‘പിസാസ് 2ന്റെ ഫസ്റ്റ് ലുക്കിന് പിന്നിൽ ഒരു കഥയുണ്ട്’; ആൻഡ്രിയ

കഴിഞ്ഞ ദിവസം മിസ്കിൻ സംവിധാനം ചെയ്യുന്ന പിസാസ് 2ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരുന്നു. പോസ്റ്ററിലെ ലുക്ക് മുത്തശ്ശിയുടെ പഴയ ഫോട്ടോയിൽ നിന്ന് കടമെടുത്തതാണെന്ന് ആൻഡ്രിയ. മുത്തശ്ശിയുടെ ചിത്രത്തോടൊപ്പം ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം വിശേഷം പങ്കുവെച്ചത്.

പിസാസ് 2ന്റെ ഫസ്റ്റ് ലുക്കിന് പിന്നിൽ ഒരു കഥയുണ്ട്. ഇടതുവശത്തു കാണുന്നത് എന്റെ മുത്തശ്ശിയുടെ ചിത്രമാണ്. മുത്തശ്ശിയുടെ പേര് ഹീതർ എന്നാണ്. സ്വർണ്ണതലമുടിയും നീല കണ്ണുകളുമൊക്കെ ആയി, മുത്തശ്ശിയെ കണ്ടാൽ ഈ നാട്ടുകാരിയാണെന്നു തോന്നില്ല

ആൻഡ്രിയ

‘മിസ്കിൻ സർ ഈ കഥ എന്നോട് പറഞ്ഞപ്പോൾ, ഞാൻ ഉടനെ കഥാപാത്രവും എന്റെ കുടുംബപരമ്പരയും തമ്മിലുള്ള സമാനതകൾ നോക്കി. ഞാൻ പഴയ ഫോട്ടോഗ്രാഫുകൾ ചികഞ്ഞു. ഈ ചിത്രം അദ്ദേഹത്തിന് അയച്ചു. ഈ ചിത്രം വളരെ മനോഹരമാണെന്നും തന്റെ സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കിനായി ഇത് പുനർസൃഷ്‌ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഈ ചിത്രം ഉണ്ടായി. ഈ രൂപം വളരെ മനോഹരമായി പുനർസൃഷ്‌ടിച്ചതിന് ടീമിന് അറിയിക്കുന്നു’, ആൻഡ്രിയ പറയുന്നു.

പോസ്റ്ററിൽ ഒരു സ്കാർഫ് തലയിൽ കെട്ടി നിൽക്കുന്ന ആൻഡ്രിയയെ കാണാൻ സാധിക്കും. പഴയ കാലഘത്തിനോട് സാമ്യം തോന്നുന്ന കളർ ടോണിലാണ് പോസ്റ്റർ ചെയ്തിരിക്കുന്നത്.

‘പിസാസ് 2’വിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ചിരുന്നു. ‘സൈക്കോ’ ഫെയിം രാജ്‌കുമാർ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. 2014ൽ പുറത്തിറങ്ങിയ പിസാസിന്റെ തുടർച്ചയാണ് ഈ ചിത്രമെന്നും അല്ലെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ അണിയറപ്രവർത്തകർ പ്രതികരണം ഒന്നും നൽകിയിട്ടില്ല.

Latest News