അസാധാരണം; ജസ്റ്റിസ് രമണയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആന്ധ്രാമുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി ചീഫ് ജസ്റ്റിസിന് കത്തയച്ചു; ‘രമണ നായിഡുവിന് വേണ്ടി കളിക്കുന്നു’
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച്ച നടത്തിയതിന്ശേഷമാണ് റെഡ്ഡി കത്ത് തയ്യാറാക്കിയതെന്നാണ് സൂചന.

സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് എന്‍വി രമണയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. രമണയുടെ കുടുംബാംഗങ്ങള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ചുകൊണ്ടാണ് കത്ത്. ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായിരുന്ന എന്‍ ചന്ദ്രബാബു നായിഡുവുമായി ജസ്റ്റിസ് രമണ അടുത്ത ബന്ധം പുലര്‍ത്തുകയാണെന്നും ജസ്റ്റിസും ജുഡീഷ്യറിയും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കത്തിലൂടെ ആരോപിച്ചു.
ഈ മാസം ആറിന് എഴുതപ്പെട്ട എട്ട് പേജുള്ള കത്ത് ശനിയാഴ്ച്ച രാത്രിയാണ് റെഡ്ഡിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് മാധ്യമങ്ങള്‍ക്കുമുന്നില്‍ പരസ്യപ്പെടുത്തിയത്. അടുത്തവര്‍ഷം ചീഫ് ജസ്റ്റിസാകേണ്ട ജഡ്ജിയാണ് ജസ്റ്റിസ് രമണ. സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതികള്‍ ഹൈക്കോടതി ഇടപെട്ട് മരവിപ്പിച്ചതിനെതിരെ റെഡ്ഡിസര്ക്കാരിലെ പലമന്ത്രിമാരും പ്രതിഷേധമറിയിച്ചിരുന്നു. എന്നാല്‍ അന്നൊക്കെ നിശബ്ദനായിരുന്ന റെഡ്ഡി കത്തിലൂടെ ജുഡീഷ്യറിക്കെതിരെ അപ്രതീക്ഷിത നീക്കം നടത്തുകയായിരുന്നു. ജുഡീഷ്യറി പക്ഷഭേദം കാണിക്കുന്നുവെന്നും ടിഡിപിയുടെ താല്‍പ്പര്യങ്ങള്‍ അനുസരിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നുവെന്നും റെഡ്ഡി കത്തിലൂടെ ആരോപിക്കുന്നുണ്ട്.
അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആന്ധ്രാഹൈക്കോടതി ഗുണകരമല്ലാത്ത രീതിയില്‍ ഇടപെട്ടതായും കത്തില്‍ റെഡ്ഡി പരാമര്‍ശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച്ച നടത്തിയതിന്ശേഷമാണ് റെഡ്ഡി കത്ത് തയ്യാറാക്കിയതെന്നാണ് സൂചന.