‘അപ്രത്യക്ഷമായ ചിത്രവദി നദി തേടി ഭൂമിക്കടിയിലൂടെ ഒരു യാത്ര’

യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്ക് തിരിച്ചടിയായ ഒരു കാലം. അതായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങള്‍… പുത്തന്‍ അനുഭവങ്ങള്‍ തേടിയിറങ്ങുന്നവരെ ഏറെ നിരാശപ്പെടുത്തിയ ഇക്കാലത്ത് നേരത്തെ നടത്തിയ യാത്രകളുടെ ഓര്‍മ്മകളെ കുറിച്ചോര്‍ക്കുക മാത്രമാണ് അവര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. അത്തരത്തില്‍ ഒരു യാത്രാനുഭവമാണ് റിപ്പോര്‍ട്ടര്‍ ലൈവ് വായനക്കാര്‍ക്കായി പങ്കുവയ്ക്കുകയാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും, യാത്രകളെ ഏറെ സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ലേഖകന്‍ കൃഷ്ണ ഗോവിന്ദ്.

പതിവുപോലെ വട്ടം കൂടിയപ്പോള്‍ ഒരു ചങ്ങായി വെടിപൊട്ടിച്ചു, ‘ഡാ കൂവേ.. പോയാലോ?’ എവിടെയാണന്നോ എങ്ങോട്ടാണന്നോ എന്നൊന്നുമില്ല എന്നാലും മറുപടി പോസിറ്റീവ്. ‘പോകാം’.. എന്നാല്‍ ‘റെഡിയാവാന്‍ പൊക്കോ’ എന്ന് പറഞ്ഞ് പിരിഞ്ഞു.. പിന്നെ കൂടുന്നത് എറണാകുളം റെയില്‍വെ സ്‌റ്റേഷനില്‍.. അവിടെ എത്തിയപ്പോള്‍ എങ്ങോട്ട് പോകും? എന്നായി. ബാംഗ്ലൂര്‍ (കന്നഡിഗര്‍ ‘ബംഗളൂരു’വെന്നൊക്കെ മാറ്റിയാലും നമ്മുക്കിപ്പോഴും ഇത് ‘ബാംഗ്ലൂര്‍’ തന്നെ.. അല്ല പിന്നെ!).

ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറി. അപ്പോള്‍ നമ്മള്‍ ബാംഗ്ലൂര്‍ക്കാണ് പോണതല്ലേ? ആശയം മുന്നോട്ട് വച്ചവന്‍ തന്നെ ചോദിച്ചു. ആഹാ.. എല്ലാവരും കൂടി അവനെ നോക്കി കണ്ണുരുട്ടി. പിന്നെ കുറെ ബഹളമൊക്കെയായി ഒരു വിധം ബാംഗ്ലൂര്‍ പിടിച്ചു.

ഇവിടെയിപ്പോ എന്താ ഇത്ര കാണാനിരിക്കുന്നത്. നന്ദി ഹില്‍സില്‍ പോയാലോ, അല്ലേല്‍ വേണ്ട.. പിന്നെ എങ്ങോട്ടാണന്നുള്ള ചിന്ത ആന്ധ്രപ്രദേശിലെ ഒരു ഗുഹ കാണാന്‍ പോകാമെന്നായി.. ഗുഹയെങ്കി ഗുഹ.

ബാംഗ്ലൂര്‍ സെന്‍ട്രല്‍ സ്റ്റേഷനിലെ ക്ലോക്ക് റൂമില്‍ ബാഗും സാധനങ്ങളും എടുത്ത് പൂട്ടിക്കെട്ടി, സ്റ്റേഷനില്‍ നിന്ന് തന്നെ ഫ്രഷായി. പുറത്തേക്ക്, ആദ്യം ബെംഗളൂരുവിനെ ഒന്ന് തൊട്ടറിയാം…! മെട്രോ പിടിച്ച് കബോണ്‍ പാര്‍ക്കില്‍ പോയി സമയം കളഞ്ഞു. പിന്നെ ലാല്‍ബാഗും.. ചുമ്മാ നന്ദ ടാക്കീസ് റോഡിലേക്ക്.. നിറയെ മരങ്ങള്‍ തണല്‍ വിരിച്ച് നില്‍ക്കുന്ന റോഡിലൂടെ നടന്ന് കളിച്ച് തിരിച്ച് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ രാത്രിയായി.

