വാട്‌സ്ആപ്പിൽ അക്കൗണ്ട് ഇല്ലേ? എങ്കിൽ ഗസ്റ്റ് ചാറ്റ് ചെയ്താലോ? പുത്തൻ അപ്പ്‌ഡേറ്റ് ഇങ്ങനെ

വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാത്ത ആളുകളുമായി യൂസർമാർക്ക് ആശയവിനിമയം നടത്താൻ അവസരം നൽകുന്ന ഒരു അപ്പ്‌ഡേറ്റാണിത്

വാട്‌സ്ആപ്പ് എപ്പോഴും പുതുമകളുമായി യൂസർമാരെ ഞെട്ടിക്കാറുണ്ട്. വ്യത്യസ്തമായ അപ്പ്‌ഡേറ്റുകൾ കൊണ്ട് ഉപയോക്താക്കളെ എന്നും ചേർത്തു നിർത്തുന്ന വാട്‌സ്ആപ്പ് ഇപ്പോൾ പല പരീക്ഷണങ്ങളും നടത്തിവരികയാണ്. യൂസർ നെയിം അടിസ്ഥാനമാക്കിയ നമ്മുടെ ഫോൺ നമ്പറുകൾ ആർക്കും മനസിലാക്കാൻ കഴിയാത്ത തരത്തിൽ ആശവിനിമയം നടത്താനുള്ള സംവിധാനം 2026 പകുതിയോടെ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. യൂസർനെയിം കൊണ്ടുവരുന്നത് പ്രൈവസി ഫീച്ചറിലെ ഒരു ഓപ്ഷനായിട്ടാണ്. ഫോൺ നമ്പറുകൾ പൂർണമായി ഒഴിവാക്കാനും വാട്‌സ്ആപ്പ് ഉദ്ദേശിക്കുന്നില്ല. ഇതിനൊപ്പം തന്നെ മറ്റൊരു അപ്പ്‌ഡേറ്റിന്റെ വിവരവും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ആൻഡ്രോയിഡിന്റെ വാട്‌സ്ആപ്പ് ബീറ്റാ 2.25.22.13 അപ്പ്‌ഡേറ്റിൽ ഗസ്റ്റ് ചാറ്റ് എന്നൊരു ഫീച്ചറിനെ കുറിച്ചാണ് പറയുന്നത്. ഈ ഫീച്ചർ അതിന്റെ വികസന പാതയിലാണ്. വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാത്ത ആളുകളുമായി യൂസർമാർക്ക് ആശയവിനിമയം നടത്താൻ അവസരം നൽകുന്ന ഒരു അപ്പ്‌ഡേറ്റാണിത്. തേഡ് പാർട്ടി ചാറ്റുകൾക്ക് സമാനമാണ് ഗസ്റ്റ് ചാറ്റുകൾ. പക്ഷേ അതിനായി യൂസർമാർക്ക് മറ്റൊരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമില്ല. ഗസ്റ്റ് ചാറ്റുകൾ രൂപകൽപന ചെയ്തിരിക്കുന്നത് തന്നെ യൂസർമാർ അല്ലാത്ത ആളുകൾക്ക് വാട്‌സ്ആപ്പിലേക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളുമില്ലാതെ അവതരിപ്പിക്കപ്പെടാനായാണ്. ഇത്തരത്തിൽ ആളുകളുമായി ആശയവിനിമയം നടത്തുമ്പോൾ യൂസർമാർ അല്ലാത്തവർക്ക് വാട്‌സ്ആപ്പ് സൈൻ അപ്പ് ചെയ്യാനൊരു പ്രോത്സാഹനമാകുമെന്നും കമ്പനി കണക്കുകൂട്ടുന്നു.

