ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സവിശേഷതകളില്‍ ഒന്നാണ് അതിലെ സ്റ്റോറി ഫീച്ചര്‍. എല്ലാ ദിവസവും ദശലക്ഷക്കണക്കിന് ആളുകള്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറികള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. അതുവഴി അവരുടെ ജീവിതത്തിലെ പല നിമിഷങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും കഴിയും. ഒരാള്‍ പങ്കുവച്ചിരിക്കുന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറി ആരെങ്കിലും കണ്ടാല്‍ സ്റ്റോറിക്ക് താഴെയുള്ള സീന്‍ ഓപ്ഷനില്‍ ആരെല്ലാം സ്റ്റോറി കണ്ടുവെന്ന് അത് പങ്കുവച്ചയാള്‍ക്ക് അറിയാന്‍ സാധിക്കും. എന്നാല്‍ ചിലപ്പോള്‍ നിങ്ങള്‍ മറ്റൊരാളുടെ സ്റ്റോറി അവരറിയാതെ കാണാന്‍ ആഗ്രഹിക്കാറുണ്ട് അല്ലേ? അങ്ങനെ ചെയ്യാന്‍ കഴിയുമോ? അതിന് എന്തെങ്കിലും വഴിയുണ്ടോ?. ഉണ്ട് ചില ടെക്നിക്കുകള്‍ ഉപയോഗിച്ച് ഒരാളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി അയാളറിയാതെ കാണാന്‍ വഴിയുണ്ട്.
ഒരാളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി രഹസ്യമായി കാണണമെങ്കില്‍ അതിനായി ഒരു മൂന്നാം കക്ഷി വെബ്സൈറ്റിന്റെയും സഹായം തേടേണ്ടതില്ല. ആദ്യം നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം ആപ്പ് തുറക്കുക. തുടര്‍ന്ന് ഹോംപേജും സ്റ്റോറിയും ലോഡ് ആകുന്നതുവരെ കുറച്ച് സമയം കാത്തിരിക്കുക. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം ആപ്പില്‍ നിന്ന് പുറത്തുകടക്കാതെ ഫോണില്‍ എയര്‍പ്ലെയിന്‍ മോഡ് ഓണാക്കുക. നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ആരുടെയും സ്റ്റോറി അവരറിയാതെ തന്നെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഇന്റര്‍നെറ്റ് ഓഫായതിനാല്‍ നിങ്ങള്‍ അത് കണ്ടുവെന്ന് അവര്‍ അറിയുകയില്ല.
ഈ രീതി കുറച്ച് ബുദ്ധിമുട്ടുള്ളതായതുകൊണ്ടുതന്നെ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്‍സ്റ്റഗ്രാം തുറക്കുമ്പോള്‍ മുകളില്‍ പലരും പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു നിര സ്റ്റോറികള്‍ പ്രത്യക്ഷപ്പെടും. അവിടെ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ സ്റ്റോറി തുറക്കുക. സ്ക്രീനില്‍ കൈ വച്ചുകൊണ്ടുതന്നെ പതുക്കെ സ്ക്രീന്‍ ഇടതുവശത്തേക്ക് സൈ്വപ്പ് ചെയ്യുക. ഇത് അടുത്തുള്ള ആളുടെ മുഴുവന്‍ സ്റ്റോറിയും കാണിക്കും. നിങ്ങള്‍ക്ക് അത് കാണാനും കഴിയും. പക്ഷേ ശ്രദ്ധിക്കേണ്ട കാര്യം സ്ക്രീന്‍ പൂര്‍ണ്ണമായും സൈ്വപ്പ് ചെയ്യരുത് എന്നതാണ്. സ്റ്റോറി കണ്ടതിനുശേഷം സ്ക്രീന്‍ വലത്തേക്ക് തിരികെ വലിക്കുക. ഈ രീതിയില്‍ വ്യൂ ലിസ്റ്റില്‍ ദൃശ്യമാകാതെ തന്നെ നിങ്ങള്‍ക്ക് സ്റ്റോറി കാണാന്‍ കഴിയും.
മറ്റൊരു മാര്‍ഗം നിങ്ങള്‍ക്ക് ഒരു മൂന്നാം കക്ഷി വെബ്സൈറ്റ് വഴി മറ്റൊരാള്‍ അറിയാതെ സ്റ്റോറികള്‍ കാണാന്‍ കഴിയും എന്നതാണ്. ഇത് ചെയ്യുന്നതിന് നിങ്ങളുടെ ഫോണിന്റെ ബ്രൗസര്‍ തുറന്ന് ഏതെങ്കിലും 'ഇന്‍സ്റ്റാഗ്രാം സ്റ്റോറി വ്യൂവര്‍ വെബ്സൈറ്റി'ലേക്ക് പോകുക. ആരുടെയാണോ സ്റ്റോറി കാണേണ്ടത് അയാളുടെ അക്കൗണ്ടിന്റെ പേര് സെര്‍ച്ച് ബോക്സില്‍ നല്‍കുക. അങ്ങനെ നിങ്ങള്‍ക്ക് അയാളുടെ സ്റ്റോറി കാണാന്‍ കഴിയും. നിങ്ങള്‍ക്ക് മറ്റൊരു അക്കൗണ്ട് ഉണ്ടെങ്കില്‍ ഈ പുതിയ അക്കൗണ്ടില്‍ നിന്നും നിങ്ങള്‍ക്ക് ആ വ്യക്തിയുടെ സ്റ്റോറി കാണാന്‍ കഴിയും.
Content Highlights :It is possible to view someone's Instagram story without them knowing by using certain techniques.