‘ഗോഡ്സ് ഓണ്‍ സ്നാക്ക്’; പിണറായി സര്‍ക്കാരിന്റെ രണ്ടാം വരവിന് അമൂലിന്റെ സമ്മാനം
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയെ വിഷയമാക്കി അമൂല്‍ ഇന്ത്യയുടെ പുതിയ പോസ്റ്റര്‍. ‘TRIWONDEUM’ എന്നാണ് കാര്‍ട്ടൂണ്‍ പോസ്റ്ററിന് കൊടുത്തിരിക്കുന്ന തലക്കെട്ട്. പോസ്റ്ററില്‍ വിരലില്‍ അമൂല്‍ ചീസ് പുരട്ടി കസേരയില്‍ ഇരിക്കുന്ന പിണറായി വിജയനുമുണ്ട്. അതോടൊപ്പം അമൂല്‍ ഗോഡ്സ് ഓണ്‍ സ്നാക്ക് എന്നും എഴുതിയിട്ടുണ്ട്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ പോസ്റ്റര്‍ രൂപത്തില്‍ രസകരമായി പങ്കുവെക്കുന്നത് അമൂല്‍ ഇന്ത്യയുടെ പതിവ് രീതിയാണ്. ഇതിന് മുമ്പും ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ വന്നിട്ടുണ്ട്. മരക്കാറിനും അസുരനും ദേശീയ പുരസ്കാരം ലഭിച്ചപ്പോഴും അമൂല്‍ പോസ്റ്റര്‍ […]

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയെ വിഷയമാക്കി അമൂല്‍ ഇന്ത്യയുടെ പുതിയ പോസ്റ്റര്‍. ‘TRIWONDEUM’ എന്നാണ് കാര്‍ട്ടൂണ്‍ പോസ്റ്ററിന് കൊടുത്തിരിക്കുന്ന തലക്കെട്ട്. പോസ്റ്ററില്‍ വിരലില്‍ അമൂല്‍ ചീസ് പുരട്ടി കസേരയില്‍ ഇരിക്കുന്ന പിണറായി വിജയനുമുണ്ട്. അതോടൊപ്പം അമൂല്‍ ഗോഡ്സ് ഓണ്‍ സ്നാക്ക് എന്നും എഴുതിയിട്ടുണ്ട്.
സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ പോസ്റ്റര്‍ രൂപത്തില്‍ രസകരമായി പങ്കുവെക്കുന്നത് അമൂല്‍ ഇന്ത്യയുടെ പതിവ് രീതിയാണ്. ഇതിന് മുമ്പും ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ വന്നിട്ടുണ്ട്. മരക്കാറിനും അസുരനും ദേശീയ പുരസ്കാരം ലഭിച്ചപ്പോഴും അമൂല്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. അമൂലിന്റെ ഈ പോസ്റ്ററുകള്‍ക്ക് വലിയ പ്രേക്ഷക പ്രീതിയാണുള്ളത്.
കേരളത്തിന് പുറമെ തമിഴ്നാട് തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ വിജയത്തെയും ബംഗാളില്‍ മമതയുടെ വിജയത്തെയും അമൂല്‍ പോസ്റ്ററിലൂടെ പങ്കുവെച്ചു. അതേസമയം സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതിയായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് എത്തിയത്. ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പില്‍ ഇടതു തരംഗം അലയടിച്ചെന്ന് ഉറപ്പിക്കുന്നതായിരുന്നു ജനവിധി.
വടക്കന്‍ കേരളത്തില്‍ ലീഗ് കോട്ടകളില്‍ പോലും വിള്ളലുണ്ടാക്കി, ഒപ്പം വമ്പന്ന്മാരെ പോലും വിറപ്പിക്കുവാനും ഇടതുമുന്നണിയ്ക്കായി. വടകര മാത്രമാണ് വടക്കന്‍ കേരളത്തില്‍ ഒപ്പം ചേര്‍ക്കാന്‍ കഴിയാതിരുന്നത്. മധ്യകേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കളമശ്ശേരിയിലും തൃശ്ശൂരിയിലും തൃത്താലയിലും ചെങ്കൊടിപ്പാറി. ലൈഫ് മിഷന് അഴിമതി ഉയര്‍ത്തിയ വടക്കാഞ്ചേരിയില്‍ അനിക്കരയെ അട്ടിമറിയ്ക്കാന്‍ കഴിഞ്ഞതും വിജയകിരീടത്തില്‍ ചേര്‍ത്തുവെച്ച പൊന്‍തൂവലാണ്. അട്ടിമറി ഉണ്ടാകുമെന്ന് ഭയപ്പെട്ട ആലപ്പുഴയും, പത്തനംതിട്ടയും അക്ഷരാര്‍ത്ഥത്തില്‍ ചുവന്ന് തുടുത്തു. കൊല്ലത്ത് കരുനാഗപ്പള്ളിയും കുണ്ടറയും കൈവിട്ടപ്പോഴും ജില്ലയുടെ ഇടത് മനസ് ചലച്ചില്ല.
തിരുവനന്തപുരത്ത് അരുവിക്കരയിലും നേമത്തും അട്ടിമറി വിജയമാണ് ഇടതുമുന്നണി നേടിയത്. ജി കാര്‍ത്തികേയന്റെ മകന് കെ സ് ശബരിനാഥനെ നേരിടാന്‍ പാര്‍ട്ടിയിലെ പ്രാദേശിക എതിര്‍പ്പുകള്‍ പോലും മറികടന്നാണ് ജി സ്റ്റീഫനെ സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയത്. ആ തീരുമാനം തെറ്റിയില്ലെന്ന ഉറപ്പിക്കുന്നതാണ് ഈ വിജയം . നേമത്തെ ബി ജെ പി യെ പരാജയപ്പെടുത്തിയതിന്റെ പൂര്‍ണ്ണ ക്രഡിറ്റും ഇടതുപക്ഷത്തിന് അവകാശപ്പെടാം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഇടതുപക്ഷത്തെ കേരളം ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്ന് ഒറ്റ വാക്കാല്‍ പറഞ്ഞു വെക്കാം. 33 സിറ്റിംഗ് എംഎല്‍എ മാരെ മാറ്റി നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട തീരുമാനവും തെറ്റിയില്ല. 5 മന്ത്രിമാര്‍ മത്സരത്തില്‍ നിന്ന് മാറി നിന്നപ്പോള്‍ മത്സരിച്ച മന്ത്രിമാരില്‍ മേഴ്സിക്കുട്ടിയമ്മ മാത്രമാണ് പരാജയപ്പെട്ടത്.വോട്ടെടുപ്പ് ദിനത്തിലടക്കം ശബരിമല ചര്‍ച്ചയായപ്പോഴും വിജയം ഇടതിനൊപ്പം ആയിരുന്നു.
വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും അധികാരത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രതീതിപോലും ഉണ്ടാക്കുവാന്‍ യു ഡി എഫ് കഴിഞ്ഞില്ല. എല്‍ഡിഎഫ് തേരോട്ടത്തില്‍ യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങള്‍ പോലും അടിപതറി. ജനം വലഞ്ഞകാലത്ത് സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്കിയതും, ക്ഷേമപെന്ഷന് ഉയര്‍ത്തിയതും, ന്യായവില ഹോട്ടലുകള്‍ തുറന്നതുമെല്ലാം സര്‍ക്കാരിന്റെ ജനകീയ പ്രതിച്ഛായ ഉയര്‍ത്തി. ഈ മധുരിക്കുന്ന വിജയം ഇക്കാലവും സി പി ഐ എമ്മിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നതാകും.