നമ്മള് ദിവസവും ഉപയോഗിക്കാറുള്ള ലാപ്ടോപ്പിലും കമ്പ്യൂട്ടറിലും USB പോര്‍ട്ടുകള്‍ കാണാറുണ്ട്. പെന്‍ഡ്രൈവ് കണക്ട് ചെയ്യാനും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും ഫയലുകള്‍ കൈമാറാനുമെല്ലാം ഇവ ആവശ്യമാണ്. എന്നാല്‍ ചില പോര്‍ട്ടുകള്‍ നീല നിറത്തിലും ചിലത് കറുപ്പ്, ചുവപ്പ്, മഞ്ഞ തുടങ്ങിയ നിറങ്ങളിലും കാണപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?. ഇത് വെറുമൊരു ഡിസൈന്‍ മാറ്റം മാത്രമല്ല. ചില സാഹചര്യങ്ങളില്‍ പോര്‍ട്ടിന്റെ വേഗതയും ചാര്‍ജിങ് സൗകര്യങ്ങളും തിരിച്ചറിയാന്‍ ഈ നിറങ്ങള്‍ സഹായിക്കും.
പഴയ USB 1.x സാങ്കേതികവിദ്യയുമായി വെള്ള നിറത്തിലുള്ള പോര്‍ട്ടുകള്‍ സാധാരണയായി ബന്ധപ്പെടുത്താറുണ്ട്. ഇന്നത്തെ കണക്കില്‍ ഇവയുടെ ഡാറ്റ കൈമാറ്റ വേഗത വളരെ കുറവാണ്. പഴയ കമ്പ്യൂട്ടറുകളിലും ഉപകരണങ്ങളിലുമാണ് ഇത്തരം പോര്‍ട്ടുകള്‍ കൂടുതലായി കണ്ടിരുന്നത്.
കറുപ്പ് നിറത്തിലുള്ള USB പോര്‍ട്ടുകള്‍ പൊതുവെ USB 2.0 സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടവയാണ്. ഇവയ്ക്ക് പരമാവധി 480 Mbps വേഗതയില്‍ ഡാറ്റ കൈമാറാന്‍ കഴിയും. മൗസ്, കീബോര്‍ഡ്, പ്രിന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ബന്ധിപ്പിക്കാന്‍ ഈ വേഗത സാധാരണയായി മതിയാകും. എന്നാല്‍ വലിയ ഫയലുകള്‍ കൈമാറുമ്പോള്‍ കൂടുതല്‍ വേഗതയുള്ള പോര്‍ട്ടുകളെ അപേക്ഷിച്ച് സമയം കൂടുതലെടുത്തേക്കാം.
നീല നിറത്തിലുള്ള USB പോര്‍ട്ടുകള്‍ സാധാരണയായി USB 3.0 അഥവാ 5 Gbps വേഗതയുള്ള USB സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് വലിയ വീഡിയോ ഫയലുകള്‍ പെന്‍ഡ്രൈവിലേക്കോ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്കിലേക്കോ പകര്‍ത്തുമ്പോള്‍ ഇത്തരം പോര്‍ട്ടുകള്‍ പ്രയോജനപ്പെടാം. എന്നാല്‍ യഥാര്‍ഥ വേഗത പോര്‍ട്ടിന്റെ ശേഷി, ഉപയോഗിക്കുന്ന കേബിള്‍, കണക്ട് ചെയ്ത ഉപകരണം എന്നിവയെ ആശ്രയിച്ചിരിക്കും.
ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പോര്‍ട്ടുകള്‍ ചില ഉപകരണങ്ങളില്‍ പ്രത്യേക ചാര്‍ജിങ് സൗകര്യങ്ങളെയോ കൂടുതല്‍ വൈദ്യുതി നല്‍കാനുള്ള ശേഷിയെയോ സൂചിപ്പിക്കാം. കമ്പ്യൂട്ടര്‍ സ്ലീപ് മോഡിലോ ഓഫായിരിക്കുമ്പോഴോ പോലും ചില പോര്‍ട്ടുകള്‍ വഴി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിച്ചേക്കാം. എന്നാല്‍ ചുവപ്പ് നിറമാണെങ്കില്‍ കൂടുതല്‍ വേഗതയുണ്ടെന്നും മഞ്ഞ നിറമാണെങ്കില്‍ ഫാസ്റ്റ് ചാര്‍ജിങ് ഉറപ്പാണെന്നും കരുതരുത്. ഓരോ കമ്പനിയുടെയും രൂപകല്‍പ്പനയും സാങ്കേതികവിദ്യയും വ്യത്യസ്തമായിരിക്കാം.
USB-C എന്നത് പോര്‍ട്ടിന്റെ രൂപത്തെയാണ് പ്രധാനമായും സൂചിപ്പിക്കുന്നത്. അതിന്റെ വേഗതയോ ചാര്‍ജിങ് ശേഷിയോ അല്ല. USB-C പോര്‍ട്ടുകള്‍ വഴി ഡാറ്റ കൈമാറ്റം, ചാര്‍ജിങ്, അനുയോജ്യമായ ഉപകരണങ്ങളില്‍ വീഡിയോ ഔട്ട്പുട്ട് തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ സാധ്യമാണ്. എന്നാല്‍ എല്ലാ USB-C പോര്‍ട്ടുകള്‍ക്കും ഒരേ ശേഷിയല്ല. ഒരു ലാപ്ടോപ്പിലെ USB-C പോര്‍ട്ട് അടിസ്ഥാന ഡാറ്റ കൈമാറ്റം മാത്രമേ സഹായിക്കുന്നുള്ളൂവെങ്കില് മറ്റൊരു പോര്‍ട്ട് അതിവേഗ ഡാറ്റ കൈമാറ്റവും ഉയര്‍ന്ന പവര്‍ ചാര്‍ജിങ്ങും വീഡിയോ ഔട്ട്പുട്ട് നല്‍കുന്നതിനും സഹായിച്ചേക്കാം. അതുകൊണ്ടാണ് USB-C പോര്‍ട്ടിന്റെ ശേഷി തിരിച്ചറിയാന്‍ നിറത്തെക്കാള്‍ അതിനടുത്തുള്ള ചിഹ്നങ്ങളും ഉപകരണത്തിന്റെ സാങ്കേതിക വിവരങ്ങളും പ്രധാനമാണ്.
പോര്‍ട്ടിനടുത്തുള്ള ചിഹ്നങ്ങള്‍ പരിശോധിച്ച് ഇക്കാര്യത്തെക്കുറിച്ച് അറിയാന്‍ സാധിക്കും.
SuperSpeed: അതിവേഗ USB ഡാറ്റ കൈമാറ്റത്തെ സൂചിപ്പിക്കുന്നു.
മിന്നല്‍ ചിഹ്നം: അനുയോജ്യമായ ഉപകരണങ്ങളില്‍ Thunderbolt സാങ്കേതികവിദ്യയെ സൂചിപ്പിക്കുന്നു.
ഡിസ്പ്ലേ ചിഹ്നം: അനുയോജ്യമായ വീഡിയോ ഔട്ട്പുട്ട് സൗകര്യത്തെ സൂചിപ്പിക്കുന്നു.
എന്നാല്‍ എല്ലാ ഉപകരണങ്ങളിലും ഈ ചിഹ്നങ്ങള്‍ ഉണ്ടാകണമെന്നില്ല. USB പോര്‍ട്ടുകളുടെ നിറം അവയുടെ ശേഷിയെക്കുറിച്ച് ഏകദേശ ധാരണ നല്കുന്ന ഒരു സൂചന മാത്രമാണ്.
Content Highlights :The color of the USB ports found on laptops or computers often provides clues regarding data transfer speeds and charging capabilities. But do all these colors signify the same thing? And why do these colors differ in the case of USB-C ports?