ശരിക്കും എങ്ങനെയാണ് ഫോൺ മേശപ്പുറത്ത് വയ്‌ക്കേണ്ടത്?; കമിഴ്ത്തിയാണോ? നിവർത്തിയാണോ?

ഫോണ്‍ പിടിക്കേണ്ട ശരിയായ മാര്‍ഗം എങ്ങനെയാണ്

ഫോണ്‍ ഉപയോഗിക്കാത്തപ്പോള്‍ മേശപ്പുറത്ത് വയ്ക്കുന്നത് നമ്മുടെയെല്ലാം പതിവാണ്. ചിലര്‍ ഫോണ്‍ സ്‌ക്രീന്‍ മുകളിലേക്ക് വരുംവിധം വയ്ക്കും. മറ്റുചിലര്‍ സ്‌ക്രീന്‍ താഴേക്ക് വരുംവിധം കമിഴ്ത്തിവയ്ക്കും. എന്നാല്‍ ഫോണിന്റെ സുരക്ഷ കണക്കിലെടുത്താല്‍ ഏതാണ് കൂടുതല്‍ നല്ലത്?പ്രത്യേകിച്ച് വിലകൂടിയ സ്മാര്‍ട്ട്‌ഫോണുകളുടെ പിന്നിലെ ക്യാമറ ഭാഗം ഫോണിന്റെ ബോഡിയില്‍ നിന്ന് അല്‍പം പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയിലാണ്. അതുകൊണ്ടുതന്നെ ഫോണ്‍ എങ്ങനെ വയ്ക്കുന്നു എന്നത് ക്യാമറയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്.

ഏതാണ് സുരക്ഷിതമായ രീതി

മേശപ്പുറത്ത് ഫോണ്‍ കുറച്ചുസമയം വയ്ക്കുകയാണെങ്കില്‍ സ്‌ക്രീന്‍ മുകളിലേക്ക് വരുംവിധം വയ്ക്കുന്നതാണ് പൊതുവെ കൂടുതല്‍ സുരക്ഷിതമായ രീതി. ഇങ്ങനെ വയ്ക്കുമ്പോള്‍ ക്യാമറ മൊഡ്യൂള്‍ മേശയുടെ പ്രതലവുമായി നേരിട്ട് തട്ടാനുള്ള സാധ്യത കുറയും. പ്രത്യേകിച്ച് ക്യാമറ ലെന്‍സിന് ചുറ്റുമുള്ള ഭാഗം മേശയുമായി ഉരസുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.എന്നാല്‍ ഇതിനര്‍ഥം സ്‌ക്രീന്‍ മുകളിലേക്ക് വച്ചാല്‍ ഫോണ്‍ പൂര്‍ണമായും സുരക്ഷിതമാണെന്നല്ല. മേശപ്പുറത്ത് പൊടിയോ ചെറിയ കല്ലുപോലുള്ള കണങ്ങളോ ഉണ്ടെങ്കില്‍ ഫോണിന്റെ പിന്‍ഭാഗത്തിനും മറ്റ് ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാം.

കമിഴ്ത്തി വയ്ക്കുമ്പോള്‍ ക്യാമറ ശ്രദ്ധിക്കണം

ഫോണ്‍ സ്‌ക്രീന്‍ താഴേക്ക് വച്ച് ഉപയോഗിക്കുന്നവരും നിരവധിയാണ്. അറിയിപ്പുകള്‍ ഇടയ്ക്കിടെ നോക്കാനുള്ള ശീലം കുറയ്ക്കാനും ഫോണ്‍ സ്‌ക്രീന്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനും ചിലര്‍ ഈ രീതി തിരഞ്ഞെടുക്കാറുണ്ട്.പല ഫോണുകളിലും ക്യാമറ മൊഡ്യൂള്‍ ഫോണിന്റെ പിന്‍ഭാഗത്ത് നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്നതിനാല്‍ ഫോണ്‍ കമിഴ്ത്തിവച്ചാല്‍ ക്യാമറ ഗ്ലാസ് നേരിട്ട് മേശപ്പുറത്ത് തട്ടാന്‍ സാധ്യതയുണ്ട്. മേശപ്പുറത്തുള്ള ചെറിയ പൊടിപടലങ്ങള്‍ പോലും ക്യാമറ ഗ്ലാസും പ്രതലവും തമ്മില്‍ ഘര്‍ഷണമുണ്ടാക്കാം. ഇത് തുടര്‍ച്ചയായി സംഭവിച്ചാല്‍ ചെറിയ പോറലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കും.

