‘എല്‍ഡിഎഫില്‍ നില്‍ക്കേണ്ട എന്നുള്ളവര്‍ക്ക് പോകാം’; നീതി പുലര്‍ത്തിയില്ലെന്ന എന്‍സിപി പരാതിയില്‍ ആനത്തലവട്ടം ആനന്ദന്
ജോസ് കെ മാണിയ്ക്കെതിരായി പാലായില്‍ മാണി സി കാപ്പന് മത്സരരംഗത്തുണ്ടാകുമോ എന്ന അവതാരകന്റെ ചോദ്യത്തിന് ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നായിരുന്നു ആനത്തലവട്ടത്തിന്റെ മറുപടി.

ഇടതുമുന്നണി എന്‍സിപിയോട് നീതി പുലര്‍ത്തിയില്ലെന്ന മാണി സി കാപ്പന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദന്. മുന്നണിയില്‍ നില്‍ക്കേണ്ടെന്ന് തോന്നുന്നവര്‍ക്കൊക്കെ പോകാമെന്നും തങ്ങള്‍ ആരെയും പറഞ്ഞയക്കില്ലെന്നും ആനത്തലവട്ടം ആനന്ദന് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവര്‍ പരിപാടിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫിനോടുള്ള എതിര്‍പ്പ് എന്‍സിപി പരസ്യമാക്കിയ സാഹചര്യത്തില്‍ ഇനിയെന്ത് നടക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാകില്ലെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ആനത്തലവട്ടം ആനന്ദന്റെ പ്രതികരണം. ജോസ് കെ മാണിയ്ക്കെതിരായി പാലായില്‍ മാണി സി കാപ്പന് മത്സരരംഗത്തുണ്ടാകുമോ എന്ന അവതാരകന്റെ ചോദ്യത്തിന് ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നായിരുന്നു ആനത്തലവട്ടത്തിന്റെ മറുപടി. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ മുന്നണി കൂടിയാലോചിച്ച് ഒരു തീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
മാണി സി കാപ്പന് പ്രത്യേക രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ആന്റണി രാജുവിന്റെ പരാമര്‍ശം ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ മാത്രം അഭിപ്രായമാണെന്ന് ആനത്തലവട്ടം ആനന്ദന് പ്രതികരിച്ചു. അത് എല്‍ഡിഎഫിന്റെ അഭിപ്രായമല്ല. മുന്നണിയിലെ പാര്‍ട്ടികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും കാര്യങ്ങള്‍ പാര്‍ട്ടികളുമായി കൂടിയാലോചിച്ചശേഷം തീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫില്‍ നിന്നുകൊണ്ട് യുഡിഎഫിന് വടികൊടുക്കുന്നത് ഒരു കക്ഷിയ്ക്കും ഭൂഷണമല്ലെന്ന് ഇന്നലെ ആന്റണി രാജു പറഞ്ഞിരുന്നു. പാലാ മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് എന്‍സിപി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പായതിനാല്‍ മുന്‍പ് എതിര്‍പ്പ് അറിയിച്ചിരുന്നില്ലെന്നും ശക്തമായ പ്രതിഷേധമുണ്ടെന്നുമായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. തങ്ങളുടെ പരാതി മുന്നണിയെ അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.