന വാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അനില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും എകെ ആന്റണി വ്യക്തമാക്കി. അനില്‍ ആന്റണിയും ഇക്കാര്യം തന്നെയാണ് ആവര്‍ത്തിക്കുന്നത്.

‘അനില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രശ്‌നമില്ല. അവര്‍ തുടക്കക്കാരാണ്. പാര്‍ട്ടിക്കുവേണ്ടി വര്‍ഷങ്ങളായി കഷ്ടപ്പെടുന്ന നിരവധിപ്പേരുണ്ട്. അവര്‍ക്കാണ് അവസരം നല്‍കേണ്ടത്. അക്കാര്യം ഞാനും അനിലും തീരുമാനിച്ചിട്ടുണ്ട്’, എകെ ആന്റണി പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആന്റണിയുടെ ജന്മനാടായ ചേര്‍ത്തലയില്‍ മകന്‍ അനില്‍ ആന്റണി മത്സരിക്കാനിറങ്ങുന്നെന്നായിരുന്നു അഭ്യൂഹങ്ങള്‍. കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ അനില്‍ സംസാരിച്ചിരുന്നു. ഇത് സജീവ രാഷ്ട്രീയ പ്രവേശത്തിന്റെ തുടക്കമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അഭ്യൂഹങ്ങള്‍ക്ക് കാമ്പ് കൂട്ടി.

എന്നാല്‍, ഇവയെല്ലാം തള്ളി, ഇത്തവണ മത്സരിക്കാനില്ലെന്ന് അനില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രചരണ രംഗത്ത് സജീവമാകുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നുമാണ് അനില്‍ വിശദീകരിക്കുന്നത്. ചെന്നിത്തല ആവശ്യപ്പെട്ടതുകൊണ്ടാണ് ചേര്‍ത്തലയില്‍ പ്രസംഗിച്ചതെന്നും അനില്‍ പറഞ്ഞു. തുറവൂര്‍, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിലെ യോഗങ്ങളിലും അനില്‍ പങ്കെടുത്തിരുന്നു.

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചുമതലക്കാരനാണ് അനില്‍ ആന്റണി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിജിറ്റല്‍ പ്രചാരണങ്ങളുടെ മേല്‍നോട്ടം അനിലിനാണ്. വിവിധ രാജ്യങ്ങളിലുള്ള കോണ്‍ഗ്രസ് അനുഭാവികളെ ഒരു പ്ലാറ്റ്‌ഫോമിന് കീഴില്‍ അണിനിരത്തുന്ന ജോലിയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അനില്‍ പറഞ്ഞു.

അനില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. അന്നും ഇത്തരം അഭ്യൂഹങ്ങള തള്ളിയുള്ള സമീപനമായിരുന്നു അനില്‍ സ്വീകരിച്ചിരുന്നത്.
ഏതോ നിക്ഷിപ്ത താല്പര്യങ്ങളുടെ പേരില്‍ ആരോ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളാണ് അവയെന്നും തനിക്ക് അത്തരത്തിലുള്ള ഉദ്ദേശ്യങ്ങളില്ലെന്നും അനില്‍ പറഞ്ഞു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയിലും പാര്‍ട്ടിയുടെ ഡിജിറ്റല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെ ചുമതലക്കാരന്‍ എന്ന നിലയിലും നമ്മുടെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനും യുഡിഎഫിന്റെ വിജയത്തിനും എന്റേതായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനില്‍ ജനുവരിയില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Next Story