ഒരുതവണ കമിഴ്ത്തിവച്ചാല്‍ ക്യാമറ കേടാകുമോ?

ഒരുതവണയോ വല്ലപ്പോഴും മാത്രമോ ക്യാമറ താഴേക്ക് വരുന്നതുപോലെ കമിഴ്ത്തി വച്ചാല്‍ ഉടന്‍ ക്യാമറയ്ക്ക് കേടുപാടുകള്‍ സംഭവിക്കണമെന്നില്ല. എന്നാല്‍ ദിവസവും വൃത്തിയില്ലാത്തതോ പരുക്കനായതോ ആയ പ്രതലത്തില്‍ ഫോണ്‍ കമിഴ്ത്തിവയ്ക്കുന്ന ശീലം ഉണ്ടെങ്കില്‍ ക്യാമറ ഗ്ലാസില്‍ പോറലുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഫോണ്‍ വയ്ക്കുന്ന പ്രതലത്തിന്റെ വൃത്തിയും പ്രധാനമാണ്.

ഫോണ്‍ എങ്ങനെ പിടിക്കണം?

ഫോണ്‍ കൈയില്‍ പിടിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഫോണ്‍ എടുക്കുമ്പോള്‍ ക്യാമറ ലെന്‍സില്‍ വിരലുകള്‍ പതിവായി തട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക. വിരലിലെ എണ്ണമയവും അഴുക്കും ക്യാമറ ഗ്ലാസില്‍ പറ്റിയാല്‍ ഫോട്ടോകളുടെ വ്യക്തതയെ അത് ബാധിക്കാം. ക്യാമറ ഭാഗത്ത് വിരലടയാളങ്ങള്‍ കണ്ടാല്‍ വൃത്തിയുള്ള മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് സാവധാനത്തില്‍ തുടയ്ക്കാം. പരുക്കന്‍ തുണിയോ പേപ്പറോ ഉപയോഗിച്ച് ശക്തമായി തുടയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ഫോണ്‍ കിടക്കയിലോ സോഫയിലോ വയ്ക്കുമ്പോള്‍?

മേശ മാത്രമല്ല, കിടക്ക, സോഫ, മറ്റ് പ്രതലങ്ങള്‍ എന്നിവിടങ്ങളിലും ഫോണ്‍ വയ്ക്കുമ്പോള്‍ ശ്രദ്ധ വേണം. മൃദുവായ പ്രതലത്തില്‍ ഫോണ്‍ വയ്ക്കുന്നത് ക്യാമറയ്ക്ക് വലിയ പ്രശ്‌നമാകണമെന്നില്ല. എന്നാല്‍ തുണിയില്‍ പൊടിപടലങ്ങള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ ഫോണ്‍ നീക്കുമ്പോള്‍ അവ ക്യാമറ ഗ്ലാസിലും ഫോണിന്റെ ബോഡിയിലും ഉരയാന്‍ കാരണമാകും .അതുകൊണ്ട് ഫോണ്‍ വയ്ക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നതാണ് ഏറ്റവും ലളിതമായ മുന്‍കരുതല്‍.

ഫോണ്‍ കമിഴ്ത്തിവയ്ക്കണമെങ്കില്‍ ഇങ്ങനെ ചെയ്യാം

സ്‌ക്രീന്‍ കമിഴ്ത്തിവച്ച് ഫോണ്‍ സൂക്ഷിക്കുന്ന ശീലമാണെങ്കില്‍ ക്യാമറയ്ക്ക് ചുറ്റും അല്‍പം ഉയര്‍ന്ന അരികുകളുള്ള ഗുണനിലവാരമുള്ള ഫോണ്‍ കേസ് ഉപയോഗിക്കുന്നത് സഹായകരമാണ്. ഇത്തരം കേസ് ഉപയോഗിക്കുമ്പോള്‍ ഫോണ്‍ കമിഴ്ത്തിവച്ചാലും ക്യാമറ മൊഡ്യൂള്‍ നേരിട്ട് മേശയില്‍ തട്ടുന്നത് കുറയ്ക്കാന്‍ കഴിയും.

Content Highlights :Therefore, how the phone is placed is a matter related to the safety of the camera

To advertise here,contact us