ഐഫോണിന്റെ ചിറകിലേറി രാജ്യത്തെ കയറ്റുമതി രംഗത്ത് ഇലക്ട്രോണിക്സ് മേഖല വൻ കുതിച്ചുചാട്ടം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. പെട്രോളിയം ഉത്പ്പന്നങ്ങളെ മറികടന്ന് ഇലക്ട്രോണിക്സ് മേഖല ഉടൻതന്നെ രണ്ടാം സ്ഥാനത്തേക്കെത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇലക്ട്രോണിക്സ് മേഖലയുടെ ഈ വളർച്ചയ്ക്ക് ഇന്ധനം പകരുന്നതാകട്ടെ ഐഫോണും.
കയറ്റുമതിയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ ഉള്ളത്. റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറുകയാണ് എന്ന വാർത്തകൾ വന്നുകൊണ്ടിരിക്കെ വരും വർഷങ്ങളിൽ പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ ഇടിവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഇലക്ട്രോണിക്സ് കയറ്റുമതി രണ്ടാം സ്ഥാനത്തെത്തിയേക്കും. 2026 സാമ്പത്തിക വർഷത്തെ ആദ്യ ആറ് മാസത്തെ കണക്കുകൾ പരിശോധിച്ചാൽ ഇലക്ട്രോണിക്സ് മേഖലയിൽ രേഖപ്പെടുത്തിയിട്ടുള്ളത് റെക്കോർഡ് കയറ്റുമതിയാണ്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇലക്ട്രോണിക്സ് കയറ്റുമതി 42% വർദ്ധിച്ച് 22.2 ബില്യൺ ഡോളറിലെത്തി നിൽക്കുകയാണ്.
ഇലക്ട്രോണിക്സ് കയറ്റുമതി വർധിക്കാനുള്ള പ്രധാന കാരണം ആപ്പിൾ ഐഫോൺ ആണ്. കയറ്റുമതിയുടെ പകുതിയും ഐഫോൺ ആണ് എന്നതാണ് അതിന് കാരണം. 2022 സാമ്പത്തിക വർഷത്തിൽ കയറ്റുമതി പട്ടികയിൽ ഇലക്ട്രോണിക്സ് മേഖല 7-ാം സ്ഥാനത്തായിരുന്നു. മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തിൽ, ഏറ്റവും വേഗത്തിൽ വളർന്ന 10 മേഖലകളിൽ ഒന്നാമനായിരുന്നു ഇലക്ട്രോണിക്സ്.
മൂന്ന് വർഷത്തിനുള്ളിലാണ് ഇലക്ട്രോണിക്സ് മേഖല ഇരട്ടി വളർച്ച കൈവരിച്ചത്. 2024 -25 സാമ്പത്തികവർഷത്തിൽ രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ കയറ്റുമതിയെ പിന്നിലാക്കിയാണ് ഇലക്ട്രോണിക്സ് മേഖല മൂന്നാം സ്ഥാനം കൈവരിച്ചത്. ആറുമാസത്തെ കണക്കനുസരിച്ച് പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി 16.4% കുറഞ്ഞ് 30.6 ബില്യൺ ഡോളറിലെത്തിയിരിക്കുകയാണ്. ഇലക്ട്രോണിക്സ് മേഖല ഈ കുതിപ്പ് തുടരുകയാണെങ്കിൽ ഉടൻതന്നെ രണ്ടാംസ്ഥാനത്തെത്തിയേക്കും. കൃത്യമായി വളർച്ച രേഖപ്പെടുത്തിപ്പോകുന്ന എഞ്ചിനീയറിംഗ് ഉത്പന്നങ്ങളാണ് ഒന്നാമത്.
Content Highlights: indias electronic sector to see rise with iphone exports