ഇനി മനുഷ്യന് പണിയെടുക്കേണ്ടി വരില്ല, ഭാവിയിൽ ജോലി ഓപ്ഷനാകും: എഐയെ കുറിച്ച് പ്രവചിച്ച് ഇലോൺ മസ്‌ക്

ആമസോണില്‍ വരും വര്‍ഷങ്ങളില്‍ 5 ലക്ഷത്തിലധികം ജോലികള്‍ ഓട്ടോമേറ്റ് ചെയ്യാന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് മസ്‌കിന്റെ പ്രവചനം

നിര്‍മ്മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പല മേഖലകളിലും ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇതിനോടകം തന്നെ എഐയുടെ ഭാവിയെ പറ്റിയും മനുഷ്യനെ അത് എങ്ങനെ ബാധിക്കുമെന്നും ഉള്‍പ്പടെയുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. ജോലി സ്ഥലങ്ങളില്‍ ഉള്‍പ്പടെ എഐ മനുഷ്യനെ പലയിടങ്ങളിലും റീപ്ലേസ് ചെയ്യുമെന്ന ആശങ്കയും ആഗോളതലത്തില്‍ ഉയരുന്നുണ്ട്. ഈ ആശങ്ക നിലനില്‍ക്കെ എഐ എങ്ങനെയാകും ലോകത്തെ മാറ്റിമറിക്കുക എന്നതിനെ കുറിച്ച് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാട് പങ്കുവെച്ചിരിക്കുകയാണ് ഇലോണ്‍ മസ്ക്.

എല്ലാ ജോലികളെയും മാറ്റിസ്ഥാപിക്കാന്‍ എഐ-യും റോബോട്ടുകളും വരുമെന്നും ഇത് ഭാവിയില്‍ ജോലി എന്നത് ഒരു ഓപ്ഷനാക്കി മാറ്റുമെന്നും മസ്‌ക് പറയുന്നു. ആമസോണില്‍ വരും വര്‍ഷങ്ങളില്‍ 5 ലക്ഷത്തിലധികം ജോലികള്‍ ഓട്ടോമേറ്റ് ചെയ്യാന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് മസ്‌കിന്റെ പ്രവചനം. പിക്കിംഗ്, പാക്കിംഗ്, ഡെലിവറി തുടങ്ങിയ മേഖലകളില്‍ 5 ലക്ഷത്തിലധികം ആളുകള്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മസ്കിന്‍റെ പ്രതികരണം.

'എഐയും റോബോട്ടുകളും എല്ലാ ജോലികളെയും മാറ്റിസ്ഥാപിക്കും. കടയില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങുന്നതിന് പകരം സ്വന്തമായി പച്ചക്കറി കൃഷി ചെയ്യുന്നത് പോലെ ജോലി ചെയ്യുന്നത് ഓപ്ഷണലായി മാറും' മസ്‌ക് എക്‌സില്‍ കുറിച്ചു.

2027 ആകുമ്പോഴേക്കും യുഎസില്‍ കുറഞ്ഞത് 1,60,000 തൊഴിലവസരങ്ങളും 2033 ആകുമ്പോഴേക്ക് 6 ലക്ഷത്തിലധികം തൊഴിലവസരങ്ങളും ഇല്ലാതാകുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വെയര്‍ഹൗസുകളിലെ പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റഡ് ആക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ മാറ്റം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത് വലിയ ആശങ്കയാണ് ആളുകളില്‍ ഉണ്ടാക്കിയിരിക്കുന്നത്. മറ്റ് മേഖലകളിലും തൊഴിലാളികള്‍ക്ക് പകരം എഐ വരുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ മനുഷ്യര്‍ക്ക് ഒരു ജോലിയും ചെയ്യേണ്ട ആവശ്യമില്ലാത്ത കാലമാണ് വരാന്‍ പോകുന്നത് എന്നാണ് മസ്കിന്‍റെ പ്രവചനം.

Content Highlights: 'In the future, going to work will be an option, AI will replace everyone; Musk predicts

To advertise here,contact us