Top

പ്രീമിയര്‍ ലീഗിന് റൂണിമാരെ വേണം; മാനേജര്‍ കുപ്പായമിട്ടുള്ള ആ വരവിന് കട്ടവെയ്റ്റിങ്ങ്

16 Jan 2021 8:09 AM GMT
അനസ് എടത്തൊടിക

പ്രീമിയര്‍ ലീഗിന് റൂണിമാരെ വേണം; മാനേജര്‍ കുപ്പായമിട്ടുള്ള ആ വരവിന് കട്ടവെയ്റ്റിങ്ങ്
X

ലോകഫുട്‌ബോളിന്റെ പ്രതിഭയെന്നാണ് വെയ്ന്‍ റൂണിയെ വിശേഷിപ്പിക്കാന്‍ തോന്നുന്നത്. വ്യക്തിപരമായ എന്റെ പ്രിയപ്പെട്ട മുന്നേറ്റ താരങ്ങളുടെ പട്ടികയിലുള്ള വ്യക്തി. കളി പൂർത്തിയാക്കി മാനേജര്‍ കസേരയിലേക്ക് എത്തുന്ന റൂണി ഇനിയും ലോക ഫുട്‌ബോളില്‍ വിസ്മയ സാന്നിദ്ധ്യമാവുമെന്ന് തീര്‍ച്ച. യുണൈറ്റഡില്‍ നിന്ന് വീണ്ടും എവര്‍ട്ടനിലെത്തി പിന്നീട് ഡിസി യുണൈറ്റഡിനൊപ്പം ചേര്‍ന്ന റൂണി മറ്റൊരു വേഷത്തില്‍ തിരികെ പ്രീമിയര്‍ ലീഗിലെത്തണമെന്നാണ് ആഗ്രഹം.

ഓള്‍ഡ് ട്രാഫോഡ് കാത്തിരിക്കുന്നു

2004ല്‍ യുണൈറ്റഡിലേക്ക് ചേക്കേറിയതോടെയാണ് റൂണി കരിയറിലെ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നത്. ആദ്യ പ്രീമിയര്‍ ലീഗ് ടീമായ എവര്‍ട്ടണിലെ റൂണിയുടെ പ്രകടനം അത്ര മികച്ചതെന്ന് അവകാശപ്പെടാനാവില്ല. 67 മത്സരത്തില്‍ നിന്ന് 15 ഗോള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ സംഭാവന. റൂണിയുടെ കളി രീതി തന്നെ മാഞ്ചസ്റ്ററിലെത്തിയതോടെ മാറിമറിഞ്ഞു. പ്രതിഭയെന്ന് ലോകം വാഴ്ത്തിയ റൂണിയുടെ യഥാര്‍ത്ഥ വളര്‍ച്ച ആരംഭിക്കുന്നതും റെഡ് ഡെവിള്‍സിന്റെ കോട്ടയില്‍ നിന്നാണ്.

2004ലാണ് റൂണിയുടെ കരിയറിലെ വഴിത്തിരിവായ തീരുമാനം അദ്ദേഹം എടുത്തത്. പ്രീമിയര്‍ ലീഗിലെ അതിശക്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയ റൂണി 2017വരെ അവിടെ തുടര്‍ന്നു. ക്ലബ്ബിനൊപ്പം അത്ഭുതപ്പെടുത്തുന്ന പ്രകടനം പല തവണ കാട്ടാനും റൂണിക്കായി. 450ലധികം മത്സരത്തില്‍ നിന്ന് 250ലധികം ഗോളുകള്‍, ആരെയും അസൂയാലുവാക്കുന്ന ക്ലബ് കിരീടങ്ങള്‍, ഒരു എഫ് എ കപ്പ്,ചാമ്പ്യന്‍സ് ലീഗ്,ക്ലബ്ബ് ലോകകപ്പ്,നാല് കമ്മ്യൂണിറ്റി ഷീല്‍ഡ്,മൂന്ന് ലീഗ് കപ്പ് തുടങ്ങി റൂണി മോഹിച്ചതെല്ലാം സ്വന്തമാക്കുന്ന വളര്‍ച്ചയിലേക്ക് നയിക്കാന്‍ ക്ലബിന് കഴിഞ്ഞു. യുണൈറ്റഡിന് വേണ്ടി എക്കാലത്തെയും അദ്ഭുതാവഹമായ പ്രകടനങ്ങള്‍ നടത്തിയ താരമായി മാറുകയും ചെയ്തു.

