അപ്പ്ഡേഷന്റെ കാര്യത്തിൽ വാട്സ്ആപ്പിനെ വെല്ലാനൊരു മെസേജിങ് ആപ്ലിക്കേഷനില്ലെന്ന് ഓരോ തവണയും മെറ്റ തെളിയിക്കാറുണ്ട്. പല ആപ്ലിക്കേഷനുകളും വാട്സ്ആപ്പിന് ഭീഷണിയാവുമെന്ന റിപ്പോർട്ടുകൾ റിപ്പോർട്ടുകളായി തന്നെ തുടരുമ്പോൾ മറ്റൊരു പുത്തൻ ഫീച്ചറിന്റെ അപ്പ്ഡേഷൻ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യഘട്ടത്തിൽ പുത്തൻ ഫീച്ചറായ interoperability ഫീച്ചർ അഥവാ തേഡ് പാർട്ടി ചാറ്റ് ഫീച്ചർ ലോഞ്ച് ചെയ്യുക യൂറോപിലാകുമെന്ന് ഉറപ്പിച്ചിട്ടുണ്ട്.
തേഡ് പാർട്ടി ചാറ്റ് ഫീച്ചർ എന്താണെന്ന് നോക്കാം. യൂസർമാർക്ക് വ്യത്യസ്ത പ്ലാറ്റ്ഫോമിലുള്ള അവരുടെ സുഹൃത്തുക്കൾക്ക് സന്ദേശങ്ങൾ കൈമാറാൻ കഴിയുന്ന ഫീച്ചറാണിത്. വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റാ വേർഷൻ 2.25.33.8ൽ ഈ ഫീച്ചർ ശ്രദ്ധയിൽപ്പെട്ടതായി WABetaInfo റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ്സ് ആക്റ്റുമായി ചേർന്നു പ്രവർത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന നിലയിലേക്ക് ഈ ഫീച്ചർ എത്തിയെന്നാണ് വിവരം. ടെക് ഭീമനായ മെറ്റയെ, ഡിജിറ്റൽ മാർക്കറ്റിലെ അവരുടെ ആധിപത്യത്തിന്റെ അടിസ്ഥാനത്തിൽ 'ഗേറ്റ്കീപ്പേസ്' എന്ന നിലയിലാണ് ഡിജിറ്റൽ മാർക്കറ്റിങ് ആക്ടിൽ രേഖപ്പെടുത്തുന്നത്. മറ്റ് ആപ്പുകളുമായി ആരോഗ്യകരമായ മത്സരം ഉണ്ടാവുക എന്ന ലക്ഷ്യത്തോടെയാണ് തേഡ് പാർട്ടികൾക്ക് സർവീസുകൾ തുറന്നുകൊടുക്കാനുള്ള അവസരം ഒരുക്കുന്നതും.
വാട്സ്ആപ്പിലെ സെറ്റിങ്സ് - അക്കൗണ്ട് - തേഡ് പാർട്ടി ചാറ്റ്സ് ഓൺ വാട്സ്ആപ്പ് ടേൺഓൺ ചെയ്ത് കഴിഞ്ഞാൽ പുതിയ ഫീച്ചറിലൂടെ യൂസർമാർക്ക് മറ്റ് പ്ലാറ്റ്ഫോമിലുള്ള ആളുകളുമായി ആശയവിനിമയം നടത്താം. ഈ ഫീച്ചറിലൂടെ മെസേജുകൾ, ഫോട്ടോകൾ, വീഡിയോകൾ, വോയിസ് മെസേജുകൾ, ഡോക്യുമെന്റുകൾ എന്നിവ മറ്റ് ആപ്ലിക്കേഷനിലുള്ള ആളുകൾക്ക് അയക്കാൻ കഴിയും.
തേഡ് പാർട്ടി ആപ്പ് ചാറ്റിലെ മെസേജുകള് വാട്സ്ആപ്പ് ഇൻബോക്സിൽ തന്നെയോ അല്ലെങ്കിൽ വേറിട്ട മറ്റൊരു ഇൻബോക്സിലായോ ലഭ്യമാകും. ഒപ്പം മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള മെസേജുകളുടെ പുഷ് നോട്ടിഫിക്കേഷൻ, മീഡിയ അപ്പ്ലോഡ് ക്വാളിറ്റി, ഇൻ- ആപ്പ് അലർട്ട് എന്നിവ കസ്റ്റമൈസ് ചെയ്യാനും കഴിയും. നിലവിൽ BirdyChat മാത്രമാണ് വാട്സ്ആപ്പിന്റെ പുതിയ interoperability ഫീച്ചറിന്റെ ഭാഗമായിട്ടുള്ളത്.
പുതിയ ഫീച്ചറില് വാട്സ്ആപ്പ് നേരിട്ട് തേഡ് പാർട്ടി ആപ്ലിക്കേഷനുകളെ തീരുമാനിക്കുന്ന രീതിയല്ല ഉള്ളത്. തേർഡ് പാർട്ടി ഡെവലപ്പേഴ്സിന് ഇതിന്റെ ഭാഗമാകണമെങ്കിൽ അത് വാട്സ്ആപ്പിനോട് ആവശ്യപ്പെടാം. മാത്രമല്ല വാട്സ്ആപ്പിന്റെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുമെന്ന് ഉറപ്പുള്ള ആപ്ലിക്കേഷനുകൾക്ക് മാത്രമേ ഇതിന്റെ ഭാഗമാകാനും കഴിയു.
അതേസമയം പുതിയ ഫീച്ചറിൽ സ്റ്റാറ്റസ് അപ്പ്ഡേറ്റ്സ്, സ്റ്റിക്കറുകൾ, ഡിസ്അപ്പിയറിങ് മെസേജസ് എന്നീ ഫീച്ചറുകളൊന്നും ലഭ്യമാകില്ല. മാത്രമല്ല തേഡ്പാർട്ടി അപ്ലിക്കേഷൻ വഴി, വാട്സ്ആപ്പിൽ ബ്ലോക്കായ കോൺഡാക്ടുകളുമായി ആശയവിനിമയം നടത്താനും സാധിക്കില്ല.Content Highlights: You can now chat across platforms, here is Whatsapp new update