‘മ്മടെ ഗുഹ കാണാന്‍ പോകേണ്ട റൂട്ടിലേക്കുള്ള ട്രെയ്ന്‍ സമയം കണക്കാക്കി കൂടിയാണ് താമസിച്ച് എത്തിയത്. ഞങ്ങള്‍ക്ക് പോകേണ്ട സ്‌റ്റേഷന്‍ താഡിപത്രിയിലേക്കാണ്. സ്ഥിരം ശൈലിയില്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറി സിറ്റീലും ലേഗേജ് സ്‌പെയിസുമൊക്കെയായി നമ്മുടെ അധികാരം സ്ഥാപിച്ചു (ജനാധിപത്യ മര്യാദ പാലിച്ച് തന്നെ..). ആ രാത്രി ഇരുട്ടി വെളുത്തപ്പോള്‍ താഡിപത്രിയെത്തി. സ്‌റ്റേഷനില്‍ തന്നെ കുളിയും തേവാരവും. ഇനി ബസ് സ്റ്റാന്‍ഡിലേക്ക് പോണം. അവിടെ നിന്നാണ് നമ്മുടെ ഗുഹയിലേക്കുള്ള ബസ് കിട്ടുക.

ബസ് സ്റ്റാന്‍ഡിലേക്ക് പോകാന്‍ ഷെയര്‍ ഓട്ടോകളെയുള്ളൂ ഒരു വഴി. ഏതോ തട്ടുപൊളിപ്പന്‍ തെലുങ്കുപാട്ടും കേട്ട് സ്റ്റാന്‍ഡില്‍ എത്തി. ആദ്യം ഭക്ഷണം തന്നെ. ഇനി നമ്മുടെ സ്ഥലത്തേക്ക് പോണം.

അങ്ങോട്ട് പത്ത് മുപ്പത്ത് കിലോ മീറ്ററുണ്ട്. അരമണിക്കൂറത്തെ കാത്തിരിപ്പിന് ശേഷം ബസ് കിട്ടി. യാത്ര തുടങ്ങിയതോടെ ആന്ധ്രയുടെ ചൂട്. കാറ്റും പൊടിയും ഒക്കെയായി കുറച്ച് ദൂരം പോയി കഴിഞ്ഞപ്പോള്‍ നീണ്ടു കിടക്കുന്ന റോഡും അതിനപ്പുറം പച്ചപ്പ് നിറഞ്ഞ മല പോലെ ഏതോ പ്രദേശവും ഒക്കെ കാണാനായി. ഹോളീവുഡ് സിനിമയിലേതെന്ന പോലെയുള്ള ഒരു ഭൂപ്രകൃതി.

ഒടുവില്‍ സ്ഥലം എത്തി. ഏതാണ് കാണാന്‍ വന്ന ഗുഹയെന്ന് മനസിലായോ? ബേലം കേവ്‌സ് എന്ന ഗുഹ.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഗുഹകളിലൊന്നാണ് ആന്ധ്രാ പ്രദേശിലെ ഈ ബേലം ഗുഹ. ഉപഭൂഖണ്ഡത്തില്‍ സമതലങ്ങളിലെ ഏറ്റവും നീളമുള്ള ഗുഹ എന്ന ഖ്യാതിയും ബേലത്തിനുണ്ട്. ബേലം ഗുഹകള്‍ക്ക് 3,229 മീറ്റര്‍ (10,593.8 അടി) നീളമുണ്ട്. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ കോളിമിഗുണ്ഡല മണ്ഡലയിലുള്ള ബേലം ഗ്രാമത്തിനടുത്താണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.

