ഒരാളുടെ ബാങ്ക് ബാലന്‍സ്, സ്വത്ത് വകകള്‍ ഇവയെല്ലാം അയാളുടെ മരണശേഷം അവകാശികള്‍ക്ക് ലഭിക്കും. എന്നാല്‍ നിങ്ങളുടെ ഇന്‍സ്റ്റഗ്രാമോ ഫേസ് ബുക്കോ,ഈമെയിലിലെ വിവരങ്ങളോ,ക്രിപ്റ്റോ നിക്ഷേപങ്ങളുടെയോ അവകാശികള്‍ ആരായിരിക്കും. മരണശേഷം ഡിജിറ്റല്‍ ആസ്തികളുടെ അവകാശങ്ങള്‍ക്ക് ആരാണ് അര്‍ഹരാവുക. അതിനുള്ള നിയമങ്ങള്‍ എന്തൊക്കെയാണ്. അറിയാം.
ഡിജിറ്റല്‍ ആസ്തികള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിനായി കേന്ദ്ര ഇലക്ട്രോണിക്-വിവരസാങ്കേതിക മന്ത്രാലയം 'ഡിജിറ്റല്‍ ലീഗല്‍ ഹെയര്‍' (Digital Legal Heir) അഥവാ ഡിജിറ്റല്‍ ആസ്തികളുടെ അവകാശി എന്ന വിഷയത്തെക്കുറിച്ച് പുതിയ നിയമങ്ങള്‍ ആലോചിച്ച് വരികയാണ്. ഒരാളുടെ സ്വത്ത് വകകള്‍ പോലെതന്നെ അയാളുടെ ഓണ്‍ലൈന്‍ ആസ്തികളും നിയമപരമായി കൈമാറാന്‍ അനുവദിക്കുന്ന സംവിധാനമാണിത്.
ഒരാളുടെ മരണശേഷം അയാളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെയും ഡാറ്റകളുടെയും ഡിജിറ്റല്‍ നിക്ഷേപങ്ങളുടെയും അവകാശി ആരാണെന്ന് തീരുമാനിക്കുന്ന ഒരു രേഖയാണ് ഡിജിറ്റല്‍ വില്പത്രം. സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, ഇമെയിലുകള്‍,ക്ലൗഡ് സ്റ്റോറേജ്, ക്രിപ്റ്റോ കറന്‍സി വാലറ്റുകള്‍ ഇവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. സാധാരണ വില്പത്രങ്ങളില്നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ വില്പത്രങ്ങളില് പാസ്വേഡുകള്, ആക്സസ് ആവകാശങ്ങള്‍, സ്വകാര്യത എന്നിവയാണ് കൈമാറ്റം ചെയ്യുന്നത്.
ഒരാള്‍ അപ്രതീക്ഷിതമായി മരിക്കുകയാണെങ്കില്‍ അയാളുടെ കുടുംബത്തിലുള്ളവര്‍ക്ക് ഇതുപോലുളള സ്വകാര്യ വിവരങ്ങള്‍ അറിയാന്‍ സാധിക്കാതെ പോകുന്നു. ഫോണ്‍ ലോക്ക് ചെയ്യപ്പെട്ടിരിക്കുമ്പോള്‍ OTP കള്‍ ലഭിക്കുന്നതിനും, തീര്‍ത്തും വ്യക്തിപരമായുള്ള രേഖകള്‍ ലഭിക്കുന്നതിനും ഒക്കെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഉപഭോക്താക്കളുടെ സ്വകാര്യത കണക്കിലെടുത്ത് ടെക് കമ്പനികള്‍ പലപ്പോഴും വിവരങ്ങള്‍ നല്കാന് വിസമ്മതിക്കാറുണ്ട്. ഇത് നിയമപരമായ പ്രതിസന്ധി ഉണ്ടാക്കുന്നു. ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി വരികയാണ്.
ഈ നിയമ പ്രകാരം ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്കായി ഒരു ഡിജിറ്റല്‍ അവകാശിയെ നിര്‍ദേശിക്കാം. കൃത്യമായി പരിശോധനകള്‍ നടത്തിയ ശേഷം പ്ലാറ്റ്ഫോമുകള് അക്കൗണ്ടുകള്‍ കൈമാറും.ഡിജി ലോക്കര്‍ പോലുള്ള സംവിധാനവുമായി ഇതിനെ ബന്ധിപ്പിക്കുകയും ചെയ്തേക്കാം. ഡിജിറ്റല്‍ വിവരങ്ങള്‍ കൈമാറാനുള്ള നിയമപരമായ തടസ്സങ്ങള്‍ കുറയ്ക്കുകയും കുടുംബങ്ങള്‍ക്ക് ശരിയായ ആക്സസ് നല്‍കുകയും ചെയ്യുക എന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
മരണശേഷവും ഉപഭോക്താവിന്റെ സ്വകാര്യത നിലനിര്‍ത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഇന്ത്യയുടെ ഡിജിറ്റല്‍ വ്യക്തിഗത വിവര സംരക്ഷണ നിയമം ഡാറ്റാ സംരക്ഷണത്തിന് മുന്‍ഗണന നല്കുന്നു. ഭാവിയില്‍ വരാനിരിക്കുന്ന നിയമങ്ങള്‍ സാമ്പത്തിക വിവരങ്ങള്‍ കൈമാറാനും വ്യക്തിപരമായ ചാറ്റുകള്‍ സ്വകാര്യമായി വയ്ക്കാനും അനുവദിക്കുന്ന തരത്തിലുള്ളതാകാം.
Content Highlights :What happens to your Facebook, Instagram and digital investments after death? What is a digital will? Learn about 'Digital Legal Heir'