സിം ഇൻസേർട്ട് ചെയ്തിട്ടും നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ 'നോ സിം' എന്ന് കാണിക്കാറുണ്ടോ? കാരണമുണ്ട്

കുറച്ച് മുമ്പ് വരെ നന്നായി പ്രവർത്തിച്ച ഫോണിൽ പെട്ടെന്ന് എന്താണ് ഇങ്ങനെയെന്ന് ചിലപ്പോൾ തോന്നിപ്പോകാം

നിങ്ങളുടെ സ്മാർട്ട്ഫോണിൽ നോ സിം എന്ന് കാണിക്കുന്നത് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഫോണിന്റെ മുകളിൽ ഇടതോ വലതോ വശത്തായാകും ഇങ്ങനെ കാണിക്കുന്നത്. ഫോണിൽ സിം ഇൻസേർട്ട് ചെയ്തിട്ടും എന്താണ് ഇങ്ങനെ കാണിക്കുന്നതെന്ന് ചിന്തിച്ചിട്ടില്ലേ? സാധാരണയായി കണ്ടുവരുന്ന ഈ പ്രശ്‌നം പല സ്മാർട്ട്‌ഫോൺ ഉപയോക്താക്കളെയും ഒന്നും കൺഫ്യൂഷനാക്കിയിട്ടുണ്ടാകും. കുറച്ച് മുമ്പ് വരെ നന്നായി പ്രവർത്തിച്ച ഫോണിൽ പെട്ടെന്ന് എന്താണ് ഇങ്ങനെയെന്ന് ചിലപ്പോൾ തോന്നിപ്പോകാം. ചില സിമ്പിൾ കാരണങ്ങൾ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ഫോൺ എക്‌സ്‌പേർട്ട്‌സ് പറയുന്ന്. ഇത്തരം പ്രശ്നങ്ങളില്‍‍ ഭൂരിഭാഗവും നമുക്ക് തന്നെ പരിഹരിക്കാനും കഴിയും.

ഇങ്ങനെ സംഭവിക്കുന്നതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് സിം കാർഡ് ഇൻസേർട്ട് ചെയ്തത് കൃത്യമായിട്ടായിരിക്കില്ല എന്നതാണ്. സിം ട്രേയിൽ സിം സീറ്റ് ചെയ്തിരിക്കുന്നത് ശരിയായ രീതിയില്‍ അല്ലെങ്കിൽ ഫോണിന് സിം ഉള്ളിലുണ്ടെന്ന് മനസിലാക്കാൻ കഴിയില്ല. ഫോണിന്റെ ചില മൂവ്‌മെന്റ് അല്ലെങ്കിൽ ഫോൺ താഴെ വീഴുന്ന സാഹചര്യങ്ങളിൽ സിമ്മും ഫോണും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടേക്കാം.

പൊടി പടലങ്ങൾ സിം സ്ലോട്ടിൽ അടിഞ്ഞു കൂടുന്നതാണ് മറ്റൊരു പ്രശ്‌നം. ഇത് മതിയായ കണക്ഷൻ ഉണ്ടാകുന്നതിന് തടസമുണ്ടാക്കും. സിം ഉപയോഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറേയാകുമ്പോൾ അതിൽ സ്‌ക്രാച്ചും ഡാമേജും ഉണ്ടാകാനും ഇടവരും. ഇതും കണക്ടിവിറ്റിയെ ബാധിക്കും. ഇടയ്ക്ക് സിം വളരെ മൃദുവായ രീതിയിൽ വൃത്തിയാക്കുന്നതും റീപ്ലേസ് ചെയ്യുന്നതും ഈ പ്രശ്‌നം പരിഹരിക്കാൻ സഹായിക്കും.

സോഫ്റ്റ്‌വെയര്‍ ഗ്ലിച്ചുകളും അപ്പ്‌ഡേറ്റുകളും ചില സമയങ്ങളിൽ വില്ലനാകും. ഫോണിന്റെ സോഫ്റ്റ്‌വെയര്‍ അല്ലെങ്കിൽ ഓപ്പറേറ്റിങ് സിസ്റ്റത്തിലുണ്ടാകുന്ന താത്കാലിക ബഗ്ഗുകൾ നോ സിം എററിന് കാരണമാകും. ഫോൺ റീസ്റ്റാർട്ട് ചെയ്ത് ലേറ്റസ്റ്റ് സോഫ്റ്റ്‌വെയര്‍ അപ്പ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്താൽ പ്രശ്‌നം സോൾവാക്കാം.

നെറ്റ്‌വർക്ക് പ്രൊവൈഡർമാരുമായി ബന്ധപ്പെട്ടും ഈ പ്രശ്‌നമുണ്ടാകാറുണ്ട്. താത്കാലികമായി ഉണ്ടാകുന്ന ഔട്ടേജസും അറ്റകുറ്റപ്പണികളും സിമ്മിനെ ഇനാക്ടീവ് ആക്കാം. ഇത്തരം സമയങ്ങളിൽ പ്രശ്‌നം തനിയെ തന്നെ കുറച്ച് സമയത്തിനുള്ളിൽ പരിഹരിക്കപ്പെടും. സിം കാർഡും നെറ്റ്‌വർക്കും കൃത്യമായി പ്രവർത്തിക്കുന്ന അവസ്ഥയിലും ഇതേപ്രശ്‌നം ശ്രദ്ധയിൽപ്പെട്ടാൽ അത് ഫോണിന്റെ ഹാർഡ്‌വെയർ പ്രശ്‌നമാകാനാണ് സാധ്യത. ഡാമേജായ സിം സ്ലോട്ട് അല്ലെങ്കിൽ അകത്തുള്ള എന്തെങ്കിലും കമ്പോണന്റ് സിം കാർഡ് റീഡ് ചെയ്യുന്നതിനെ പ്രതിരോധിക്കും. ഇത് പരിഹരിക്കാൻ പ്രൊഫഷണൽ റിപെയർ തന്നെ ചെയ്യേണ്ടി വരും.

പെട്ടെന്ന് ഇത്തരം പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ ഫോൺ റീസ്റ്റാർട്ട് ചെയ്തോ അല്ലെങ്കിൽ സിം റീഇൻസേർട്ട് ചെയ്തോ നോക്കണം. അല്ലെങ്കിൽ മറ്റൊരു ഫോണിൽ ഇതേ സിം ഇട്ട് നോക്കാം. ഇതിലൊന്നും പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ സർവീസ് പ്രൊവൈഡറിനെ കോൺടാക്റ്റ് ചെയ്യുകയോ ടെക്‌നീഷ്യനെ സമീപിക്കുകയോ ചെയ്യേണ്ടി വരും.

Content Highlights: Common reasons why phones show “No SIM” despite SIM being inserted

To advertise here,contact us