മെയിന്‍ ഗേയിറ്റില്‍ നിന്നുള്ള് കൗണ്ടറില്‍ നിന്ന് പാസ് എടുത്ത് അകത്തേക്ക് നടന്നു. ഗുഹയുടെ ഭാഗത്തേക്ക് അല്പം നടക്കാനുണ്ട്. നടപ്പാതയിലൂടെ കടന്നുപോകുമ്പോള്‍ തന്നെ വെള്ളക്കല്ലില്‍ നിര്‍മ്മിച്ച ഒരു വലിയ ബുദ്ധപ്രതിമ കാണാം. അതും കടന്ന് പോയാല്‍ ഗുഹയിലേക്ക് കടക്കാനുള്ള ഭാഗത്ത് എത്തി. അവിടെ നിന്ന് താഴോട്ട് ഒരു ഇരുപത് അടിയോളം ഇറങ്ങണം. ഗുഹയുടെ ആദ്യ ഭാഗം ഒരു നടുതളം പോലെ പണികഴിപ്പിച്ചിട്ടുണ്ട്. മുകളില്‍ തുറന്ന് കിടക്കുന്നതിനാല്‍ ആകാശം കാണാന്‍ സാധിക്കും. പതിയെ മുന്നോട്ട് നടക്കുമ്പോള്‍ പുഴ ഒഴുകിയ ചാലുപോലെയുള്ള വഴിയായിട്ടാണ് തോന്നിയത്.

തോന്നല്‍ തെറ്റിയില്ലെന്ന് അവിടുത്തെ ചരിത്രം അറിഞ്ഞപ്പോള്‍ മനസിലായി. അപ്രത്യക്ഷമായ ചിത്രാവതി നദിയില്‍ നിന്നുള്ള ഭൂഗര്‍ഭജലത്തിന്റെ നിരന്തരമായ ഒഴുക്കാണ് ഈ ഗുഹ രൂപപ്പെടാന്‍ ഇടയാക്കിയതെന്നാണ് അവിടുത്തെ ഗൈഡ് പറഞ്ഞത്. ബേലം ഗുഹയ്ക്ക് 6000ലധികം വര്‍ഷങ്ങളുടെ പഴക്കം നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്. ഗുഹയില്‍ നിന്നും കണ്ടെടുത്ത കളിമണ്‍ പാത്രങ്ങള്‍ക്ക് ബിസി 4500 വരെ പഴക്കം കണക്കാക്കുന്നു. കൂടാതെ ബുദ്ധ, ജൈന വിഭാഗങ്ങളിലെ സന്യാസിമാര്‍ ഈ ഗുഹയില്‍ താമസിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഭയങ്കരമായ ചൂടും ഓക്‌സിജന്‍ കുറവും വല്ലാത്ത ഒരു ഗന്ധവുമൊക്കെയാണ് ഇതിനുള്ളില്‍ അനുഭവപ്പെട്ടത്. എന്നിട്ടും ഞങ്ങള്‍ അര കിലോ മീറ്ററിലധികം മുമ്പോട്ട് പോയി. വെളിച്ചത്തിനുള്ള ആധുനിക സംവിധാനങ്ങളും കളര്‍ ലൈറ്റുകളും ഒക്കെ ഗുഹക്കുള്ളിലെ ലോകം ആകര്‍ഷമാക്കിയിട്ടുണ്ട്. വശങ്ങളിലെയും മേല്‍ത്തട്ടിലെയും ഒക്കെയുള്ള പാറയ്ക്കുള്ളിലൂടെ ഉരുകി ഒലിച്ച് ഇറങ്ങിയ, വഴുവഴുപ്പ് അനുഭവപ്പെടുമെങ്കിലും ഉറപ്പുള്ള മഞ്ഞകലര്‍ന്ന ഭാഗങ്ങളും കാണാം. പുറ്റിന്റെ ആകൃതിയില്‍ നില്‍ക്കുന്നത് പാറകളും കാണാം.

