cricket news

”ഞാന്‍ ഇപ്പോള്‍ പഴയ മനുഷ്യനല്ല”; ബ്രോഡിനെ ലെസ്ബിയന്‍ എന്നു വിളിച്ച ട്വീറ്റ് ഡിലീറ്റ് ചെയ്ത് ആന്‍ഡേഴ്‌സണ്‍

പഴയകാല ട്വീറ്റുകളുടെ പേരില്‍ പുലിവാലു പിടിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍. വംശീയ-വര്‍ഗീയ ട്വീറ്റുകളുടെ പേരില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് സസ്‌പെന്‍ഷന്‍ ലഭിച്ച ഒല്ലി റോബിന്‍സണിനു പിന്നാലെ കൂടുതല്‍ താരങ്ങള്‍ ട്വീറ്റുകളുടെ പേരില്‍ കുടുങ്ങുകയാണ്.

ഇന്ത്യന്‍ കാണികളെ അധിക്ഷേപിച്ചതിന് ഇംഗ്ലണ്ട് ഏകദിന ടീം നായകന്‍ ഓയിന്‍ മോര്‍ഗന്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ക്കെതിരേ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ തന്റെ പഴയൊരു ട്വീറ്റ് ഡിലീറ്റ് ചെയ്തു മാപ്പുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍.

സഹതാരമായ സ്റ്റിയുവര്‍ട്ട് ബ്രോഡിനെ ‘ലെസ്ബിയന്‍’ എന്നു വിശേഷിപ്പിച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ആന്‍ഡേഴ്‌സണ്‍ ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ താരം തന്നെ ഡിലീറ്റ് ചെയ്തിരിക്കുന്നത്. 2010-ല്‍ തന്റെ 27-ാം വയസില്‍ ചെയ്ത ട്വീറ്റാണ് താരം ഇപ്പോള്‍ ഡിലീറ്റ് ആക്കിയത്. ബ്രോഡിന്റെ പുതിയ ഹെയര്‍ സ്‌റ്റൈലിനെ പരിഹസിച്ച് ”15 വയസുള്ള ലെസ്ബിയനെ പോലുണ്ട്” എന്നായിരുന്നു ട്വീറ്റ്.

ട്വീറ്റ് ഡിലീറ്റ് ചെയ്‌തെന്നു സമ്മതിച്ച താരം താന്‍ ഇപ്പോള്‍ പഴയ മനുഷ്യനല്ലെന്നും ഇത്തരം കമന്റുകളിലെ പ്രശ്‌നം എന്താണെന്നു തനിക്ക് ഇപ്പോള്‍ വ്യക്തമായി അറിയാമെന്നും ഇത്തരം കാര്യങ്ങളില്‍ താരങ്ങളെ ബോധവത്കരിക്കണമെന്നും പറഞ്ഞു.

Covid 19 updates

Latest News