നിങ്ങളുടെ സിം കാർഡ് സുഹൃത്തിനോ ബന്ധുവിനോ പരിചയക്കാർക്കോ നൽകിയിട്ടുണ്ടോ?;എന്നാൽ സംഗതി അത്ര സേഫല്ല

സിംകാര്‍ഡ് ദുരുപയോഗം ചെയ്താല്‍ പിഴയും തടവും. സ്വന്തം പേരില്‍ എത്ര സിം കാര്‍ഡ് ഉണ്ടെന്ന് അറിയാന്‍ വഴിയുണ്ട്

ഒരാളുടെ പേരില്‍ എടുത്ത ഒരു സിം കാര്‍ഡ് സുഹൃത്തിനോ ബന്ധുവിനോ ഉപയോഗിക്കാന്‍ കൊടുക്കുന്നത് ഒരു സാധാരണ കാര്യമായാണ് പലരും കാണുന്നത്. എന്നാല്‍ ആ സിം ഉപയോഗിച്ച് എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം നടന്നാല്‍ പ്രശ്‌നത്തില്‍പ്പെടുന്നത് അത് ഉപയോഗിച്ച വ്യക്തി മാത്രമായിരിക്കണമെന്നില്ല. സിം ആരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നതും നിര്‍ണായകമാണ്. സിം കാര്‍ഡ് തെറ്റായി സ്വന്തമാക്കുകയോ ടെലികോം തിരിച്ചറിയല്‍ വിവരങ്ങളില്‍ കൃത്രിമം കാണിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കാമെന്ന് ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ്(DOT) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്വന്തം പേരിലുള്ള സിം മറ്റൊരാള്‍ക്ക് കൊടുക്കാമോ?

സ്വന്തം പേരില്‍ എടുത്ത സിം കാര്‍ഡ് മറ്റൊരാള്‍ക്ക് സ്ഥിരമായി ഉപയോഗിക്കാന്‍ നല്‍കുന്നത് ഒഴിവാക്കണമെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. നിങ്ങളുടെ പേരിലുള്ള മൊബൈല്‍ കണക്ഷന്‍ മറ്റൊരാള്‍ സൈബര്‍ തട്ടിപ്പ് പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ യഥാര്‍ത്ഥ സിം ഉടമയ്ക്കും നിയമനടപടികള്‍ നേരിടേണ്ട സാഹചര്യമുണ്ടാകാം. അതുകൊണ്ടുതന്നെ സുഹൃത്ത്, ബന്ധു തുടങ്ങിയവര്‍ക്ക് സ്വന്തം പേരിലുള്ള സിം കാര്‍ഡ് ഉപയോഗിക്കാന്‍ നല്‍കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കണം.

സിം എടുക്കുമ്പോഴും ശ്രദ്ധിക്കണം

വ്യാജ രേഖകള്‍ ഉപയോഗിച്ചോ മറ്റൊരാളുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിച്ചോ സിം കാര്‍ഡ് സ്വന്തമാക്കുന്നതും നിയമവിരുദ്ധമാണ്. തട്ടിപ്പ്, വഞ്ചന എന്നിവയിലൂടെയോ മറ്റൊരാളായി ആള്‍മാറാട്ടം നടത്തിയോ SIM അല്ലെങ്കില്‍ മറ്റ് ടെലികോം തിരിച്ചറിയല്‍ വിവരങ്ങള്‍ സ്വന്തമാക്കുന്നത് Telecommunications Atc 2023 പ്രകാരം കുറ്റകരമാണ്.

എന്തൊക്കെയാണ് നിയമവിരുദ്ധം?

ടെലികമ്മ്യൂണിക്കേഷന്‍ നിയമത്തിലെ സെക്ഷന്‍ 42(3) പ്രകാരം, ചില പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.

ഇതില്‍ ഉള്‍പ്പെടുന്നവ

  • തട്ടിപ്പ്, വഞ്ചന, ആള്‍മാറാട്ടം എന്നിവയിലൂടെ സിം കാര്‍ഡ് സ്വന്തമാക്കുന്നത്
  • അനുവദിച്ചിട്ടില്ലാത്ത ടെലികോം തിരിച്ചറിയല്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നത്
  • ടെലികോം തിരിച്ചറിയല്‍ വിവരങ്ങളില്‍ കൃത്രിമം കാണിക്കുന്നത്
  • നിയമവിരുദ്ധമായി ഉപയോഗിക്കുന്നതാണെന്ന് അറിഞ്ഞുകൊണ്ട് കൃത്രിമം കാണിച്ച ടെലികോം തിരിച്ചറിയല്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നത്
  • കുറ്റകൃത്യത്തിന് സഹായിക്കുകയോ ശ്രമിക്കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാകാം.

നിങ്ങളുടെ പേരില്‍ എത്ര സിം കാര്‍ഡുകളുണ്ട്?എങ്ങനെ അറിയാം

നിങ്ങളുടെ പേരില്‍ നിലവില്‍ എത്ര മൊബൈല്‍ കണക്ഷനുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പരിശോധിക്കാനും പരിചയമില്ലാത്ത നമ്പറുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും Sanchar Saathi പോര്‍ട്ടലും ആപ്പും ഉപയോഗിക്കാം. സ്വന്തം പേരില്‍ അറിയാതെ എടുത്തിട്ടുള്ള കണക്ഷനുകള്‍ കണ്ടെത്താന്‍ ഇത് സഹായിക്കും.

എന്തുകൊണ്ടാണ് ഇപ്പോള്‍ മുന്നറിയിപ്പ്?

സൈബര്‍ കുറ്റകൃത്യ അന്വേഷണത്തിനിടെ ഛത്തീസ്ഗഢില്‍ ഒരു Point of Sale (PoS) ഏജന്റ് പൗരന്മാരുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്ത് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ 25 മൊബൈല്‍ കണക്ഷനുകള്‍ ആക്ടിവേറ്റ് ചെയ്ത സംഭവം കണ്ടെത്തിയതായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ട PoS ഏജന്റിനെ ബ്ലാക്ക്ലിസ്റ്റ് ചെയ്യുകയും കണക്ഷനുകള്‍ പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍ പരാജയപ്പെട്ട നമ്പറുകള്‍ വിച്ഛേദിക്കുന്ന നടപടിയും സ്വീകരിച്ചു.

നിങ്ങളുടെ സിം നിങ്ങളുടെ ഉത്തരവാദിത്തം

മൊബൈല്‍ നമ്പര്‍ ഇന്ന് ഫോണ്‍ വിളിക്കാനുള്ള ഒരു ഉപകരണം മാത്രമല്ല. ബാങ്കിങ്, UPI, സോഷ്യല്‍ മീഡിയ, വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളുമായി അത് ബന്ധിപ്പിച്ചിരിക്കുന്നു. അതിനാല്‍ സ്വന്തം പേരിലുള്ള SIM കാര്‍ഡ് മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്നതും സ്വന്തം പേരില്‍ അനധികൃതമായി എടുത്തിട്ടുള്ള കണക്ഷനുകള്‍ അവഗണിക്കുന്നതും പിന്നീട് പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. നിങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ കണക്ഷനുകള്‍ ഇടയ്ക്കിടെ പരിശോധിക്കുക. പരിചയമില്ലാത്ത നമ്പര്‍ കണ്ടെത്തിയാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുക.

Content Highlights :The Department of Telecommunications (DoT) has warned that obtaining a SIM card fraudulently or tampering with telecom identification details could result in imprisonment of up to three years and a fine of up to ₹50 lakh.

To advertise here,contact us