സ്മാര്ട്ട് ഫോണുകള് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ തന്നെ ഭാഗങ്ങളാണ്. ഫോണ് ചെയ്യാനും ഇന്റര്നെറ്റ് ഉപയോഗത്തിനും വേണ്ടി മാത്രമല്ല ആളുകള് സ്മാര്ട്ട് ഫോണുകളെ ആശ്രയിക്കുന്നത്. ബാങ്കിംഗ് ഉള്പ്പടെ പല വ്യക്തിഗത വിവരങ്ങളും ഫോണുമായി ബന്ധപ്പെട്ടാണിരിക്കുന്നത. അതുകൊണ്ടുതന്നെ ഫോണിന്റെ സുരക്ഷയും അത് സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ഇക്കാലത്ത് പണമിടപാടുകള്ക്കും മറ്റും സ്മാര്ട്ട് ഫോണ് ഉപയോഗിക്കുന്നതുകൊണ്ടുതന്നെ തട്ടിപ്പുകാര് ഫോണ് ഹാക്ക് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയും വര്ധിച്ചുവരുന്നുണ്ട്. നിങ്ങള് പോലും അറിയാതെ നിങ്ങളുടെ ഫോണ് ഹാക്ക് ചെയ്യുന്ന വിദഗ്ധന്മാരാണ് തട്ടിപ്പുകാര്.
ഫോണിലുണ്ടാകുന്ന ചില മാറ്റങ്ങള് ശ്രദ്ധിച്ചാല് നിങ്ങളുടെ ഫോണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയാന് സാധിക്കും.
ഫോണിന്റെ ബാറ്ററി പെട്ടെന്ന് തീര്ന്നുപോവുകയോ ഫോണ് ഉപയോഗിക്കാതിരിക്കുമ്പോഴും ചൂടാവുകയോ ചെയ്യുന്നുണ്ടെങ്കില് അതിനര്ഥം നിങ്ങളറിയാതെ ഫോണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. ബാക്ക്ഗ്രൗണ്ടില് ഏതെങ്കിലും ദോഷകരമായ സോഫ്റ്റ്വെയര് പ്രവര്ത്തിക്കുന്നുണ്ട് എന്ന് ഇതിലൂടെ മനസിലാക്കാം.
ഫോണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില് നിങ്ങളുടെ ഫോണില് നിങ്ങളറിയാതെ ഡൗണ്ലോഡ് ചെയ്യപ്പെട്ട പല ആപ്പുകളും കാണപ്പെടും. മാത്രമല്ല ആപ്പുകള് തുറക്കാന് സമയമെടുക്കുകയാണെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.
നിങ്ങള് ആവശ്യപ്പെടാതെ തന്നെ ഫോണിലേക്ക് ടു ഫാക്ടര് ഒതന്റിഫിക്കേഷന് കോഡുകള് വരിക, മൊബൈല്ഫോണ് സ്ക്രീനിലേക്ക് പല പരസ്യങ്ങളും വരിക, ക്യാമറയുടെയോ മൈക്രോഫോണിന്റെയോ സെറ്റിംഗ്സ് മാറി കിടക്കുക ഇവയൊക്കെ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്.
നിങ്ങള് അയക്കാത്ത സന്ദേശങ്ങള് ലഭച്ചുവെന്ന് ആരെങ്കിലും പരാതിപറയുകയാണെങ്കില് ശ്രദ്ധിക്കുക. നിങ്ങളറിയാതെ സ്മാര്ട്ട് ഫോണിലെ ആപ്പുകള് ആരെങ്കിലും ഉപയോഗിച്ചതാകാം കാരണം.
Content Highlights :You can tell if your phone has been hacked by noticing certain changes in it