എഐയുടെ കടന്നു കയറ്റം; കൂട്ട പിരിച്ചു വിടല്‍ നടത്തി ആമസോണ്‍

ഏകദേശം 14,000 കോര്‍പ്പറേറ്റ് തസ്തികകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിരിച്ചുവിടലുകള്‍

കഴിഞ്ഞ ചൊവ്വാഴ്ച ആയിരത്തോളം ആമസോണ്‍ ജീവനക്കാര്‍ ഉറക്കമുണര്‍ന്നു കണ്ടത് അവരുടെ ജോലി പോയെന്ന വാര്‍ത്തയാണ്. ജോലിക്കായി ഓഫീസിലെത്തുന്നതിനു മുമ്പ് തന്നെ ജോലി നഷ്ടമായെന്ന അറിയിപ്പ് അവര്‍ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പുറത്തു വരുന്ന വിവരം അനുസരിച്ച് മെയില്‍ വഴിയാണ് ഇവര്‍ക്കു ജോലി നഷ്ടപ്പെട്ട സന്ദേശം ലഭിച്ചിരിക്കുന്നത്. ഏകദേശം 14,000 കോര്‍പ്പറേറ്റ് തസ്തികകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിരിച്ചുവിടലുകള്‍ ഉണ്ടായിരിക്കുന്നത്.

ആമസോണ്‍ എച്ച് ആറില്‍ നിന്ന് ഇവര്‍ക്കു ലഭിച്ച മെമ്മോയില്‍ 90 ദിവസത്തേക്കുള്ള സാലറിയും ആനുകൂല്യങ്ങളും പിരിച്ചു വിടലിന്റെ ഭാഗമായുള്ള പാക്കേജും ഇവര്‍ക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എഐയുടെ പെട്ടെന്നുള്ള കടന്നു കയറ്റമാണ് ഇവരുടെ ജോലി നഷ്ടപ്പെടാനുള്ള പ്രധാന കാരണം.

'ലോകം വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് നമ്മള്‍ ഓര്‍മ്മിക്കേണ്ടത്. ഇന്റര്‍നെറ്റിന് ശേഷം നമ്മള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വേഗത്തില്‍ വളര്‍ന്നു വരുന്ന സാങ്കേതികവിദ്യയാണ് ഈ തലമുറയിലെ എഐ. കൂടാതെ ഇത് കമ്പനികളെ മുമ്പത്തേക്കാള്‍ വളരെ വേഗത്തില്‍ നവീകരിക്കാനും പ്രാപ്തമാക്കുന്നു'- ആമസോണ്‍ വൈസ് പ്രസിഡന്റ്‌ ഗാലെറ്റി പറഞ്ഞു.

ടെക് മേഖലയിലുടനീളം പ്രധാന കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കുകയാണ്. 2025ല്‍ ഏകദേശം 15,000 തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. മെറ്റയും സമാനമായ നടപടികള്‍ സ്വീകരിച്ചു. എഐയുമായി ബന്ധപ്പെട്ട പിരിച്ചുവിടലുകള്‍ നടപ്പിലാക്കുകയും അതിന്റെ റിസ്‌ക് ഡിവിഷനിലെ ജീവനക്കാരുടെ സ്ഥാനങ്ങള്‍ ഓട്ടോമേഷന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയാണെന്ന് മെറ്റ അറിയിക്കുകയും ചെയ്തു.

Content Highlights: Amazon Employees Were Laid Off

To advertise here,contact us