താരപദവി മാത്രമായിരുന്നില്ല, പ്രതിഭയെന്ന നിലയിലും അക്കാലയളവില്‍ റൂണി പേരെടുത്ത് കഴിഞ്ഞിരുന്നു. എന്റെ വ്യക്തിപരമായ ഇഷ്ടങ്ങളെടുത്താല്‍ മൈക്കല്‍ ഓവനായിരിക്കും മുന്നിട്ടുനില്‍ക്കുക. പ്രതിരോധത്തില്‍ നിന്ന് മാറി ചിന്തിച്ചാല്‍ ക്രിസ്റ്റ്യാന്യോ റൊണാള്‍ഡൊയും ലെവന്‍ഡോവിസ്‌കി, കരീം ബെന്‍സിമ എന്നിവരെല്ലാം പ്രിയ്യപ്പെട്ടവരാണ്. മുന്നേറ്റക്കാരായി എനിക്ക് ഇഷ്ടമുള്ളവരുടെ പട്ടികയില്‍ റൂണിയുടെ സ്ഥാനവും ഏറെ വലുതാണ്. അവസാന മിനിറ്റിലാണെങ്കില്‍ പോലും ടീമിന് വിജയിപ്പിക്കാന്‍ റൂണിക്ക് കഴിയും. ഒരു കളിക്കാരനെന്ന നിലയില്‍ റൂണിക്ക് മേല്‍ അത്തരമൊരു വിശ്വാസം അര്‍പ്പിക്കാന്‍ സാധിക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

യുണൈറ്റഡിന് നല്‍കിയ സംഭാവനകള്‍ പരിശോധിച്ചാല്‍ മനസിലാവും, എത്രമാത്രം നിര്‍ണായകമായിരുന്നു റൂണിയുടെ സ്ഥാനമെന്ന്. അഞ്ച് ലീഗ് കിരീടമാണ് യുണൈറ്റഡിന് വേണ്ടി റൂണി നേടിയത്. ഒരിക്കല്‍ കൂടി പ്രീമിയര്‍ ലീഗ് തട്ടകത്തിലേക്ക് അദ്ദേഹം തിരികെ വരണമെന്നാണ് ആഗ്രഹം. യുണൈറ്റഡിന്റെ മാനേജര്‍ സ്ഥാനത്തേക്ക് ഇതിഹാസം എത്തിച്ചേരുമ്പോള്‍ കളി മാറുമെന്ന് ഉറപ്പാണ്.

ആ പത്ത് ശതമാനത്തിന്റെ ചാന്‍സ് എടുക്കുന്നതാണ് ഫുട്‌ബോള്‍

2011 ഫെബ്രുവരിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരം. ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബി എക്കാലത്തെയും ആരാധക പ്രീതിയുള്ള മത്സരമാണ്. 78-ാമത്തെ മിനിറ്റിലാണ് റൂണിയുടെ അദ്ഭുത ഗോള്‍ പിറന്നത്. പോസ്റ്റിനുള്ളിലേക്ക് സഹതാരം നല്‍കിയ പാസ് ബൈസിക്കിള്‍ കിക്കിലൂടെ റൂണി വലയിലെത്തിച്ചു. പോസ്റ്റിന്റെ ടോപ് കോര്‍ണറില്‍ പതിച്ച പന്ത് നോക്കി നില്‍ക്കാന്‍ മാത്രമെ സിറ്റി ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടിന് കഴിയുമായിരുന്നുള്ളു.

"നാനിയുടെ ക്രോസ് ചെയ്യാനിരിക്കുമ്പോള്‍ ഞാന്‍ നല്ലൊരു പൊസിഷനിലേക്ക് മാറി നില്‍ക്കുകയായിരുന്നു. ക്രോസ് വരുമെന്ന് എനിക്കറിയാം. 90 ശതമാനവും പന്ത് ക്രോസ് ബാറില്‍ തട്ടി തെറിക്കും. എങ്കില്‍ സാരമില്ല, ഇത്തവണ ഞാന്‍ ചാന്‍സ് എടുക്കുകയാണ്. കൂടുതല്‍ ചിന്തിക്കാന്‍ സമയമുണ്ടായിരുന്നുമില്ല. ദൈവാനുഗ്രഹം പന്ത് വലക്കുള്ളിലായി."

സിറ്റിക്കെതിരായ വിജയത്തിന് ശേഷം റൂണി

ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന ഗോളായിരുന്നു. സിറ്റിക്കെതിരായ മിന്നും ജയം സ്വന്തമാക്കാനും അന്ന് യുണൈറ്റഡിന് കഴിഞ്ഞു. കളിയുടെ അവസാന മിനിറ്റില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയുന്ന താരമാണെന്ന് റൂണി തെളിയിച്ച മത്സരം കൂടിയായിരുന്നു അത്.

ഫുട്‌ബോള്‍ മാനേജര്‍ പദവി വലിയ ഉത്തരവാദിത്വമുള്ള സ്ഥാനമാണ്. ഇനിയുള്ള നാളുകളില്‍ മാനേജറുടെ കുപ്പായത്തില്‍ ശോഭിക്കാന്‍ റൂണിക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

(അന്‍ഷിഫ് ആസ്യ മജീദിനോട് പറഞ്ഞത്)

Next Story