'ബ്രൗസർ യുദ്ധം' തീവ്രം; ക്രോമിനെ കടത്തിവെട്ടാൻ ഓപ്പൺഎഐ 'അറ്റ്‌ലസ്' എത്തുന്നു; മത്സരം കടുക്കും

ആപ്പിൾ ലാപ്ടോപ്പുകളിലാണ് ആദ്യം അറ്റ്‌ലസ് ബ്രൗസർ ലഭ്യമാകുക

ലോകത്ത് ബ്രൗസർ യുദ്ധം കടുക്കുകയാണ്. പ്രധാനപ്പെട്ട എഐ കമ്പനികളെല്ലാം തങ്ങളുടെ ബ്രൗസറുകൾ പുറത്തിറക്കുന്ന തിരക്കിലാണിപ്പോൾ. ചിലരാകട്ടെ അവ ലോഞ്ച് ചെയ്ത് കഴിഞ്ഞു. പെർപ്ലക്സിറ്റി അടക്കമുള്ളവർ നേരത്തെതന്നെ അവരുടെ ബ്രൗസർ ലോഞ്ച് ചെയ്തുകഴിഞ്ഞു. ഇപ്പോഴിതാ ചാറ്റ്ജിപിടിയും തങ്ങളുടെ ബ്രൗസർ പുറത്തിറക്കുകയാണ്.

അറ്റ്ലസ് എന്നാണ് ചാറ്റ്ജിപിടി പുറത്തിറക്കുന്ന ബ്രൗസറുടെ പേര്. നിലവിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ക്രോം ബ്രൗസറിന് വലിയ വെല്ലുവിളി ഉയർത്തിയേക്കാവുന്ന നീക്കമാണ് ഓപ്പൺഎഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇരു ബ്രൗസറുകളും തമ്മിൽ നേരിട്ടുള്ള മത്സരം ഉണ്ടാകും എന്ന് മാത്രമല്ല, ഓപ്പൺഎഐയെ ഈ നീക്കം ഇൻ്റർനെറ്റ് ട്രാഫിക്കും ഡിജിറ്റൽ പരസ്യത്തിൽ നിന്നുളള വരുമാനം വർധിക്കാനും സഹായിക്കും.

ആപ്പിൾ ലാപ്ടോപ്പുകളിലാണ് ആദ്യം അറ്റ്‌ലസ് ബ്രൗസർ ലഭ്യമാകുക. പിന്നീട് വിൻഡോസുകളിലും ആൻഡ്രോയ്ഡ് ഫോണുകളിലും ലഭിക്കും. ബ്രൗസറിന്റെ യഥാർത്ഥ ദൗത്യം എന്താണെന്നും അവ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും മനസിലാക്കാനുള്ള, പതിറ്റാണ്ടിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണ് ഇതെന്നാണ് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ പറഞ്ഞത്.

വലിയ പ്രതിസന്ധിയാണ് അറ്റ്‌ലസിനെ കാത്തിരിക്കുന്നത്. ഗൂഗിൾ ക്രോമിന് അറ്റ്‌ലസ് കനത്ത വെല്ലുവിളി ഉണ്ടാക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ ക്രോമിൻ്റെ യൂസർ ബേസും സ്വീകാര്യതയും ഏവരും വിചാരിക്കുന്നതിനും അപ്പുറമാണ് എന്നതും മറ്റും അറ്റ്ലസിന് വെല്ലുവിളിയായേക്കുമെന്നും വിലയിരുത്തലുണ്ട്. നിലവിൽ ലോകമെമ്പാടും 3 ബില്യൺ ആളുകൾ ക്രോം ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകൾ.

എന്നാൽ അറ്റ്‌ലസിനെ പ്രചോദിപ്പിക്കുന്ന ഒരു ചരിത്രസംഭവം അവർക്ക് മുൻപിലുണ്ട്‌. 2008ൽ ക്രോമും സമാനമായ ഒരവസ്ഥയ്ക്കിടയിലാണ് പുറത്തിറങ്ങിയത്. മൈക്രോസോഫ്റ്റിൻ്റെ ഇൻ്റർനെറ്റ് എക്സ്പ്ലോറർ മാർക്കറ്റിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചിരുന്ന സമയത്താണ് ക്രോം ലോഞ്ച് ചെയ്യപ്പെട്ടത്. ഏവരും അധികകാലം നിലനിൽക്കില്ല എന്ന് വിധിയെഴുതിയെങ്കിലും പിന്നീട് ആ പ്രതിബന്ധങ്ങളെയെല്ലാം ഭേദിച്ച് ക്രോം വെന്നിക്കൊടി പാറിച്ച കാഴ്ചയാണ് നാം കണ്ടത്. ഒടുവിൽ മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലോറർ ഉപേക്ഷിക്കുകയും എഡ്ജ് എന്ന ബ്രൗസർ തുടങ്ങുകയും ചെയ്തിരുന്നു.

ബ്രൗസർ യുദ്ധം കടുക്കുമെന്ന് വിലയിരുത്താൻ ഇനിയും കാരണങ്ങളുണ്ട്. എഐ കമ്പനിയായ പെർപ്ലെക്സിറ്റി ഈ വർഷമാണ് കോമെറ്റ് എന്ന തങ്ങളുടെ ബ്രൗസർ പുറത്തിറക്കിക്കിയത്. ക്രോം വാങ്ങാനും ഇവർക്ക് പദ്ധതിയുണ്ടായിരുന്നു. ഈ രീതിയിൽ ബ്രൗസർ യുദ്ധം കനത്താൽ സെർച്ച് ബാറുകൾക്ക് പകരം ചാറ്റ്ബോട്ട് ഇന്റർഫേസ് വരുന്ന കാലം വിദൂരമല്ല എന്നാണ് വിലയിരുത്തൽ.

Content Highlights: Chatgpt atlas browser comes out with competition to chrome

To advertise here,contact us