സിം കാർഡിന്റെ ആകൃതിയിലെ പ്രത്യേകത എന്തുകൊണ്ട്? ഇതു വെറും ഡിസൈനല്ല!

സിം കാര്‍ഡിന്റെ വലിപ്പം, ഡിസൈന്‍ എല്ലാം തീരുമാനിക്കുന്നത് യൂറോപ്യന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടാണ്

സിം കാര്‍ഡ് ശ്രദ്ധിച്ചിട്ടുണ്ടോ? ഏത് രാജ്യത്തെ സിം കാര്‍ഡ് എടുത്താലും അതിന്റെ ഒരു ഭാഗത്തിന് ഒരു ചരിവ് ഉള്ളത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അതൊരു ഡിസൈനല്ല മറിച്ച് അതിന് ചില പ്രത്യേക ഉപയോഗങ്ങള്‍ ഉണ്ട്.

1990കളിലാണ് സിം കാര്‍ഡുകള്‍ നിലവില്‍ വരുന്നത്. അന്ന് ഒരു എടിഎം കാര്‍ഡിന്റെ വലിപ്പമുണ്ടായിരുന്നു ഒരു സിം കാര്‍ഡിന് (85.60 mm × 53.98 mm × 0.76 mm). അന്നും സിം കാര്‍ഡിന്റെ ഒരു ഭാഗത്തിന് ചരിവ് ഉള്ള ആകൃതിയിൽ തന്നെയാണ് കമ്പനികള്‍ ഡിസൈൻ ചെയ്തിരുന്നത്.

ലോകമെങ്ങും നിര്‍മിക്കപ്പെടുന്ന സിം കാര്‍ഡുകളുടെ ഡിസൈന്‍ തീരുമാനിക്കുന്നത് യൂറോപ്യന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടാണ്. സിം കാര്‍ഡിന്റെ വലിപ്പം, ഡിസൈന്‍ എല്ലാം ETSI ആണ് തീരുമാനിക്കുക. 1990കളെ അപേക്ഷിച്ച് ഇപ്പോള്‍ സിം കാര്‍ഡുകളുടെ വലിപ്പം നന്നായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കാര്‍ഡിന്റെ ഒരു ഭാഗത്തിന് നല്കിയിരുന്ന ആ ചരിവ് ഇന്നും സ്ഥായിയായി തുടരുന്നുമുണ്ട്. ഫോണില്‍ സിം ഇടാനുള്ള സ്ലോട്ട് രൂപകല്‍പന ചെയ്തിരിക്കുന്നതും സിമ്മിന്റെ അതേ ആകൃതിയില്‍ തന്നെയാണ്. അതായത് സിമ്മിന്റെ ഡിസൈനിൽ കാണപ്പെടുന്ന ചരിവ് ഫോണിന്റെ സിം സ്ലോട്ടിലും കാണാന്‍ സാധിക്കും.

എന്താണ് ആ ആകൃതിക്ക് പിന്നിൽ?സിമ്മില്‍ കാണുന്ന മഞ്ഞ ചിപ്പാണ് ഫോണിന്റെ സിം റീഡറുമായി ബന്ധിപ്പിക്കുന്ന ഭാഗം. സിം കാര്‍ഡ് തെറ്റായാണ് സ്ലോട്ടിലാണ് ഇടുന്നതെങ്കില്‍, ഈ ചിപ്പ് അല്ലെങ്കില്‍ ഫോണിന്റെ സിം സ്ലോട്ട്, കേടാകാനുള്ള സാധ്യത കൂടുതലാണ്. അതുവഴി സിമ്മിലുള്ള വിവരങ്ങള്‍ നഷ്ടമാകുകയും ചെയ്യും. ഇവിടെയാണ് സിമ്മിന്റെ ആകൃതിയുടെ ഉപയോഗം. സിമ്മിന്റെ ഒരു ഭാഗത്ത് കാണുന്ന ആ ചരിവ് ഒരു ഗൈഡായി പ്രവര്‍ത്തിക്കുന്നു. സ്ലോട്ടില്‍ കൃത്യമായി സിം ഇടാന്‍ ഈ ആകൃതി സഹായിക്കുന്നു. അതുകൊണ്ടാണ് മിനി, മൈക്രോ, നാനോ എന്നിങ്ങനെ സിമ്മിന്റെ വലിപ്പത്തിൽ വ്യത്യാസം വന്നപ്പോഴും ഈ ആകൃതിയിൽ മാറ്റം വരാതിരുന്നത്. ഈ ആകൃതി ഫോണിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുന്നതും തടയും.

ഈ ആകൃതി കൊണ്ട് വേറെയും ഉപയോഗങ്ങള്‍ ഉണ്ട്. ഇത് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്കും ഏറെ ഉപകാരപ്രദമാണ്. കമ്പനികള്‍ സിം ട്രെയും സ്ലോട്ടും രൂപകല്‍പന ചെയ്യുന്നത് സിമ്മിന്റെ ഈ ആകൃതി അടിസ്ഥാനമാക്കിയാണ്. ഇത് പിഴവുകള്‍ കൂടാതെ ഫോണ്‍ അസ്സെംബിള്‍ ചെയ്യാനും സഹായിക്കും. ലോകമെങ്ങും നിർമിക്കുന്ന സിമ്മുകൾക്ക് ഒരേ ആകൃതി തന്നെ ആയതിനാൽ വെവ്വേറെ രാജ്യങ്ങളിൽ നിർമിച്ച ഫോണും സിമ്മും ആവശ്യമെങ്കിൽ കൃത്യമായി സ്ലോട്ടിൽ ഇട്ട് ഉപയോഗിക്കാൻ സാധിക്കുന്നു എന്നതും ഈ ഡിസൈന്റെ പ്രത്യേകതയാണ്.

ഇപ്പോൾ, സ്മാർട്ട്‌ഫോണുകളിൽ ഇ-സിം സാങ്കേതികവിദ്യ അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ആപ്പിൾ പോലുള്ള നിരവധി കമ്പനികൾ ഫിസിക്കൽ സിം സ്ലോട്ട് പോലുമില്ലാത്ത ഫോണുകൾ പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. ഇ-സിമ്മുകളുടെ ഉപയോഗം വർദ്ധിക്കുന്നതിനനുസരിച്ച്, ഫിസിക്കൽ സിം കാർഡുകൾ ഒരു പഴയകാല ഓർമയായി മാറുമെന്നത് തീർച്ചയാണ്. എങ്കിലും ഫിസിക്കൽ സിം കാർഡിന്റെ ആ പ്രത്യേക ആകൃതിയാണ് നിലവിലെ മൊബൈൽ സുരക്ഷയുടെ ഒരു പ്രധാന ഭാഗമായി തുടരുന്നത്.

Content Highlights: The cut in a SIM card’s chip is not a design feature but a security measure. This chip cut is specifically added to protect the SIM from being cloned or tampered with.

To advertise here,contact us