ഒട്ടേറെ ശാസ്ത്രഞ്ജര്‍ ഇവിടെ ഗവേഷണത്തിനും മറ്റുമായി ഇവിടെ വരാറുണ്ട്. 1884ല്‍ ബ്രിട്ടീഷ് സര്‍വേയര്‍ റോബര്‍ട്ട് ബ്രൂസ് ഫൂട്ട് ബെലാണ് ബേലം ഗുഹയെ ശാസ്ത്രവിദഗദ്ധരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പിന്നീട് 1982 മുതല്‍ 1984 വരെ എച്ച്. ഡാനിയല്‍ ഗെബാവറിന്റെ നേതൃത്വത്തിലുള്ള ജര്‍മ്മന്‍ സ്പീലിയോളജിസ്റ്റുകളുടെ ഒരു സംഘം ഗുഹകളെക്കുറിച്ച് വിശദമായ പര്യവേക്ഷണം നടത്തി. ഇപ്പോള്‍ പുരാവസ്തു വകുപ്പും ആന്ധ്ര സര്‍ക്കാരും ബേലം ഗുഹയെ പരിരക്ഷിക്കുന്നതിനും മറ്റ് ഗവേഷണത്തിനും കാര്യമായ ശ്രദ്ധ നല്‍കുന്നുണ്ട്.

ഗുഹയ്ക്കുള്ളിലെ പര്യടനം കഴിഞ്ഞ് പുറത്ത് എത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. ശുദ്ധവായുവും ശ്വസിച്ച് ഇരുന്നപ്പോള്‍ അവിടുത്തെ ആളുകളോട് ഗുഹയുടെ ഒരു ചരിത്രം തിരക്കി. അക്കൂട്ടത്തില്‍ അവര് പറഞ്ഞത്, ഈ പ്രദേശത്ത് ഇതുപോലെ പല ഗുഹകളുമുണ്ട്. ചിലപ്പോള്‍ ഈ ഗുഹയുടെ ഭാഗം തന്നെയായിരിക്കാം. പക്ഷേ പലതും ഇപ്പോള്‍ നശിച്ചുവെന്നും അവര്‍ പറഞ്ഞു. ആ കഥകള്‍ ഒക്കെ കേട്ട് പതിയെ പുറത്തേക്ക് നടന്നു.

ഇനി മടക്കമാണ്.. ബേലം കേവ്‌സില്‍ നിന്നും വീണ്ടും താഡിപത്രി ബസ് സ്റ്റാന്‍ഡിലേക്ക്. ബേലത്ത് നിന്നും ഭക്ഷണം ഒന്നും കിട്ടാത്തകൊണ്ട് നല്ലൊരു ആന്ധ്ര ഊണും അകത്താക്കി റെയില്‍വെ സ്റ്റേഷനിലേക്ക്. അവിടെ എത്തി മടക്ക റൂട്ട് നോക്കിയപ്പോള്‍ ഗുണ്ടയ്ക്കല്‍ എത്തിയാല്‍ നേരെ എറണാകുളം ട്രെയിന്‍ കിട്ടുമെന്ന് കണ്ടു. താഡിപത്രിയില്‍ നിന്ന് നേരെ ഗുണ്ടയ്ക്കലിലേക്ക് പാസഞ്ചറില്‍ കയറി വിട്ടു. പിന്നെ അവിടെ രാത്രി മുഴുവനും ഇരുന്ന് ശേഷം പുലര്‍ച്ചയ്ക്കുള്ള മുബൈ തിരുവനന്തപുരം ട്രെയിനില്‍ കഥകളും കളിയാക്കലുമൊക്കെയായി മടക്കം…. അടുത്ത മറ്റൊരു യാത്രക്കായുള്ള കാത്തിരിപ്പും.

Covid 19 updates

Latest News