ചാറ്റ്ജിപിടി ഉപയോഗിക്കുന്ന രീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഓപ്പൺ എഐ. ഇനി ചാറ്റ്ജിപിടിക്ക് മെഡിക്കൽ, ലീഗൽ, ഫിനാൻഷ്യൽ ഉപദേശം നൽകാൻ കഴിയില്ല. അതായത് ഇനി ചാറ്റ്ജിപിടി ഔദ്യോഗികമായി അറിവ് പകരുന്ന ഉപകരണം മാത്രമായിരിക്കും. അതല്ലാതെ കൺസൾട്ടന്റായി ഇനി ഉപയോഗിക്കാൻ കഴിയില്ലെന്ന് സാരം. നിയന്ത്രങ്ങൾ വർധിച്ചുവരുന്നത് ഇതുമൂലം വലിയ ബാധ്യതകൾ ഉണ്ടാകുമെന്ന വീക്ഷണത്തിലാണ് പുതിയ തീരുമാനം.
പ്രൊഫഷണൽ സർട്ടിഫിക്കേഷൻ ആവശ്യമായ കൺസൾട്ടേഷനുകൾക്ക് ഉപയോക്താക്കൾക്ക് ചാറ്റ്ജിപിടിയെ ഇനി ആശ്രയിക്കാൻ കഴിയില്ല. ഇതിൽ മെഡിക്കൽ, ലീഗൽ, സാമ്പത്തിക തീരുമാനങ്ങൾ എന്നിവയുടെ ഉപദേശമൊന്നും ചോദിക്കാൻ കഴിയില്ല. ഇത് മാത്രമല്ല ഹൗസിങ്, വിദ്യാഭ്യാസം, കുടിയേറ്റം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് കൺസൾട്ടേഷൻ പാടില്ല.
ഇതിന്റെ അർത്ഥം ഇത്തരം വിഷയത്തിൽ ചാറ്റ്ജിപിടി മൗനം പാലിക്കുമെന്നല്ല. സാധാരണ രീതിയിലുള്ള കാര്യങ്ങൾക്ക് മാത്രം മറുപടി നൽകും. അതേസമയം പേഴ്സണലൈസ്ഡായ, പ്രൊഫഷണൽ രീതിയിലുള്ള ഒരു ഉപദേശവും ചാറ്റ്ജിപിടി നൽകില്ല. എഐ സഹായത്തിലുള്ള പേഴ്സണൽ അല്ലെങ്കിൽ ഫേഷ്യൽ റെക്കഗ്നിഷനും പുതിയ തീരുമാനപ്രകാരം നിയന്ത്രിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് അപകടങ്ങളൊന്നും സംഭവിക്കാതിരിക്കാനുള്ള ഒരു സുരക്ഷ മാർഗമെന്ന നിലയിലാണ് ഈ തീരുമാനമെന്ന് ഓപ്പൺ എഐ പറയുന്നു.
ചാറ്റ്ജിപിടി ഇനി സാധാരണ കാര്യങ്ങൾ മാത്രമേ വിശദീകരിക്കുകയുള്ളു. മാത്രമല്ല കൂടുതൽ കാര്യങ്ങളറിയാൻ പ്രൊഫഷണലായ ആൾക്കാരെ സമീപിക്കാനുള്ള നിർദേശമാകും നൽകുക. ഇനി ഒരിക്കലും മരുന്നുകളോ, അവ കഴിക്കാവുന്നതിന്റെ അളവുകളോ, ഇൻവെസ്റ്റ്മെന്റ് ടിപ്പുകളോ നിർദേശങ്ങളോ അതുമല്ലെങ്കിൽ നിയമപരമായ നൽകേണ്ട പരാതികൾ പെറ്റീഷുകൾ എന്നവയുടെ മുൻകൂട്ടി തയ്യാറാക്കിയ രേഖകൾ ഒന്നും ലഭിക്കില്ല. മെഡിക്കൽ ഉപദേശങ്ങൾ തേടാൻ പലരും ചാറ്റ്ജിപിടിയെ ആശ്രയിക്കുകയും പലതും വലിയ അബദ്ധങ്ങളാവുകയും ചെയ്തതോടെ പരാതികൾ ഉയർന്നിരുന്നു.
ആത്മഹത്യയ്ക്ക് പ്രേരണ നൽകുന്നു, മാനസിക ആരോഗ്യം തകർക്കുന്നു തുടങ്ങിയ പരാതികൾ ഉന്നയിച്ച് അമേരിക്കയിലും കാനഡയിലും ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിക്കെതിരെ ഏഴോളം കുടുംബങ്ങൾ കോടതിയെ സമീപിച്ചിരുന്നു. കാലിഫോർണിയയിലെ കോടതികളിൽ ഫയൽ ചെയ്ത ഏഴ് കേസുകൾ ചൂണ്ടിക്കാണിച്ച് വാൾ സ്ട്രീറ്റ് ജേർണലാണ് ഇത് റിപ്പോർട്ട് ചെയ്തത്. ചാറ്റ്ബോട്ടുമായി ദീർഘനേരം ആശയവിനിമയം നടത്തുന്ന ആളുകളെ ഭ്രമാത്മകമായ അവസ്ഥകളിലേക്ക് തള്ളിവിടുകയും ചിലപ്പോൾ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പരാതിയിൽ ഉള്ളത്. ആത്മഹത്യാ പ്രേരണ, സ്വമേധയാ ഉള്ള നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തണമെന്നാണ് പരാതിയിൽ ഉള്ളത്. നിലവിൽ നാല് കേസുകളിൽ കുടുംബാംഗങ്ങളുടെ ആത്മഹത്യകളിൽ ചാറ്റ്ജിപിടിയുടെ പങ്കിനെക്കുറിച്ചാണ് പറയുന്നത്. മൂന്നെണ്ണം ചാറ്റ്ജിപിടി മാനസികാരോഗ്യം തകർത്തുവെന്ന പരാതിയാണ് മുന്നോട്ട് വെയ്ക്കുന്നത്.
ആത്മഹത്യാ പ്രവണതയുള്ള ആളുകളെ അതിൽ നിന്ന് പിന്തിരിപ്പിക്കാതെ അവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ചാറ്റ്ജിപിടി സ്വീകരിക്കുന്നതെന്ന നിരവധി പരാതികൾ ചാറ്റ്ജിപിടിക്ക് എതിരെയുണ്ട്. ഒരു ദശലക്ഷത്തിലധികം ആളുകൾ ചാറ്റ്ജിപിടിയോട് ആഴ്ചതോറും ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നുവെന്ന കണക്കുകൾ ഓപ്പൺഎഐ അടുത്തിടെ പുറത്തിറക്കിയതിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.Content Highlights: ChatGPt will no longer give advice realated to medical, legal and financial matters