പരിമിതമായ ആൻഡ്രോയിഡ് ഐഒസ് ബീറ്റാ യൂസർമാരിൽ വാട്‌സ്ആപ്പ് ഇപ്പോൾ ഈ പുത്തൻ അപ്പ്‌ഡേറ്റ് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല ഈ അപ്പ്‌ഡേറ്റ് പുതിയ കോൺടാക്ടുകളിലേക്ക് എത്താനുള്ള ലളിതമായ മാർഗമായുമാണ് കണക്കാക്കുന്നത്. ഈ അപ്പ്‌ഡേഷനിൽ യൂസർമാർക്ക് മറ്റുള്ളവരെ ' പ്രത്യേകമായ' സംഭാഷണത്തിനായി ക്ഷണിക്കാം. ഇത്തരത്തിലുള്ള ഗസ്റ്റ് ചാറ്റുകൾക്കായി യൂസർമാർക്ക് ഇൻവൈറ്റ് എ ഫ്രണ്ട് എന്ന ഓപ്ഷനിലൂടെയാണ് സാധിക്കുന്നത്. കോൺടാക്റ്റ് ലിസ്റ്റിന്റെ താഴെയായാണ് ഈ ഓപ്ഷൻ കാണുക. എസ്എംഎസ് വഴിയാകും വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവർക്ക് ഈ ലിങ്ക് ലഭിക്കുക. ഈ ലിങ്ക് വാട്‌സ്ആപ്പ് യൂസറിന് പേസ്റ്റ് ചെയ്യാനും കഴിയും. അതിനാൽ മെയിലായും മറ്റ് മെസേജിങ് ആപ്പിലൂടെയും ഈ ലിങ്ക് അയച്ച് ഗസ്റ്റ് ചാറ്റിന് ഇൻവൈറ്റ് ചെയ്യാം. ലിങ്ക് ലഭിക്കുന്നയാൾക്ക് അവരുടെ ബ്രൗസറിൽ ഇത് ഓപ്പണാക്കി സംഭാഷണത്തിന്റെ ഭാഗമാകാം.

ഡെസ്‌ക്ക്‌ടോപ്പിലും മൊബൈലിലും ഇത് തുറക്കാൻ കഴിയും. ലിങ്ക് ലഭിക്കുന്നയാൾക്ക് ഒന്നുകിൽ വാട്‌സ്ആപ്പ് ഡൗൺലോഡ് ചെയ്യാം അല്ലെങ്കിൽ ഗസ്റ്റായി തുടരാം. ഇതിനായി ഡൗൺലോഡ് വാട്‌സ്ആപ്പ് അല്ലെങ്കിൽ ഗസ്റ്റായി തുടരാം എന്ന രണ്ട് ഓപ്ഷനുകൾ കാണാം. രണ്ടാമത്തെയാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ വാട്‌സ്ആപ്പ് വെബിൽ നിങ്ങൾക്ക് സംഭാഷണം തുടരാം. ഇവിടെയും സംഭാഷണങ്ങൾ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉണ്ടാവും. ഗസ്റ്റായി തന്നെ തുടരാൻ ഒരാൾ തീരുമാനിച്ചാൽ വാട്‌സ്ആപ്പ് വെബ് ഒരു യൂണീക്ക് ഐഡന്റിഫൈയർ ജനറേറ്റ് ചെയ്യും. ഇതാണ് എൻക്രിപ്ഷൻ കീ ക്രീയേറ്റ് ചെയ്യാൻ ഉപയോഗിക്കുന്നത്. ക്യു ആർ കോഡ് സ്‌കാൻ ചെയ്തും സെക്യൂരിറ്റി കോഡ് മാനുവലി കംപയർ ചെയ്തും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ വെരിഫൈ ചെയ്യാം. ഗസ്റ്റായി തുടരുമ്പോൾ തന്നെ വാട്‌സ്ആപ്പിന്റെ ടേംസ് ഓഫ് സർവീസ് എഗ്രീ ചെയ്യണം. ഇതോടെ ഗസ്റ്റിന് ആരാണോ ലിങ്ക് അയച്ചത് അവരുടെ നമ്പർ കാണാൻ സാധിക്കും.

എൻക്രിപ്ഷൻ കീ ജനറേറ്റ് ചെയ്ത് കഴിഞ്ഞാൽ ഗസ്റ്റായി നിൽക്കുന്ന യൂസറിനോട് പേര് എന്റർ ചെയ്യാൻ വാട്‌സ്ആപ്പ് ആവശ്യപ്പെടും. ഇത് ലിങ്ക് അയച്ച ആൾക്ക് തിരിച്ചറിയാൻ കഴിയുന്ന തരത്തിലാകണം. ശ്രദ്ധിക്കേണ്ടത് ഗസ്റ്റായി എത്തുന്നവരെ വാട്‌സ്ആപ്പ് വെരിഫൈ ചെയ്യില്ല എന്നുള്ളതാണ്. ലിങ്ക് ഓപ്പണാക്കുന്നത് നിങ്ങൾ ഉദ്ദേശിച്ച ആൾ തന്നെ ആയിരിക്കണമെന്നതിന് ഉറപ്പ് വാട്‌സ്ആപ്പിന് നൽകാൻ കഴിയില്ല.

Content Highlights: WhatsApp is set to introduce a Guest Chat feature, allowing users to send messages without a full account

To advertise here,contact us