Top

‘വികസനകാര്യത്തില്‍ പിണറായിയെ വിശ്വാസം’; മണ്ഡലത്തിലെ വികസനം എണ്ണിപ്പറഞ്ഞ് പ്രശംസയുമായി അനില്‍ അക്കര

ആരുടേയും വീട് മുടക്കാനല്ല ശ്രമിച്ചതെന്ന് അനില്‍ അക്കര പറയുന്നു.

19 March 2021 10:47 PM GMT

‘വികസനകാര്യത്തില്‍ പിണറായിയെ വിശ്വാസം’; മണ്ഡലത്തിലെ വികസനം എണ്ണിപ്പറഞ്ഞ് പ്രശംസയുമായി അനില്‍ അക്കര
X

വികസനത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തനിക്ക് വിശ്വാസമാണെന്ന് അനില്‍ അക്കര എംഎല്‍എ. പിണറായി സര്‍ക്കാര്‍ തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വികസനം അനുവദിച്ച മണ്ഡലമാണ് വടക്കാഞ്ചേരിയെന്നും വികസപ്രവര്‍ത്തനങ്ങള്‍ക്ക് ഇടതുസര്‍ക്കാര്‍ അകമഴിഞ്ഞ് സഹായിച്ചെന്നും അനില്‍ അക്കര പറഞ്ഞു. വികസനവിരോധിയാണ് അനില്‍ അക്കര എന്ന ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മണ്ഡലത്തിലെ അഞ്ച് വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങള്‍ എംഎല്‍എ എണ്ണിപ്പറഞ്ഞത്. മന്ത്രിമാരില്‍ നിന്നും സഹായം ലഭിച്ചെന്നും സര്‍ക്കാര്‍ സഹായത്തോടെ മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫുകാര്‍ തള്ളിപ്പറയുമോ എന്നും അനില്‍ അക്കര ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലൈഫ് മിഷന്‍ ക്രമക്കേട് ചൂണ്ടി പരാതി നല്‍കിയ താന്‍ ആരുടേയും വീട് മുടക്കാനല്ല ശ്രമിച്ചതെന്ന് അനില്‍ അക്കര പറയുന്നു. അഴിമതി നടത്തി എന്ന് പറയുന്നത് താനല്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളാണ്. എന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വീടില്ലാത്തവര്‍ വീട് നിര്‍മ്മിച്ചു നല്‍കാനുള്ള പദ്ധതിയായിട്ടും പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കാണ് എന്ന് പറഞ്ഞാണ് ഫ്‌ലാറ്റ് നിര്‍മ്മിച്ചത്. അത് തന്നെ സംശയാസ്പദമായിരുന്നു. വീട് നഷ്ടപ്പെട്ട ഒരാള്‍ മുന്നോട്ട് വന്നാല്‍ താന്‍ താമസിക്കുന്ന വീട് അവര്‍ക്ക് ഒഴിഞ്ഞു നല്‍കി തെരുവിലേക്കിറങ്ങാന്‍ തയ്യാറാണെന്നും ഈ വെല്ലുവിളി സ്വീകരിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ തയ്യാറുണ്ടോയെന്നും അനില്‍ അക്കര ചോദിച്ചു.

വികസന വിരോധി, ഫ്‌ലാറ്റ് മുടക്കി എന്നൊക്കെ തന്നെ വിളിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് അനില്‍ അക്കരയുടെ പക്ഷം. കോടിയേരിയ്ക്ക് കിട്ടിയ ഫോണ്‍ മുടക്കിയിട്ടുണ്ട്. എന്നാല്‍ വിമര്‍ശകര്‍ തന്നെ ഫോണ്‍ മുടക്കി എംഎല്‍എ എന്ന് വിളിക്കാന്‍ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തനിക്ക് വിഎസ് അച്യുതാനന്ദനില്‍ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് അനില്‍ അക്കര പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴസിറ്റി ക്യാംപസ് മെഡിക്കല്‍ കോളെജായി തൃശ്ശൂര്‍ മാറുകയാണ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളെജില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് നടന്നത്. ഇടതുസര്‍ക്കാര്‍ കൈകയച്ച് സഹായിച്ചു എന്നിതില്‍ യാതൊരു സംശയവുമില്ല. പുഴക്കര പാലം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്നും അനില്‍ അക്കര പറഞ്ഞു.

Popular Stories

    Next Story