വർഷങ്ങൾക്ക് മുമ്പ് 'സാം സങ്' എന്ന പേര് സ്വന്തം നിലനിൽപ്പിന് തന്നെ ഭീഷണിയായ ഒരു യുവാവ് ഇന്റർനെറ്റിൽ വൈറലായിരുന്നു. ഒടുവിൽ തന്റെ സ്വകാര്യതയ്ക്കായി അദ്ദേഹത്തിന് സ്വന്തം പേര് തന്നെ മാറ്റേണ്ടി വന്നു. സ്വന്തം പേര് ആഗോള ടെക് ഭീമന്മാരുടെ മത്സരവുമായി കൂടിക്കലരുമെന്ന് പാവം സാം സങ്ങ് ഒരിക്കലും കരുതിയിരിക്കില്ല. എന്നാൽ സാം സങ്ങിന് സംഭവിച്ചത് ആകസ്മികമായ കാര്യങ്ങളായിരുന്നു.
ജീവിതം കരുപ്പിടിപ്പിക്കാൻ സാം സങ്ങിന് ആപ്പിളിൻ്റെ സ്റ്റോറിൽ ജോലിക്ക് കയറേണ്ടി വന്നതാണ് കാര്യങ്ങൾ തടിടം മറിച്ചത്. സാം സങ് എന്ന പേരുകാരൻ ആപ്പിൾ സ്റ്റോറിൽ ജോലിക്ക് കയറിയാൽ എന്താണ് കുഴപ്പമെന്നാണോ ചിന്തിക്കുന്നത്. ആപ്പിളിൻ്റെ ഏറ്റവും വലിയ എതിരാളിയാരെന്ന ചോദ്യത്തിന് ആദ്യത്തെ ഉത്തരം സാംസങ് എന്നതാണ്. അതിനാൽ തന്നെ ആ എതിരാളിയുടെ പേരുള്ള ആൾ ജോലിചെയ്യാൻ ആപ്പിൾ സ്റ്റോറിൽ എത്തിയത് തന്നെയാണ് കൗതുകം. =ആ കൗതുകം പക്ഷേ സാം സങ് എന്ന മനുഷ്യന് ഉണ്ടാക്കിയ തലവേദന ചില്ലറയല്ല.
2012ൽ സാം സങിന്റെ ബിസിനസ് കാർഡ് ആരോയെടുത്ത് ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തു. സാധാരണയായ ഒരു തമാശയായേ അദ്ദേഹം ഇതിനെ കരുതിയുള്ളു. പക്ഷേ ഒരു ഘട്ടത്തിൽ ഇത് തന്റെ ജോലി തന്നെ നഷ്ടപ്പെടുമെന്ന സ്ഥിതിയാണ് ഉണ്ടാക്കിയതെന്ന് ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ സങ് പറയുന്നു. കാനഡയിലെ വാന്കൂവറിലുള്ള ആപ്പിൾ സ്റ്റോറിലെത്തുന്ന കസ്റ്റമർമാരെ സഹായിക്കുന്ന ജോലിയാണ് സങ് ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ബിസിനസ് കാർഡ് വൈറലായതോടെ സാം സങിന്റെ ഫോണിലേക്ക് പത്രക്കാരുടെ ഉൾപ്പെടെ കോളുകൾ വന്നുതുടങ്ങി. തീർന്നില്ല കൂട്ടമായി ആപ്പിളിലെ 'സാം സങി'നെ കാണാൻ ആളുകളും എത്തിത്തുടങ്ങി. ഇതോടെ സ്റ്റോർ ഫ്ളോറിൽ നിന്നും ആപ്പിൾ മറ്റൊരു വിഭാഗത്തിലേക്ക് സങിനെ മാറ്റി. ആരുവന്നാലും സങിനെ പരിചയപ്പെടുത്തരുതെന്ന് വരെ കമ്പനി ജീവനക്കാരോട് നിർദേശിച്ചു. സങിനെ തേടിയെത്തിയവരുടെ മുന്നിൽ മറ്റൊരാളായി അദ്ദേഹത്തിന് അഭിനയിക്കേണ്ടി വന്ന സാഹചര്യം പോലും ഉണ്ടായി.
2013ൽ ആപ്പിൾ നിന്നും ഇറങ്ങിയ സങ്, തന്റെ പഴയ ബിസിനസ് കാർഡ് ലേലത്തിൽ വച്ച് ചാരിറ്റിക്കായി പണം സമ്പാദിച്ചു. ഇപ്പോഴും പേരിലെ ഈ പ്രശ്നം തന്റെ വ്യക്തിജീവിതത്തെ ബാധിക്കുന്ന തരത്തിലേക്ക് മാറുന്നത് മനസിലാക്കി പേര് മാറ്റാനും അദ്ദേഹം നിർബന്ധിതനായി. സ്കോട്ട്ലെന്റിലെ ഒരു സ്ഥലത്തിന്റെ പേരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സ്ട്രൂവൻ എന്ന പേര് അദ്ദേഹം സ്വീകരിച്ചു. ഒരു ഇന്റർനെറ്റ് തമാശയായി തുടരാൻ ആഗ്രഹമില്ലെന്നാണ് അദ്ദേഹം പറയുന്നത്.Content Highlights: Meet a man named Sam Sung Once an employee in Apple