‘കൊറോണ ലോകത്തെത്തിയത് എന്നില്‍ നിന്ന്; വാക്‌സിന്‍ വേണ്ട, മാര്‍ച്ചില്‍ പൊയ്‌ക്കോളും’; വീണ്ടും വിചിത്ര വാദങ്ങളുമായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ

ആന്ധ്രാപ്രദേശില്‍ പുനര്‍ജന്‍മം നടക്കുമെന്ന് വിശ്വസിച്ച് പെണ്‍മക്കളെ കൊലപ്പെടുത്തിയ അമ്മ പദ്മജ വീണ്ടും വിചിത്ര വാദങ്ങള്‍ നിരത്തുന്നു. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധ നടത്താന്‍ നോക്കിയപ്പോള്‍ അതു വേണ്ടെന്നാണ് പദ്മജ പറഞ്ഞത്. കൊറോണ തന്നില്‍ നിന്നാണ് ലോകത്തിലെത്തിയതെന്നും ചൈനയില്‍ നിന്നല്ലെന്നുമാണ് പദ്മജ പറയുന്നത്. താന്‍ ശിവരൂപം പൂണ്ടെന്ന് പറഞ്ഞു കൊണ്ടാണ് പദ്മജയുടെ വാദങ്ങള്‍.

‘ ഞാനാണ് ശിവന്‍. കൊറോണ വൈറസ് എന്റെ ദേഹത്തു നിന്നും വന്നതാണ്., ചൈനയില്‍ നിന്നല്ല. മാര്‍ച്ചില്‍ കൊറോണ വൈറസ് ഇല്ലാതാവുമെന്ന് ഞാന്‍ പറയുന്നു. വാക്‌സിന്റെ ആവശ്യമില്ല,’ പദ്മജ പറഞ്ഞു.

ഇടയ്ക്ക് പദ്മജയുടെ ഭര്‍ത്താവ് സംസാരത്തില്‍ ഇടപെടാന്‍ നോക്കിയപ്പോള്‍ ഇപ്പോള്‍ നിങ്ങളെന്റെ ഭര്‍ത്താവല്ല. ഞാന്‍ ശിവനാണ് എന്നാണ് പദ്മജ പറഞ്ഞത്. പദ്മജയുടെ ഭര്‍ത്താവിന്റെ മനോനില ഇപ്പോള്‍ ഭാഗികമായി നോര്‍മലായി വരുന്നുണ്ട്. എന്നാല്‍ പദ്മജ ഇപ്പോഴും ഇത്തരം വിചിത്രവാദങ്ങള്‍ നടത്തുകയാണെന്നാണ് പൊലീസ് പറയുന്നത്.

ഗണിതശാസ്ത്രത്തില്‍ ഗോള്‍ഡ് മെഡലിസ്റ്റായ പദ്മജ ഐഐടി ടാലന്റ് സ്‌കൂള്‍ നടത്തുന്ന വ്യക്തിയാണ്. ഇവരുടെ ഭര്‍ത്താവ് പുരുഷോത്തമന്‍ നായ്ഡു കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടിയ ഗവ. കോളേജ് ലക്ചറര്‍ ആണ്. നല്ല വിദ്യാഭ്യാസവും ജോലിയും സമൂഹത്തില്‍ നല്ല നിലയിലുമുള്ള ഒരു കുടുംബം എങ്ങനെയാണ് ഇത്തരം ഒരു മാനസിക നിലയിലേക്കെത്തിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ഇന്നലെയും നിരവധി വസ്തുതാ വിരുദ്ധ കാര്യങ്ങള്‍ പദ്മജ പൊലീസിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഇളയെ മകളെ കൊന്നത് മൂത്ത മകളാണെന്ന് പറഞ്ഞ പദ്മജ പിന്നീട് ഡംബല്‍ കൊണ്ട് തലയ്ക്കടിച്ച് താനാണ് മക്കളെ കൊന്നതെന്ന് പൊലീസിനോട് പറഞ്ഞു. ചെകുത്താന്‍ സാന്നിധ്യം ഇല്ലായിരുന്നെങ്കില്‍ നാലഞ്ച് മണിക്കൂറിനുള്ളില്‍ അവര്‍ രക്ഷപ്പെടുമായിരുന്നില്ലേ എന്നാണ് പദ്മജ ചോദിച്ചത്.

പെണ്‍കുട്ടികള്‍ മരിച്ചു കിടന്ന മുറിയില്‍ പൊലീസ് എത്തിയപ്പോള്‍ മക്കളുടെ മൃതദേഹത്തിനു ചുറ്റും അമ്മ അലറിക്കൊണ്ട് ഡാന്‍സ് കളിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പരിസരം മറന്ന് ചിരിച്ച് മനോനില തെറ്റിയ നിലയിലായിരുന്നു ഇവരുടെ പെരുമാറ്റം. അലേഖ്യ,സായ് ദിവ്യ എന്നീ രണ്ട് പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. കലിയുഗം കഴിഞ്ഞ് തിങ്കളാഴ്ച സത്യയുഗത്തില്‍ ഇവര്‍ പുനര്‍ജനിക്കുമെന്നായിരുന്നു പദ്മജയും പുരുഷോത്തമനും കരുതിയത്.