299 രൂപയുടെ പ്ലാന്‍ പിന്‍വലിച്ച് എയര്‍ടെല്‍; ഇനി റീചാര്‍ജ് 349 രൂപയ്ക്ക്, നിരക്കുയര്‍ത്താന്‍ ജിയോയും വിഐയും?

വലിയ കടബാധ്യതയും തുടര്‍ച്ചയായ നെറ്റ്‌വര്‍ക്ക്‌ നിക്ഷേപ ആവശ്യകതകളും നേരിടുന്ന വിഐയും താരിഫ് വര്‍ധിപ്പിക്കാനുള്ള സമ്മര്‍ദ്ദത്തിലാണ്

മുംബൈ: 299 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ നിര്‍ത്തലാക്കി ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. ദിവസവും 1.5ജിബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയും നല്‍കിയിരുന്ന ബേസിക് പ്ലാനാണ് നിര്‍ത്തലാക്കിയത്. ഓഗസ്റ്റ് 11 ന് എയര്‍ടെല്‍ 579 രൂപയുടേയും, 619 രൂപയുടേയും, 649 രൂപയുടേയും മൂന്ന് പ്രീപെയ്ഡ് പ്ലാനുകളും പിന്‍വലിച്ചു. എയര്‍ടെലിന്റെ ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പ്രധാന താരിഫ് നിരക്കുകളില്‍ മാറ്റം വരുത്താതെ ഉപഭോക്താക്കളെ ഉയര്‍ന്ന നിരക്കുള്ള പ്ലാനുകളിലേക്ക് മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഇനി എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഒറ്റയടിക്ക് 349 രൂപയുടെ പ്ലാനിലേക്ക് മാറേണ്ടിവരും. ഈ പ്ലാനില്‍ 28 ദിവസത്തേക്ക് ദിവസവും 2ജിബി ഡാറ്റ ലഭിക്കും. അതായത്, നിലവിലെ 1.5ജിബി ഡാറ്റ തന്നെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി പ്രതിമാസം 50 രൂപ അധികം നല്‍കണം. പകരം ദിവസവും 0.5 ജിബി അധിക ഡാറ്റ ലഭിക്കും. അതേസമയം, എയര്‍ടെല്‍ 399 പ്രീപെയ്ഡ് പ്ലാനും നല്‍കുന്നുണ്ട്. ഇതില്‍ 28 ദിവസത്തേക്ക് ദിവസവും 3ജിബി ഡാറ്റ ലഭിക്കും.

ഇനി റിലയന്‍സ് ജിയോയും വോഡഫോണ്‍ ഐഡിയയും ഉയർന്ന താരിഫ് പ്ലാനുകള്‍ പിന്തുടരുമോ എന്നതാണ് ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്. ചരിത്രപരമായി ഇന്ത്യന്‍ ടെലികോം മേഖലയില്‍ കമ്പനികള്‍ പലപ്പോഴും സമാനമായ നിരക്ക് നയങ്ങളാണ് പിന്തുടരുന്നത്. ഒരു പ്രമുഖ ടെലികോം ഓപ്പറേറ്റര്‍ താരിഫില്‍ വലിയ മാറ്റം വരുത്തുമ്പോള്‍, ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാന്‍ മറ്റ് കമ്പനികളും അവരുടെ പ്ലാനുകളില്‍ വേഗത്തില്‍ മാറ്റം വരുത്താറുണ്ട്.

വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം, വരും ആഴ്ചകളില്‍ റിലയന്‍സ് ജിയോയും എയര്‍ടെലിന്റെ നീക്കം പിന്തുടര്‍ന്നേക്കാമെന്നാണ് കരുതുന്നത്. 299/349 രൂപയുടെ പ്ലാനുകളില്‍ മാറ്റം വരുത്തുകയോ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളുടെ വാലിഡിറ്റി കുറയ്ക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. വലിയ കടബാധ്യതയും തുടര്‍ച്ചയായ നെറ്റ്വര്‍ക്ക് നിക്ഷേപ ആവശ്യകതകളും നേരിടുന്ന വിഐയും താരിഫ് വര്‍ധിപ്പിക്കാനുള്ള സമ്മര്‍ദ്ദത്തിലാണ്. പണലഭ്യത മെച്ചപ്പെടുത്തുന്നതിനായി എയര്‍ടെല്‍ പിന്‍വലിച്ച പ്ലാനുകള്‍ക്ക് സമാനമായ മാറ്റങ്ങള്‍ വിഐയും കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Content Highlights: Airtel discontinues its ₹299 prepaid plan, with Jio and Vi likely to follow with similar tariff changes

To advertise here,contact us